|    Nov 19 Mon, 2018 6:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനാഫ് കൊലക്കേസ്: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Published : 1st November 2018 | Posted By: kasim kzm

കൊച്ചി: യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ മനാഫിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട് തൊടികയില്‍ എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറ മുനീബ് (45) എന്നിവുടെ ജാമ്യാപേക്ഷയാണു ഹൈക്കോടതി തള്ളിയത്.
പി വി അന്‍വര്‍ എംഎല്‍എ പ്രതിയായിരുന്ന കേസില്‍ അദ്ദേഹത്തിന്റെ സഹോദരീ പുത്രന്മാരായ എടവണ്ണ മാലങ്ങാടന്‍ ഷഫീഖ്, ഷെരീഫ് എന്നിവരെ ഇനിയും പിടികൂടാനുണ്ടെന്നും പ്രതികള്‍ക്കു ജാമ്യം അനുവദിക്കരുതെന്നും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുര്‍റസാഖിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതു പരിഗണിച്ചാണു ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
1995 ഏപ്രില്‍ 13നാണു മനാഫിനെ ഒതായി അങ്ങാടിയിലിട്ട് അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. കേസിലെ ഒന്നാംസാക്ഷി കൂറുമാറിയതോടെ പി വി അന്‍വര്‍ എംഎല്‍എയടക്കമുള്ള 21 പ്രതികളെയും വിചാരണക്കോടതി വെറുതെവിട്ടിരുന്നു. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ സര്‍ക്കാരിന്റെ അപ്പീലും അബ്ദുര്‍റസാഖിന്റെ റിവിഷന്‍ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമേ കൊല നടത്തി 23 വര്‍ഷം കഴിഞ്ഞിട്ടും അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്മാരെ പിടികൂടാന്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് അബ്ദുര്‍റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഷഫീഖ്, ശരീഫ് എന്നിവരെയും ജാബിര്‍, മുനീര്‍ എന്നിവരെയും പിടികൂടാന്‍ മൂന്നു മാസത്തികനം നടപടി എടുക്കാന്‍ കോടതി ജൂൈല 25ന് നിര്‍ദേശിച്ചു. ആഗസ്ത് 30നു ജാബിറും മുനീറും കോടതിയില്‍ കീഴടങ്ങി.
ഇവരുടെ ജാമ്യാപേക്ഷയില്‍ കടുത്ത നിബന്ധനകളോടെ പ്രതികള്‍ക്കു ജാമ്യം അനുവദിക്കാവുന്നതാണെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ മനാഫിന്റെ സഹോദരന്‍ കേസില്‍ കക്ഷി ചേര്‍ന്ന് ഇതിനെ എതിര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss