|    Mar 26 Sun, 2017 10:25 pm
FLASH NEWS

മനുഷ്യജീവന്‍ ബലികൊടുത്തല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നു കേന്ദ്രമന്ത്രി

Published : 31st July 2016 | Posted By: SMR

ന്യൂഡല്‍ഹി: മനുഷ്യജീവന്‍ ബലികൊടുത്തല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നും എല്ലാവരും ഇങ്ങനെ പശുവിനെ സംരക്ഷിക്കാനിറങ്ങിയാല്‍ മനുഷ്യജീവന്‍ ആരു സംരക്ഷിക്കുമെന്നും കേന്ദ്ര സാമൂഹികക്ഷേമ, ശാക്തീകരണ സഹമന്ത്രി രാംദാസ് ബന്ധു അത്തവാലെ. ദലിതുകള്‍ ബുദ്ധമതം സ്വീകരിക്കുകയാണു വേണ്ടതെന്നും ഒരു ദേശീയ ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അത്തവാലെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവായ അത്തവാലെ സമീപകാലത്തുണ്ടായ പുനസ്സംഘടയിലാണു മന്ത്രിസഭയിലെത്തിയത്. പശുവിന്റെ തോലുരിച്ചതിന് ദലിതുകളെ ആക്രമിച്ച സംഭവം ഗൗരവമുള്ളതാണ്. അക്രമത്തിലൂടെയല്ല പശുവിനെ സംരക്ഷിക്കേണ്ടത്. നിയമം കൈയിലെടുക്കുന്ന ഇത്തരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണം. ഇനിയങ്ങനെയുണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപിയോ ദലിത് വിരുദ്ധരല്ലെന്ന് അത്തവാലെ പറഞ്ഞു. രോഹിത് വെമുലയുടെ വിഷയം ഗൗരവമുള്ളതാണ്. ദലിതുകളോ അല്ലാത്തവരോ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടാവരുത്. പശുക്കളെ കൊല്ലുന്നതിനെതിരായ ചിലരുടെ വികാരം നമുക്കു പരിഗണിക്കാം.
ഞാന്‍ ഹിന്ദുവല്ല, ബുദ്ധമത വിശ്വാസിയാണ്. എന്നാലും മറ്റുള്ളവരുടെ വിശ്വാസം പരിഗണിച്ച് നമുക്കു പശുവിനെ കൊല്ലാതിരിക്കാം. മറ്റു ജാതിക്കാരെ വിവാഹം ചെയ്താലുണ്ടാവുന്നതുള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ ദലിതുകള്‍ നേരിടുന്നുണ്ട്. തങ്ങളുടെതല്ലാത്ത തെറ്റിന് പോലിസ് പീഡിപ്പിക്കുന്നുണ്ട്. അതോടൊപ്പമാണ് ഇപ്പോള്‍ പശുവുമായി ബന്ധപ്പെട്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.
അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടതു ചെയ്യണം. രാജ്യത്തെ ജാതിവ്യവസ്ഥ ഇല്ലാതാക്കുകയും അതോടൊപ്പം ഇതരജാതിക്കാര്‍ തമ്മിലുള്ള വിവാഹം പ്രോല്‍സാഹിപ്പിക്കുകയും വേണം. ഞാനൊരു ബ്രാഹ്മണ സ്ത്രീയെയാണ് വിവാഹം ചെയ്തത്. അവരുടെ കുടുംബം എന്നെ കൊല്ലാന്‍ വന്നിട്ടില്ല. ആര്‍എസ്എസ് ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരാവാം. മോദിയുടെ ഗാന്ധിനഗറിലെ വീട്ടില്‍ ബുദ്ധപ്രതിമയുണ്ട്. പാര്‍ലമെന്റില്‍ ബുദ്ധപ്രതിമ സ്ഥാപിക്കണമെന്ന്  ആഗ്രഹമുണ്ടെന്നും അത്തവാലെ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക