|    Aug 22 Tue, 2017 6:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മനസ്സ് വ്യക്തമാക്കാതെ ദേശിംഗനാട്-2

Published : 7th March 2016 | Posted By: SMR

bful_kerala_30

സുധീര്‍ കെ ചന്ദനത്തോപ്പ്

യുഡിഎഫില്‍ മുസ്‌ലിംലീഗാണ് വര്‍ഷങ്ങളായി ഇരവിപുരത്ത് മല്‍സരിക്കുന്നത്. എല്‍ഡിഎഫില്‍ ആയിരുന്നപ്പോള്‍ ആര്‍എസ്പിക്കായിരുന്നു സീറ്റ്. 1991ല്‍ ഒഴികെ മല്‍സരിച്ച കാലത്തെല്ലാം ആര്‍എസ്പി തന്നെയാണ് വിജയിച്ചത്. 1991ല്‍ പി കെ കെ ബാവ വിജയിച്ചത് മാത്രമാണ് ലീഗിന്റെ ഏക വിജയം. ഇപ്പോള്‍ ഇരു പാര്‍ട്ടികളും യുഡിഎഫിന്റെ ഭാഗമായതോടെ സീറ്റിനായി രണ്ടുപാര്‍ട്ടികളും അവകാശവാദം ഉന്നയിച്ച് പരസ്പരം പോര്‍വിളി മുഴക്കിയിരുന്നു. ഒടുവില്‍ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ട് സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ നിര്‍ദേശിച്ചു. പകരം കരുനാഗപ്പള്ളിയോ ചടയമംഗലമോ ഏറ്റെടുക്കാനാണ് തീരുമാനം.
കരുനാഗപ്പള്ളിയാണ് കിട്ടുന്നതെങ്കില്‍ ജില്ലാ പ്രസിഡന്റ് എ യൂനുസ്‌കുഞ്ഞും ചടയമംഗലമാണ് ലഭിക്കുന്നതെങ്കില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം അന്‍സറുദ്ദീനെയും മല്‍സരിപ്പിക്കാനാണ് ധാരണ. നിലവില്‍ കരുനാഗപ്പള്ളി ജെഎസ്എസിന്റെ സിറ്റാണ്. ജെഎസ്എസിലെ എ എന്‍ രാജന്‍ ബാബു ജയിക്കുകയും കഴിഞ്ഞ രണ്ടുതവണയായി പരാജയപ്പെടുകയും ചെയ്ത കരുനാഗപ്പള്ളി ലീഗിന് നല്‍കിയാല്‍ ഈ സീറ്റ് നോട്ടമിട്ടിരുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയാവും. മറുവശത്ത് സിപിഐയിലെ സി ദിവാകരന്‍ ഇവിടെ മല്‍സര രംഗത്ത് തുടരുമെന്നാണ് സൂചന.
ചടയമംഗലത്ത് യുഡിഎഫില്‍ കോണ്‍ഗ്രസ്സാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ തവണ ചടയമംഗലത്തും അതിനുമുമ്പ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലും പരാജയപ്പെട്ട കോണ്‍ഗ്രസ്സിലെ ഷാഹിദ കമാല്‍ ഇത്തവണ സുരക്ഷിതമണ്ഡലം വേണമെന്ന ആവശ്യത്തിലാണ്. എല്‍ഡിഎഫില്‍ സിപിഐ—ക്കാണ് ചടയമംഗലം സീറ്റ്. കഴിഞ്ഞ രണ്ടു തവണയും ഇവിടെ വിജയം നേടുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്ത മുല്ലക്കര രത്‌നാകരന് ഇത്തവണ സീറ്റ് നല്‍കാനുള്ള സാധ്യത കുറവാണ്. ചടയമംഗലം വിട്ടുനല്‍കേണ്ട സാഹചര്യമുണ്ടായാല്‍ കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് (ബി) മല്‍സരിച്ച കൊട്ടാരക്കര, പത്തനാപുരം സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും.
ആര്‍ ചന്ദ്രശേഖരന്റെ പേരാണ് ഇവിടെ പറഞ്ഞുകേള്‍ക്കുന്നത്. എല്‍ഡിഎഫ് കേരള കോണ്‍ഗ്രസിന്(ബി) കൊട്ടാരക്കരയോ പത്തനാപുരമോ നല്‍കും. പത്തനാപുരമാണ് ഏറ്റെടുക്കുന്നതെങ്കില്‍ ഗണേഷ്‌കുമാറായിരിക്കും സ്ഥാനാര്‍ഥി. കൊട്ടാരക്കരയില്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹനും മുന്‍ ജില്ലാ സെക്രട്ടറി കെ രാജഗോപാലും സിപിഎം ടിക്കറ്റില്‍ പരിഗണനയിലുണ്ട്. കുണ്ടറയില്‍ ഇത്തവണ എം എ ബേബി മല്‍സരിക്കില്ല. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് ബേബിയെ പരിഗണിക്കുന്നതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. യുഡിഎഫില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേര് ഇവിടെ പറഞ്ഞുകേള്‍ക്കുന്നു.
കൊല്ലത്ത് പി കെ ഗുരുദാസനും ഇത്തവണ മല്‍സര രംഗത്തുണ്ടാവാന്‍ സാധ്യതയില്ല. ഡിസിസി ജനറല്‍ സെക്രട്ടറി സൂരജ് രവി, എസ്എന്‍ഡിപി നേതാവും ആര്‍ ശങ്കറിന്റെ മകനുമായ മോഹന്‍ ശങ്കര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ്സിന്റെ പരിഗണനയിലുള്ളത്. ചവറ മണ്ഡലം രൂപീകരിച്ച കാലംമുതല്‍ ആര്‍എസ്പിയും ആര്‍എസ്പി(ബി)യുമാണ് ഇവിടെ നിന്നും ജനവധി തേടുന്നത്. ഇത്തവണ ഇവര്‍ ലയിച്ച സാഹചര്യത്തില്‍ ഷിബു ബേബിജോണ്‍ തന്നെയായിരിക്കും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. അടുത്തിടെ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് ചേക്കേറിയ ഒരു നേതാവിനെയാണ് എല്‍ഡിഎഫ് ഇപ്പോള്‍ ഇവിടെ പരിഗണിക്കുന്നത്. കുന്നത്തൂര്‍ സിറ്റിങ് സീറ്റെന്ന നിലയില്‍ ആര്‍എസ്പി അവകാശവാദം ഉന്നയിക്കുന്നുണ്ട്. മറ്റൊരു സീറ്റിനു പകരം കുന്നത്തൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പി കെ രവിയുടെ പേരാണ് പരിഗണനയില്‍.
മുന്നണിയുടെ ഭാഗമല്ലെങ്കിലും ആര്‍എസ്പിയില്‍നിന്ന് രാജിവച്ച് ആര്‍എസ്പി (ലെനിനിസ്റ്റ്) രൂപീകരിച്ച കോവൂര്‍ കുഞ്ഞുമോന് തന്നെ കുന്നത്തൂര്‍ സീറ്റ് എല്‍ഡിഎഫ് നല്‍കുമെന്നാണ് വിവരം. കഴിഞ്ഞ തവണ ചാത്തന്നൂരില്‍ പരാജയപ്പെട്ട മഹിളാ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷ ബിന്ദു കൃഷ്ണ വാമനപുരത്തേക്ക് ചുവടുമാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. മറുവശത്ത് സിപിഐയിലെ ജി എസ് ജയലാല്‍തന്നെ വീണ്ടും ജനവിധി തേടിയേക്കും. അതേസമയം, കഴിഞ്ഞ തവണ ആര്‍എസ്പി മല്‍സരിച്ച കുന്നത്തൂര്‍, ചവറ, ഇരവിപുരം സീറ്റുകള്‍ വീതം വയ്ക്കുന്നതില്‍ സിപിഐയും സിപിഎമ്മും തര്‍ക്കം തുടരുകയാണ്. ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളുണ്ടെങ്കിലും സമുദായ സംഘടനയ്ക്ക് കാര്യമായ റോളില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
മുസ്‌ലിം, ന്യൂനപക്ഷ വോട്ടുകളുടെ ഏകോപനം ഉണ്ടാക്കുന്നവര്‍ക്ക് വിജയസാധ്യത കൂടുതലാണ്. രൂപം കൊണ്ട ശേഷം എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന എസ്ഡിപിഐ—ക്ക് ജില്ലയില്‍ നിര്‍ണായക സ്ഥാനമുണ്ട്. 2010ല്‍ ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടി ഒരു സീറ്റില്‍ വിജയിക്കുകയും നിരവധി സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പോടെ സീറ്റുകളുടെ എണ്ണം ഏഴാക്കി വര്‍ധിപ്പിക്കാനായി. കൂടാതെ സംസ്ഥാനത്ത് എസ്ഡിപിഐ—ക്ക് കോര്‍പറേഷനില്‍ പ്രാതിനിധ്യമുള്ള ഏക ജില്ലയും കൊല്ലമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ മാത്രം 12812 വോട്ടുകളാണ് എസ്ഡിപിഐ കരസ്ഥമാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ മല്‍സരിച്ച എസ്ഡിപിഐയിലെ നാസറുദ്ദീന്‍ എളമരം 7,645 വോട്ടുകള്‍ നേടി മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു. കുന്നത്തൂരില്‍ തുളസീധരന്‍ പള്ളിക്കല്‍ 2,310 വോട്ടും ചടയമംഗലത്ത് ജലീല്‍ കടയ്ക്കല്‍ 1,800 വോട്ടും കൊല്ലത്ത് എ എ ഷാഫി 1,168 വോട്ടും നേടിയിരുന്നു. ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും നിര്‍ണായക മല്‍സരം കാഴ്ചവയ്ക്കാനുള്ള ശക്തി ഇന്ന് എസ്ഡിപിഐക്കുണ്ട്.
ബിജെപിക്ക് 1,000നും 6,000നും ഇടയിലുള്ള വോട്ടുകളാണ് ഓരോ മണ്ഡലത്തിലുമുള്ളത്. വോട്ട് പിടിക്കാമെന്നല്ലാതെ ബിജെപിക്ക് ഒരു സീറ്റിലും വിജയസാധ്യതയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക