|    Apr 23 Mon, 2018 3:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മനുഷ്യക്കടത്ത് വിരുദ്ധ ബില്ല് ശീതകാല സമ്മേളനത്തില്‍; ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാവും

Published : 28th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മനുഷ്യക്കടത്തിന് ജീവപര്യന്തം തടവ്‌വരെ ശുപാര്‍ശ ചെയ്യുന്ന പുതിയ ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. മനുഷ്യക്കടത്തു തടയുന്നതിനുപുറമെ ഇരകളുടെ സുരക്ഷിതത്വവും പുനരധിവാസവും ഉറപ്പുവരുത്തുന്നതാണ് ബില്ല്. മനുഷ്യക്കടത്ത് (തടയലും സംരക്ഷണവും പുനരധിവാസവും) ബില്ല് 2016 എന്ന പേരിലുള്ള കരട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം കേന്ദ്രമന്ത്രിസഭയുടെ അംഗീകരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്ല് അടുത്തമാസം തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മനുഷ്യക്കടത്തിന്റെ ഇരകള്‍ പ്രായപൂര്‍ത്തിയെത്താത്തവരോ മറ്റേതെങ്കിലും വിധത്തില്‍ പ്രത്യേക പരിഗണന ലഭിക്കേണ്ടവരോ ആണെങ്കിലും ദേവദാസി സമ്പ്രദായം പോലുള്ള സംസ്‌കാരവുമായി ബന്ധപ്പെട്ട് ആണെങ്കിലും കുറ്റവാളിക്ക് പരമാവധി ജീവപര്യന്തം തടവാണ് ബില്ലില്‍ പറയുന്നത്.
വിദേശരാജ്യങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ മനുഷ്യക്കടത്തു നടക്കാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം അവസരങ്ങള്‍ ഇല്ലാതാക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളും കരടിലുണ്ട്. കുറ്റക്കാര്‍ക്ക് ഏഴുവര്‍ഷമോ അതില്‍കൂടുതലോ കഠിനതടവാണ് കരട്ബില്ല് ശുപാര്‍ശ ചെയ്യുന്നത്. ഇത് പത്തുവര്‍ഷം വരെ ഉയര്‍ത്തുകയുമാവാം. മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം, പ്രത്യേക വിചാരണാ കോടതികള്‍, ഇരകള്‍ക്ക് സംരക്ഷണം, അവരുടെ പുനരധിവാസം എന്നിവ സംബന്ധിച്ചു പഴുതടച്ചുള്ള നിര്‍ദേശങ്ങളാണ് കരടിലുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്‍സികള്‍ക്കു മാത്രമേ വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ അധികാരമുണ്ടായിരിക്കൂകയുള്ളു. മനുഷ്യക്കടത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് സംയുക്തമായി ഇരകളെ പുനരധിവസിപ്പിക്കും. ഇതുസംബന്ധിച്ച കേസുകള്‍ കൈകാര്യംചെയ്യാന്‍ ദേശീയ മനുഷ്യക്കടത്ത് അന്വേഷണ ബ്യൂറോ രൂപീകരിക്കാനും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ വരുന്ന ഈ സ്ഥാപനത്തിന്റെ ചുമതല എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്നും കരട് ശുപാര്‍ശചെയ്യുന്നു.
ലോകത്ത് ഏറ്റവുമധികം മനുഷ്യക്കടത്ത് നടക്കുന്ന പ്രദേശങ്ങളില്‍ രണ്ടാംസ്ഥാനം ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യക്കെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപോര്‍ട്ട്.
ദേശീയ െ്രെകം റിക്കാര്‍ഡ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുപ്രകാരം 2014ല്‍ 5,466 മനുഷ്യക്കടത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചു വര്‍ഷത്തിനിടയില്‍ കേസില്‍ 90 ശതമാനം വര്‍ധനവുണ്ടായി. ലൈംഗികത്തൊഴില്‍, അടിമപ്പണി, ഭിക്ഷാടനം തുടങ്ങിയവക്കായി ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇന്ത്യയിലും നേപ്പാളിലും ബംഗ്ലാദേശിലും മനുഷ്യക്കടത്തിന് വിധേയമാവുന്നത്. മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിലവിലെ ഇമ്മോറല്‍ ട്രാഫിക്കിങ് (പ്രിവന്‍ഷന്‍) ആക്ട്1956ല്‍ നിരവധി പോരായ്മകളുണ്ടെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss