|    Jan 17 Tue, 2017 8:28 am
FLASH NEWS

മനസ്സിനകത്തൊരു മായാജാലം

Published : 29th November 2015 | Posted By: G.A.G

പി പി ഷിയാസ്


indra blurbക്ഷമയുടെ നിമിഷങ്ങള്‍ക്കു വിരാമമിട്ട് കര്‍ട്ടന്‍ ഉയര്‍ന്നു. അന്തരീക്ഷത്തില്‍ ഇടിമുഴക്കമെന്നോണം കരഘോഷം മുഴങ്ങി. കാണികള്‍ ജിജ്ഞാസയോടെ കാത്തിരുന്ന ഇന്ദ്രജാല പ്രകടനം ആരംഭിക്കുന്നു. എന്നാല്‍, സദസ്യരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കരവിസ്മയങ്ങളുടെ, കണ്‍കെട്ടിന്റെ കണ്ടുമടുത്ത അവതരണങ്ങളായിരുന്നില്ല അയാള്‍ കാഴ്ചവച്ചത്. വലിക്കുമ്പോള്‍ നീളുന്നതിനു പകരം ചെറുതാവുന്ന സിഗരറ്റിലൂടെ ശ്വാസകോശ പ്രവര്‍ത്തനത്തിന്റെ അപകടങ്ങളെപ്പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുകയായിരുന്നു അയാള്‍. പരിപാടി കഴിഞ്ഞപ്പോള്‍ ഒരു മല്‍സ്യത്തൊഴിലാളി സദസ്സില്‍ നിന്നെണീറ്റു സ്‌റ്റേജിലേക്കു കയറിവന്നു. ഒരു തല്ലോ ചീത്തവിളിയോ പ്രതീക്ഷിച്ച മാന്ത്രികനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ തന്റെ കൈയിലിരുന്ന ബീഡിക്കെട്ട് സ്റ്റേജില്‍ വച്ചിട്ട് ഇങ്ങനെ പറഞ്ഞു: ”ഞാന്‍ ഇപ്പോള്‍ സാറിന്റെ മുന്നില്‍ വച്ച് പുകവലി നിര്‍ത്തുകയാണ്. ഇനി വലിക്കില്ല, സത്യം.”

mayajal

മജീഷ്യന്റെ കണ്ണു നിറഞ്ഞു, മനസ്സും. സാധാരണ മജീഷ്യന്മാര്‍ക്ക് അവരുടെ ഷോ കഴിയുമ്പോള്‍ പറഞ്ഞുറപ്പിച്ച ലക്ഷങ്ങള്‍ കീശയില്‍ വീണാലും ഉണ്ടാവാത്ത സന്തോഷമായിരുന്നു അവിടെ അദ്ദേഹത്തിനു ലഭിച്ചത്. ”യഥാര്‍ഥ മാജിക് എന്നാല്‍ മറ്റുള്ളവരില്‍ ഊര്‍ജം നല്‍കുന്നതല്ല, മറിച്ച്, സ്വയം ഊര്‍ജം നേടുന്നതാണ്” എന്നു പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും ഗവേഷകയുമായ റോസ്‌മേരി എലന്‍ ഗയ്‌ലി പറയുന്നു. മേല്‍ വിവരിച്ച പോലുള്ള അനുഭവങ്ങളിലൂടെ മജീഷ്യന്‍ നാഥ് എന്ന ബോധവല്‍ക്കരണ മാന്ത്രികനു ലഭിച്ചതും അതാണ്- പ്രതിസന്ധികളില്‍ തളരാതെ ദൃഢനിശ്ചയത്തോടെ മുന്നോട്ടായാനുള്ള ശക്തിയും ഊര്‍ജവും. സമൂഹത്തിലെ തിന്മകള്‍ക്കും മനുഷ്യനെ കാര്‍ന്നുതിന്നുന്ന നിശ്ശബ്ദ കൊലയാളികള്‍ക്കുമെതിരേ നിരന്തരം ഇന്ദ്രജാലം ആയുധമാക്കുകയാണ് തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയായ മജീഷ്യന്‍ നാഥ്. സമൂഹത്തെ ബോധവല്‍ക്കരിക്കാനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് അദ്ദേഹം.

 

മാന്ത്രികച്ചെപ്പില്‍ നിന്ന് പൊറോട്ട

മജീഷ്യന്‍ തന്റെ മാന്ത്രികച്ചെപ്പില്‍ നിന്നു മുയലും പൂക്കളും വര്‍ണക്കുടയും തൂവലുകളും മറ്റും സൃഷ്ടിക്കുന്നത് സാധാരണ നാം കാണുന്ന കാഴ്ചയാണ്. എന്നാല്‍, നാഥിന്റെ ചെപ്പില്‍ നിന്നു വരുന്നത് ഇവയൊന്നുമല്ല, നല്ല ഒന്നാന്തരം പൊറോട്ടയാണ്. ശേഷം കാണികള്‍ക്കു മുന്നില്‍ അദ്ദേഹം പൊറോട്ടയുടെ ‘ഗുണവശങ്ങള്‍’ അവതരിപ്പിക്കും. ഗോതമ്പിന്റെ തവിടും കാമ്പും പോയി ബാക്കിവരുന്ന ഉപയോഗശൂന്യമായ പശഭാഗമാണ് പൊറോട്ടയുണ്ടാക്കുന്ന മൈദ. മഞ്ഞയാണ് അതിന്റെ യഥാര്‍ഥ നിറം. രണ്ടാം ലോകയുദ്ധകാലത്ത് ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ പാശ്ചാത്യര്‍ കണ്ടുപിടിച്ച ഉല്‍പന്നമായ മൈദ ബെന്‍സോയില്‍ പെറോക്‌സൈഡ് എന്ന മാരകമായ രാസവസ്തു കൊണ്ട് കഴുകുമ്പോഴാണ് മഞ്ഞ വെള്ളയാവുന്നത്. തുടര്‍ന്ന്, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന അലോക്‌സന്‍ ചേര്‍ത്ത് അതിനെ മൃദുവാക്കും. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്ന, മൃഗങ്ങളില്‍ പരീക്ഷണത്തിനായി കുത്തിവയ്ക്കുന്ന ഈ രാസവസ്തു ചേര്‍ത്തുകഴിഞ്ഞാല്‍ പിന്നെ ഇത്തിരി ചൂടുവെള്ളം ഒഴിച്ചു കുഴച്ചാല്‍ ഏതു രൂപത്തിലേക്കും മാറ്റിയെടുക്കാം. അര്‍ബുദം, വന്ധ്യത, പ്രമേഹം തുടങ്ങിയ ‘ഗുണഫലങ്ങളാ’ണ് മൈദയില്‍ നിന്നുള്ള പൊറോട്ടയിലൂടെ മലയാളിക്കുണ്ടാവുന്നതെന്ന് മജീഷ്യന്‍ നാഥ് സാക്ഷ്യപ്പെടുത്തുന്നു.

ഇതോടൊപ്പം പായ്ക്കറ്റ് ഫുഡ്, ടിന്‍ ഫുഡ്, ബേക്കറി ഐറ്റംസ്, ഫാസ്റ്റ്ഫുഡ്, ചിക്കന്‍ ഇനങ്ങള്‍ തുടങ്ങിയവ വഴി എങ്ങനെയാണ് ഡോക്ടര്‍ക്ക് നേട്ടമുണ്ടാവുന്നതെന്ന് (തിന്നുന്നയാള്‍ക്കല്ല) അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണരീതി കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരേയാണ് മജീഷ്യന്‍ നാഥ് തന്റെ മാന്ത്രികദണ്ഡ് ചുഴറ്റുന്നത്. ബേക്കറികള്‍ എവിടെയുണ്ടോ അവിടെയെല്ലാം മെഡിക്കല്‍ ഷോപ്പുകളും ഉണ്ടാവുമെന്നു സാക്ഷ്യപ്പെടുത്തുന്നതിലൂടെ, നമ്മുടെ ആഹാരരീതികള്‍ സൃഷ്ടിക്കുന്ന വലിയ വിപത്തിനെക്കുറിച്ച് നാം ബോധവാന്മാരാവണമെന്നും ആരോഗ്യരംഗത്തെ ചൂഷണം അതിതീവ്രമായി മുന്നേറുകയാണെന്നും നാഥ് ഓര്‍മപ്പെടുത്തുന്നു.

മാന്ത്രികമേഖലകള്‍

മദ്യം, മയക്കുമരുന്ന്, പുകവലി, എയ്ഡ്‌സ്, കാന്‍സര്‍, റോഡപകടങ്ങള്‍, ആത്മഹത്യ, മാലിന്യം, ചിക്കുന്‍ഗുനിയ, പ്രമേഹം എന്നിവയ്‌ക്കെതിരേയും ഊര്‍ജസംരക്ഷണം, നല്ല ആഹാരം എന്നിവയിലൂന്നിയുമുള്ള ബോധവല്‍ക്കരണ പ്രകടനങ്ങളാണ് മജീഷ്യന്‍ നാഥ് നടത്തുന്നത്. ഇതിനകം 25,000 വേദികള്‍ പിന്നിട്ടപ്പോള്‍ അതില്‍ സ്‌കൂളുകള്‍, കോളജുകള്‍, ജയിലുകള്‍, പള്ളിപ്പെരുന്നാള്‍ സ്റ്റേജുകള്‍, തെരുവുകള്‍, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലെ 72 ആദിവാസി ഊരുകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നു. ഇതോടൊപ്പം ദുബയ്, അബൂദബി, ഖത്തര്‍ എന്നിവിടങ്ങളിലും മജീഷ്യന്‍ നാഥ് ബോധവല്‍ക്കരണ ഇന്ദ്രജാലം അവതരിപ്പിച്ചിട്ടുണ്ട്.

1980ല്‍ ആരുടെയും ശിക്ഷണമില്ലാതെ സ്വയം പഠിച്ചതാണ് മാജിക്. അന്ധവിശ്വാസങ്ങളുടെ പൊള്ളവശം തുറന്നുകാണിക്കാന്‍ വേണ്ടി തുടങ്ങിയ മാജിക് സാമൂഹിക സേവനത്തിനായി ഉപയോഗിക്കാന്‍ തീരുമാനിച്ച നാഥിന് ഇതുവരെ സംസ്ഥാനത്തു നിന്ന് ഒരു പുരസ്‌കാരവും ലഭിച്ചിട്ടില്ല. അജ്മാനിലെ യുവകലാസാഹിതി ഏര്‍പ്പെടുത്തിയ പികെവി മെമ്മോറിയല്‍ അവാര്‍ഡ് മാത്രമാണ് ഏക ഔദ്യോഗിക ബഹുമതി. മാന്ത്രികതയുടെ നൈസര്‍ഗിക പ്രയാണങ്ങള്‍ക്കിടയില്‍ പല വെല്ലുവിളികളുമുണ്ടായി. ഒരിക്കല്‍ ബംഗളൂരുവില്‍ വച്ച് തീപ്പിടിച്ച് എല്ലാ ‘സമ്പാദ്യ’വും ചാമ്പലായപ്പോള്‍ തിരുവനന്തപുരത്തേക്ക് വണ്ടികയറിയ നാഥിന് അന്നത്തെ കെപിസിസി അധ്യക്ഷന്‍ വയലാര്‍ രവി നല്‍കിയ 10,000 രൂപയായിരുന്നു പുതുജീവനേകിയത്.

സഞ്ചരിക്കുന്ന മാജിക്‌ഷോയ്ക്ക് ഉടമയായ നാഥ് ആദ്യം ഒരു ലോറിയും പിന്നീട് ബസ്സുമാണ് സ്റ്റേജാക്കിയത്. ഇപ്പോള്‍ ട്രാവലറാണുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നാഥ് എന്തുവന്നാലും ഈ കലാരൂപത്തെ കൈവിടാന്‍ തയ്യാറല്ലെന്ന് ഉറപ്പിച്ചുപറയുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴിലും ബോധവല്‍ക്കരണ മാജിക് ചെയ്തിരുന്ന നാഥിന് 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോള്‍ സിവില്‍ സപ്ലൈസ് വകുപ്പിനു കീഴില്‍ നടക്കുന്ന ഉപഭോക്തൃ ബോധവല്‍ക്കരണ മാജിക്‌ഷോക്ക് അവസരം ലഭിച്ചിരിക്കുകയാണ്.  അദ്ദേഹത്തിനു പിന്തുണയുമായി ബ്യൂട്ടീഷ്യനായ ഭാര്യ റെജിയും, ഏറ്റവും ചെറിയ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ വേദികളില്‍ മാജിക് അവതരിപ്പിച്ചെന്ന ഖ്യാതിയോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച മൂത്ത മകന്‍ ഭാഗ്യനാഥും ചിത്രകാരനായ ഇളയ മകന്‍ ജീവനാഥുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക