|    Jan 21 Sat, 2017 7:45 am
FLASH NEWS

മനശ്ശാസ്ത്രജ്ഞന്റെ കുറ്റകൃത്യവിചാരം

Published : 8th June 2016 | Posted By: SMR

മുസ്തഫ കൊണ്ടോട്ടി

ജപ്പാനില്‍ ഒരു ആചാരം നിലനിന്നിരുന്നു. ഉഷ്ണകാലത്ത് മനുഷ്യര്‍ ചൂടുകൊണ്ട് വിഷമിക്കുമ്പോള്‍ ഒബേക്കിനെക്കുറിച്ച് (ഭൂതങ്ങളെക്കുറിച്ച്) ഭീതിജനിപ്പിക്കുന്ന കഥകള്‍ പറയുന്നു. ഇത്തരം കഥകള്‍ കേള്‍വിക്കാരെ നടുക്കുകയും ഭയത്തിലാക്കുകയും ചെയ്യുന്നു. ഭീതികൊണ്ട് ഒരുതരം വിറയലും തണുപ്പും കേള്‍വിക്കാര്‍ അനുഭവിച്ചുതുടങ്ങുകയും ചെയ്യുന്നു. അങ്ങനെ ഉഷ്ണം മാറിക്കിട്ടുന്നു. ഒബേക്ക് മനശ്ശാസ്ത്രം എന്നാണ് ഇതറിയപ്പെടുന്നത്. സങ്കീര്‍ണതകളെ ലഘൂകരിക്കുകയും കൊടുംകുറ്റകൃത്യങ്ങളെ മനശ്ശാസ്ത്രപരമായ വ്യാഖ്യാനങ്ങള്‍ വഴി നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു മനശ്ശാസ്ത്ര സമീപനം കൂടി ഈ ഒബേക്ക് മനശ്ശാസ്ത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഈ ഒബേക്ക് മനശ്ശാസ്ത്രത്തെപ്പറ്റി ഇവിടെ പ്രതിപാദിക്കാന്‍ കാരണം പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകമാണ്. മനസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തിനു പിന്നിലുള്ളവരെ മനശ്ശാസ്ത്രത്തിലെ അപസ്മാരരോഗികളാക്കി മാറ്റി കുറ്റകൃത്യത്തെ ലളിതവല്‍ക്കരിക്കുന്ന ചില വ്യാഖ്യാനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുറ്റകൃത്യത്തിനു പിന്നിലെ മനസ്സിന് വൈകല്യമുണ്ടോ എന്ന കണ്ടെത്തലിന് വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ടെന്ന മട്ടിലാണ് ചിലരുടെ നില്‍പ്. കുറ്റവാളിക്ക് ശിക്ഷയല്ല, മറിച്ച് ചികില്‍സയാണാവശ്യം എന്നുവരെ ചില മനശ്ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്നുവരും. അവസാനം പ്രതി കുറ്റവാളിയല്ല, മറിച്ച് മനോരോഗിയാണെന്നു വിധി പറഞ്ഞ് ഈ കേസ്‌കെട്ട് അവസാനിപ്പിക്കുകയുമാവാം.
കുറ്റകൃത്യങ്ങള്‍ മുഴുവന്‍ മനശ്ശാസ്ത്രപ്രശ്‌നങ്ങളാണോ? മനശ്ശാസ്ത്രസമീപനങ്ങള്‍ വഴി മാത്രം കുറ്റകൃത്യങ്ങളെ നേരിടാനാവുമോ? തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. കുറ്റകൃത്യങ്ങളെ മുഴുവന്‍ മനശ്ശാസ്ത്രപ്രശ്‌നങ്ങളായി കണ്ടാല്‍ വര്‍ഗീയലഹളകളും കൂട്ടക്കൊലപാതകങ്ങളും ബലാല്‍ക്കാരങ്ങളും കൊള്ളകളും തൊട്ട് റോഡില്‍ തുപ്പുന്നതുവരെയുള്ള വലുതും ചെറുതുമായ കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ മനോരോഗങ്ങളാണെന്നു വരും. പിന്നെ കോടതികളും ജയിലുകളും നമുക്ക് ആവശ്യമില്ലാതെ വരും. കുറേ മനോരോഗാശുപത്രികളും മനോരോഗ ഡോക്ടര്‍മാരും മാത്രം മതിയാവും.
വിമോചനപോരാട്ടങ്ങളെയും വെളുത്തവന്റെ കുറ്റകൃത്യങ്ങളെയും മനശ്ശാസ്ത്രപ്രശ്‌നങ്ങളായി പരിഗണിച്ച് അത്തരം പ്രശ്‌നങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന ഒരു പ്രവണത പണ്ടേ നിലനിന്നുപോന്നിട്ടുണ്ട്. ഫാക്ടിനെ ഫിക്ഷനാക്കുകയും ഫിക്ഷനെ ഫാന്റസിയാക്കുകയും ചെയ്യുന്ന നിലപാട്. അടിമത്തത്തിന്റെ കാലത്ത് അമേരിക്കയിലെ വെള്ളക്കാരന്റെ പീഡനങ്ങളില്‍നിന്ന് ഓടിരക്ഷപ്പെടാനുള്ള അടിമകളുടെ ത്വരയെ അവിടത്തെ ഡോക്ടര്‍മാര്‍ ഒരു മനോരോഗമായിട്ടായിരുന്നു കല്‍പിച്ചിരുന്നത്. ഡ്രെയ്പ്‌റ്റോമാനിയ എന്നായിരുന്നു വൈദ്യശാസ്ത്രനിഘണ്ടുവില്‍ അതിന്റെ പേര്. ഈ ഒളിച്ചോട്ടം അടിമകളുടെ സ്വാതന്ത്ര്യദാഹമാണെന്ന് അമേരിക്കന്‍ ഡോക്ടര്‍മാര്‍ അംഗീകരിച്ചതേയില്ല. മറിച്ച് ഒളിച്ചോട്ടത്തെ മനോരോഗമായി നിസ്സാരവല്‍ക്കരിച്ച് ചികില്‍സ നല്‍കാനാണ് ഉടമകള്‍ ശ്രമിച്ചത്. ഈ ചികില്‍സ പലപ്പോഴും പീഡനം തന്നെയായിരുന്നു.
ഇന്ത്യയില്‍ ഡോക്ടറായി ജോലിചെയ്തിരുന്ന ഓവന്‍ ബര്‍ക്കലി ഹില്‍ എന്ന ഇംഗ്ലീഷുകാരന്‍ വെളുത്ത പുരുഷന്മാര്‍ക്ക് കറുത്ത സ്ത്രീകളോടുള്ള കാമത്തെ മനശ്ശാസ്ത്രപരമായി ന്യായീകരിച്ച മനശ്ശാസ്ത്രജ്ഞനാണ്. ഫ്രോയിഡിയന്‍ മനോവിശകലനത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടിഷ് പട്ടാളക്കാരെ ചികില്‍സിച്ച വ്യക്തിയായിരുന്നു ഹില്‍. ഇന്ത്യക്കാര്‍ക്ക് നേതൃഗുണമില്ലെന്നു വാദിച്ചുകൊണ്ട് ബ്രിട്ടിഷ് ഭരണത്തെ ന്യായീകരിച്ച വ്യക്തികൂടിയായിരുന്നു ഹില്‍. ‘നിറത്തിന്റെ പ്രശ്‌നം മനശ്ശാസ്ത്രദൃഷ്ടിയില്‍’ എന്ന തന്റെ ഒരു പ്രബന്ധത്തില്‍ കറുപ്പ് ചീത്തശകുനമാണെന്നത് വെളുത്തവരുടെ മാത്രമല്ല, കറുത്തവരുടെയും ഇടയിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. കറുപ്പിനോടുള്ള ഈ വിരോധത്തില്‍ കാമവുമുണ്ടെന്ന് അദ്ദേഹം വാദിച്ചു. ഫലത്തില്‍ വെളുത്ത പുരുഷന്മാര്‍ക്ക് കറുത്ത പുരുഷന്മാരോടുള്ള വെറുപ്പിനെയും അതേസമയം, അവരുടെ സ്ത്രീകളോടുള്ള കാമത്തെയും ഇതുവഴി ന്യായീകരിക്കാന്‍ ഹില്ലിന് കഴിഞ്ഞു. ഇന്ത്യന്‍ സ്ത്രീകള്‍ വെള്ളക്കാരുടെ കാമപൂരണത്തിന് ഇരയായി മാറിയാല്‍, ഇക്കാരണത്തിന് വെള്ളക്കാര്‍ ശിക്ഷയ്ക്കു വിധേയരാവേണ്ടി വരാത്ത ഒരവസ്ഥ ഹില്‍ ഇതുവഴി ബോധപൂര്‍വം സൃഷ്ടിച്ചെടുത്തു. ഈ കാമം ശിക്ഷിക്കപ്പെടേണ്ടതല്ലെന്നും മറിച്ച് ചികില്‍സിച്ചു മാറ്റേണ്ടതാണെന്നുമായിരുന്നു ഹില്ലിന്റെ കണ്ടെത്തല്‍.
എന്നാല്‍, ബ്രിട്ടിഷ് വനിതകള്‍ ഇന്ത്യക്കാരുടെ പീഡനത്തിന് ഇരയായാല്‍ അത് ശിക്ഷയ്ക്കു വിധേയം തന്നെ എന്ന കാര്യത്തില്‍ ബ്രിട്ടിഷുകാര്‍ക്ക് ഏക സമീപനമായിരുന്നു. അവിടെ മനശ്ശാസ്ത്ര സമീപനവുമില്ല, മനോവിശകലനവുമില്ല. ഇതിന്റെ തെളിവുകള്‍ ഇ എം ഫോസ്റ്ററുടെ നോവലായ എ പാസേജ് ടു ഇന്ത്യയില്‍ കാണാനാവും. ഈ നോവലിനെ ആസ്പദമാക്കി ഡേവിഡ് ലീന്‍ നിര്‍മിച്ച സിനിമയില്‍ ഒരു ഗുഹയ്ക്കകത്തു വച്ച് ഒരു ഇന്ത്യക്കാരന്‍ ഒരു ബ്രിട്ടിഷ് യുവതിയോട് അപമര്യാദയായി പെരുമാറുന്നു. ഇതിന്റെ പേരില്‍ ഇന്ത്യക്കാരന്‍ വിചാരണയ്ക്കു വിധേയനാവുന്നു. വെളുത്ത നിറമുള്ളവരോട് കറുത്തവര്‍ഗത്തിന് എക്കാലവും ലൈംഗികാഭിനിവേശമുണ്ടെന്നും ഇത് ഒരു ശാസ്ത്രീയസത്യമാണെന്നും പോലിസ് മേധാവി വാദിക്കുന്നു. ഇതിനെ ഒരു മനശ്ശാസ്ത്രപ്രശ്‌നമായി കാണാന്‍ വെള്ളക്കാര്‍ തയ്യാറായിരുന്നില്ല.
ഖലീല്‍ ജിബ്രാന്‍ എഴുതിയ ഒരു കഥയുണ്ട്. ഒരിക്കല്‍ കുതിരപ്പുറത്ത് യാത്രചെയ്ത ഒരാള്‍ പാതയോരത്തെ ഒരു സത്രത്തിലെത്തിച്ചേര്‍ന്നു. കുതിരയെ കെട്ടിയശേഷം അയാള്‍ ആ സത്രത്തില്‍ താമസിച്ചു. പുലര്‍ച്ചെ തന്റെ കുതിര നഷ്ടപ്പെെട്ടന്ന് അയാള്‍ക്കു മനസ്സിലായി. സത്രത്തിലെ മറ്റു യാത്രക്കാരെല്ലാം അയാളെ കുറ്റപ്പെടുത്തി സംസാരിച്ചു. അവസാനം അയാള്‍ പറഞ്ഞു: എന്റെ കുതിര കളവുപോയതുകൊണ്ടാണ് നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ കുറ്റപ്പെടുത്തുന്നത്. എന്നാല്‍, എന്റെ കുതിരയെ മോഷ്ടിച്ച കള്ളനെ കുറ്റപ്പെടുത്തി ഒരൊറ്റ വാക്കുപോലും ആരും ഇതുവരെ ഉരിയാടിയതേയില്ല. സത്രത്തില്‍ കുതിര നഷ്ടപ്പെട്ടവനോട് സഹയാത്രികര്‍ പെരുമാറിയതുപോലെയാവരുത് ജിഷ സംഭവത്തിന്‍ മേലുള്ള പ്രതികരണം. മനശ്ശാസ്ത്രജ്ഞരുടെ നിഗമനംപോലെ ജിഷയുടെ ഘാതകനെ മനോരോഗിയായി കാണരുത്. മറിച്ച്, കൊടുംകുറ്റവാളിയായിട്ടേ കാണാനാവൂ. ചികില്‍സയല്ല ഇത്തരം കുറ്റവാളികള്‍ക്കാവശ്യം, മറിച്ച് കൊടും ശിക്ഷയാണ്. ഫ്രാന്‍സിലെ ലൂയി പതിനഞ്ചാമന്‍ രാജാവിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് റോബര്‍ട്ട് ഫ്രാന്‍ഷാ ഡാമിയന് നല്‍കിയതുപോലുള്ള ശിക്ഷ. ഫ്രാങ്കോയുടെ ക്രൂരതകളുടെ ഒരു ഓര്‍മക്കുറിപ്പായി പിക്കാസോയുടെ ഗോര്‍ണിക്ക മാറിയതുപോലെ ഈ ശിക്ഷ സ്ത്രീപീഡകര്‍ക്ക് മുഴുവന്‍ ഞെട്ടലുണ്ടാക്കുന്ന ഒരു ഓര്‍മയാവണം.

വാല്‍ക്കഷണം: തമാശയായി പറയാറുണ്ട്, മനശ്ശാസ്ത്രജ്ഞരുടെ നിഗമനത്തില്‍ ഏറ്റവും മികച്ച വിവാഹം സാഡിസ്റ്റും മസോക്കിസ്റ്റും തമ്മില്‍ നടക്കുന്നതാണത്രെ. കാരണം, സാഡിസ്റ്റ് പരപീഡനത്തില്‍ മനസ്സുഖം കണ്ടെത്തുന്നു. മസോക്കിസ്റ്റാവട്ടെ തന്നെ മറ്റുള്ളവര്‍ പീഡിപ്പിക്കുന്നതില്‍ മനസ്സുഖം അനുഭവിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 113 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക