|    Mar 29 Wed, 2017 12:40 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മനുഷ്യക്കടത്ത് തടയാന്‍ ഖത്തറില്‍ കമ്മിറ്റി രൂപീകരിക്കും

Published : 14th October 2016 | Posted By: SMR

ദോഹ: ഖത്തറില്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള കമ്മിറ്റി രൂപീകരിക്കാന്‍ പദ്ധതി തയ്യാറാക്കി. ഇത് സംബന്ധമായി തൊഴില്‍ മന്ത്രാലയം നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. മനുഷ്യക്കടത്തിനെ നേരിടുന്നതിനുള്ള ദേശീയ പദ്ധതി തയ്യാറാക്കുകയും ഈ വിഷയത്തില്‍ ഖത്തര്‍ നടത്തുന്ന ശ്രമങ്ങളുടെ വാര്‍ഷിക റിപോര്‍ട്ട് തയ്യാറാക്കുകയുമായിരിക്കും കമ്മിറ്റിയുടെ ദൗത്യം.
മനുഷ്യക്കടത്ത് തടയുന്നതിന് ആവശ്യമായ സംഗതികള്‍ ചെയ്യുന്നതിനുള്ള വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും അമേരിക്കന്‍ സര്‍ക്കാരിന്റെ വാച്ച് ലിസ്റ്റില്‍ ഖത്തര്‍ ഇടംപിടിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ 2016ലെ ട്രാഫിക് ഇന്‍ പേഴ്‌സണ്‍സ് റിപോര്‍ട്ട് പ്രകാരം പ്രശ്‌നം പരിഹരിക്കുന്നതില്‍ ഖത്തര്‍ കാര്യമായ ശ്രമം നടത്തുന്നുണ്ടെന്നും എന്നാല്‍, ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധിത തൊഴിലിനോ നിര്‍ബന്ധിത ലൈംഗിക വൃത്തിക്കോ ആയി ഒരു വ്യക്തിയെ റിക്രൂട്ട് ചെയ്യുക, കടത്തുക, പാര്‍പ്പിക്കുക, നല്‍കുക, ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് മനുഷ്യക്കടത്തിന്റെ പരിധിയില്‍ വരുന്നതെന്ന് അമേരിക്കന്‍ റിപോര്‍ട്ടില്‍ പറയുന്നു.
2011ലെ മനുഷ്യക്കടത്ത് വിരുദ്ധ നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കണമെന്ന് റിപോര്‍ട്ട് ആഹ്വാനം ചെയ്യുന്നു. കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 2,30,000 റിയാല്‍വരെ പിഴയുമാണ് നിയമത്തില്‍ അനുശാസിക്കുന്നത്. ഈ നിയമ പ്രകാരം കഴിഞ്ഞ വര്‍ഷം ആദ്യമായി 11 പേര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുന്ന സ്‌പോണ്‍സര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുക, ഖത്തറിലെത്തി ഒരാഴ്ചയ്ക്കകം തങ്ങളുടെ തൊഴിലാളികള്‍ക്ക് കമ്പനികള്‍ റസിഡന്‍സി പെര്‍മിറ്റ് ലഭ്യമാക്കുക, വീട്ടുജോലിക്കാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളും അമേരിക്കന്‍ റിപോര്‍ട്ടില്‍ ഖത്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day