|    Oct 23 Mon, 2017 5:34 pm
FLASH NEWS

മനുമാത്യു വധം: പ്രതികളുമായെത്തി പോലിസ് തെളിവെടുത്തു

Published : 17th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: ജനാധിപത്യ കേരളാകോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റായ കുന്നുംപുറം മുരിങ്ങവന  മനുമാത്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന പ്രതികളെ പെരുന്ന പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ ഇന്നലെ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തംഗം നിഥിന്‍ ആലുമ്മൂട്ടില്‍(29), ഫാത്തിമാപുരം വെട്ടുകുഴി സിജോ സെബാസ്റ്റിയന്‍(22), പായിപ്പാട് നാലുകോടി കെ എസ് അര്‍ജുന്‍(22), തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് സൂരജ്‌സോമന്‍(23), ചെത്തിപ്പുഴ അറയ്ക്കല്‍ ബിനു സിബിച്ചന്‍(23), കാരാപ്പുഴ മഠത്തില്‍പ്പറമ്പില്‍ ഷമീര്‍ ഹുസൈന്‍(29) എന്നിവരെയാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ സ്റ്റാന്റില്‍ എത്തിച്ച ഇവരെ പതിനഞ്ചു മിനിറ്റിനകം തെളിവെടുപ്പു പൂര്‍ത്തിയാക്കി തിരികെ കൊണ്ടുപോയി. അഞ്ചുദിവസത്തേക്കു പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ ഇവരില്‍ ബിനു, സിജോ, സൂരജ്, അര്‍ജുന്‍ എന്നിവരുടെ വീടുകളിലെ ത്തിച്ചു തെളിവെടുപ്പ് നേരത്തെ നടത്തിയിരുന്നു. കൊലപാതക ദിവസം ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലിസ് കണ്ടെടുത്തു. കൂടാതെ അര്‍ജുനും സൂരജും സംഭവദിവസം ചികില്‍സ തേടിയ  ഉദയഗിരി ആശുപത്രിയിലും  എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നു കോട്ടയത്താവും ഇവരുമായി തെളിവെടുപ്പ് നടത്തുക. ഇവരെ കൊണ്ടുവരുന്നത് അറിഞ്ഞു ആളുകള്‍ കൂട്ടം കൂടി ഉണ്ടാകാവുന്ന തിരക്കു ഒഴിവാക്കാനായിരുന്നു  അവധി ദിവസമായ ഇന്നലെ രാവിലെ ഒമ്പതിന്  ഇവരെ തെളിവെടുപ്പിന് എത്തിച്ചത്. എന്നിട്ടും യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് സ്റ്റാന്റില്‍ ഇവരെ കാണാന്‍ കൂട്ടംകൂടിയത്.പോലിസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കെല്ലാം തികഞ്ഞ അച്ചടക്കത്തോടെ പ്രതികള്‍ ഉത്തരം നല്‍കുന്നതും തെളിവെടുപ്പില്‍ സഹകരിക്കുന്നതും കാണാമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 നാണ് പെരുന്ന സ്റ്റാന്‍ഡിലെ പാര്‍ക്കിങ് ഏരിയായില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് യുവജന വിഭാഗം തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ്  തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു (33) കുത്തേറ്റു മരിച്ചത്. ചങ്ങനാശ്ശേരി സി ഐ ബിനു വര്‍ഗീസ്, എസ് ഐ സിബി തോമസ്, ഷാഡോ പോലിസിലെ കെ കെ റെജി, സിബിച്ചന്‍ ജോസഫ്, പ്രദീപ് ലാല്‍, പ്രതീഷ്, ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക