|    Apr 30 Sun, 2017 12:57 am
FLASH NEWS

മനസ്സിലെ ഗുരുവിന് മംഗളംപാടി കൈതപ്രം

Published : 23rd November 2016 | Posted By: SMR

കോഴിക്കോട്: തന്റെ മനസ്സിലെ സംഗീത ഗുരുവായിരുന്നു അന്തരിച്ച ബാലമുരളീകൃഷ്ണയെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി അനുസ്മരിച്ചു. ഇന്ത്യയിലെ ഒട്ടേറെ പേരെ സംഗീതലോകത്തേക്കു വരാന്‍ പ്രചോദിപ്പിച്ച മഹാനായിരുന്നു അദ്ദേഹം.
ചെറുകഥാരംഗത്ത് എം ടി വാസുദേവന്‍ നായര്‍ക്കു നല്‍കുന്ന സ്ഥാനംതന്നെയാണു തന്റെ തലമുറ സംഗീതമേഖലയില്‍ ബാലമുരളീകൃഷ്ണയ്ക്കും നല്‍കിയത്. ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാണ് അദ്ദേഹത്തിന്റെ സംഗീതം. ഗുരുമുഖത്തുനിന്നല്ല അദ്ദേഹം സംഗീതം അഭ്യസിച്ചത്. ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ തന്നെ അമ്മ മീട്ടിയ വീണാനാഥത്തില്‍ നിന്നാണു ബാലമുരളീകൃഷ്ണ എന്ന സംഗീതജ്ഞന്‍ രൂപപ്പെടുന്നത്. ഗുരുക്കന്‍മാരില്‍ നിന്നു സംഗീതം അഭ്യസിക്കാത്ത ഇദ്ദേഹം സംഗീതലോകത്ത് തന്റേതായ അടയാളം കോറിയിട്ടാണു കടന്നു പോയത്.
ജീവിച്ചിരിക്കുന്ന സംഗീതജ്ഞരില്‍ പ്രഗല്‍ഭമതിയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടമാവുന്നത്. സംഗീതത്തെ ചികില്‍സാ ശാഖയുമായി ബന്ധിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മ്യൂസിക് തെറാപ്പിയെ കുറിച്ച് അറിയാന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. അതിന് ഗുരു വേണ്ടെന്നും തനിയെ അഭ്യസിച്ചാല്‍ മതിയെന്നുമുള്ള അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചാണ് താനും മ്യൂസിക് തെറാപ്പി പരീക്ഷിച്ചത്.
എക്കാലവും സംഗീത ശ്രുതിക്കൊപ്പമായിരുന്നു മുരളീകൃഷ്ണ. മരണവും അങ്ങിനെതന്നെയായിരുന്നു. ഉച്ചവരെ സംഗീതപ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനു ശേഷം ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോഴാണു മരണം കടന്നുവന്നത്. മദിരാശിയില്‍ എത്തിയാല്‍ അദ്ദേഹത്തെ കാണാതെ തിരിച്ചുപോരാറില്ല. 1965 മുതല്‍ അദ്ദേഹത്തിന്റെ സംഗീതത്തെ പിന്‍തുടരുന്ന തനിക്ക് ഈ വിയോഗം വലിയ നഷ്ടമാണെന്നും കൈതപ്രം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day