|    Oct 21 Sun, 2018 5:33 am
FLASH NEWS
Home   >  Editpage  >  Editorial  >  

മനസ്സാക്ഷിക്കു മുന്നിലെ ചോദ്യചിഹ്നമായി ഹാദിയ

Published : 1st September 2017 | Posted By: mi.ptk

പുരോഗമന ചിന്തയുടെയും ജനാധിപത്യ ബോധത്തിന്റെയും മതേതരത്വത്തിന്റെ അടിസ്ഥാനത്തിലുള്ള വിശാല കാഴ്ചപ്പാടിന്റെയും പേരില്‍ അഭിമാനംകൊള്ളുന്നവരാണ് കേരളീയര്‍. ഈ കേരളീയ സവിശേഷതയുടെ കര്‍തൃത്വാവകാശം കൈവശംവച്ചിരിക്കുന്ന പ്രസ്ഥാനങ്ങളും നേതാക്കളും, തങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്ന് സദാ ഓര്‍മിപ്പിച്ചുകൊണ്ട് അധികാരത്തിലും അധികാരത്തിനു പുറത്തുമായി സംസ്ഥാനത്തു സജീവമാണ്. കേരളീയ സമൂഹത്തിന്റെ ഈ പുരോഗമന നാട്യങ്ങള്‍ക്കു മുമ്പിലൂടെ അഭ്യസ്തവിദ്യയായ ഒരു 25കാരിയുടെ നിലവിളി അനാഥമായി മുഴങ്ങാന്‍ തുടങ്ങിയിട്ടു മാസങ്ങളായി. കാക്കയ്ക്കും തെരുവുപട്ടികള്‍ക്കും വേണ്ടി ഏങ്ങലടിക്കുന്നവരും കവിതയെഴുതുന്നവരും അര്‍ഥഗര്‍ഭമായ മൗനങ്ങളുടെ കരിങ്കല്‍പ്പൊത്തുകളില്‍ ഒളിച്ചിരിക്കുകയാണ്. ഹാദിയ എന്ന യുവതി ആറുമാസത്തിലധികമായി ഒരുതരം തടങ്കലിലാണ്; മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിബന്ധനയോടെ. നമ്മുടെ ജനാധിപത്യപരവും മനുഷ്യാവകാശപരവും സര്‍വോപരി ഭരണഘടനാപരവുമായ അവകാശങ്ങളുടെ വെളിമ്പുറത്തേക്ക് അവര്‍ ഈവിധം ചവിട്ടിയകറ്റപ്പെടുന്നതിന്റെ പൊരുള്‍ വിശദീകരിക്കാന്‍ അതുകൊണ്ടു തന്നെ കേരളീയസമൂഹം പൊതുവായി ബാധ്യതപ്പെട്ടിരിക്കുന്നു.ഏതു വിശ്വാസവും സ്വീകരിക്കാന്‍ പൗരന് അവകാശം നല്‍കിയത് രാജ്യത്തിന്റെ ഭരണഘടനയാണ്. താന്‍ ഇഷ്ടപ്പെടുന്നവരോടൊപ്പം വിവാഹബാഹ്യമായി പോലും ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്നു. രാജ്യത്തിന്റെ ഈ അംഗീകൃത നിയമശാസനങ്ങള്‍ക്ക് അനുസൃതമായി പൗരന്റെ അവകാശങ്ങള്‍ സ്ഥാപിച്ചു നല്‍കുന്ന ചുമതലയാണ് കോടതികള്‍ക്കുള്ളത്. പൗരന്റെ ഈ അവകാശങ്ങള്‍ക്കു കാവലായും കരുത്തായും പ്രവര്‍ത്തിക്കുന്നിടത്താണ് ഒരു ഭരണകൂടം അതിന്റെ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നത്. കോടതികളും ഭരണകൂടങ്ങളും നിയമപരമായ ഉത്തരവാദിത്തങ്ങള്‍ മറന്ന് പ്രശ്‌നങ്ങളെ വൈകാരികമായി കൈകാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ അധികാരവും അതിന്റെ സന്നാഹങ്ങളും ഒന്നുമില്ലാത്ത നിസ്സഹായരായ മനുഷ്യര്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. മതേതരത്വത്തിന്റെ സംരക്ഷകരായി ഞെളിയാറുള്ള സിപിഎം ഭരണത്തിനു കീഴിലും അതിന്റെ പിന്തുണയിലുമാണ് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നത് എന്നതു നിസ്സാരമായി കാണാന്‍ കഴിയുന്നതല്ല. താന്‍ ആരാണെന്നു സ്വയം വിശദീകരിക്കാന്‍ പോലും പൗരന് അവകാശമില്ലാതാവുന്ന ഒരു രാജ്യത്തിന്റെ ഇരുണ്ട ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ് ഡോ. ഹാദിയ. ഈ നടുക്കുന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ കേരളീയസമൂഹം മുന്നോട്ടുവരുന്നില്ലെങ്കില്‍ എടുത്തണിഞ്ഞ പുരോഗമന ചമയങ്ങള്‍ എത്രയും വേഗം അഴിച്ചുവയ്ക്കുന്നതാവും ഉചിതം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss