|    Apr 21 Sat, 2018 11:40 am
FLASH NEWS

മനക്കച്ചിറ ടൂറിസം പദ്ധതി അവതാളത്തില്‍

Published : 17th February 2016 | Posted By: SMR

എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാറിന്റെ ഒടുവിലത്തെ ബജറ്റില്‍ എസി കനാല്‍ നവീകരണത്തിനു മുന്‍ഗണന നല്‍കുമെന്ന് പറയുമ്പോഴും ചങ്ങനാശ്ശേരി പ്രതീക്ഷയോടെ കാത്തിരുന്ന മനക്കച്ചിറ ടൂറിസം പദ്ധതി ഉപേക്ഷിക്കുമോ എന്ന ആശങ്ക. എന്നാല്‍ തുടങ്ങിവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇതുവരെ ചെലവഴിച്ച ഒന്നേകാല്‍ കോടിയും വെള്ളത്തിലാവാന്‍ സാധ്യതയേറി.
കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ പാകത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ദ്രുതഗതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ച മനയ്ക്കച്ചിറ ടൂറിസം പദ്ധതി അവസാനിച്ചിടത്തുതന്നെ നില്‍ക്കുകയാണ് ഇപ്പോഴും. സ്വാമിനാഥന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയ ഈ പ്രദേശത്ത് പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നീക്കങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് പാക്കേജ് തന്നെ ഇല്ലാതായതോടെ ഈ പദ്ധതിയുടെ മുന്നോട്ടുള്ള നീക്കങ്ങളും ആശങ്കയിലായിരിക്കുകയാ ണ്.
മലയോര മേഖലയേയും കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന സ്വപ്‌ന പദ്ധതിയായിരുന്നു മനയ്ക്കച്ചിറ ടൂറിസം പദ്ധതി. ചങ്ങനാശേരി മുതല്‍ മങ്കൊമ്പ് വരെയുളള 20 കി.മീ. നീളത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും കിഴക്കുനിന്ന് ഒരു കി.മീ. നീളത്തില്‍ എസി കനാലിന്റെ ഭാഗങ്ങളിലെ സൗന്ദര്യവല്‍ക്കരണങ്ങളാണ് പ്രധാനമായും നടന്നത്. സി എഫ് തോമസ് എംഎല്‍എ മുന്‍കൈയ്യെടുത്ത് ടൂറിസം വകുപ്പ് അനുവദിച്ച 33 ലക്ഷത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യം നടന്നത്.
രണ്ടാംഘട്ടം 2005ല്‍ 39 ലക്ഷത്തിന്റെയും അന്തിമഘട്ടമെന്ന നിലയില്‍ 49 ലക്ഷം രൂപയും ചെലവഴിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസി കനാലിന് വടക്കുഭാഗത്ത് എസി റോഡിനും കനാലിനും സമാന്തരമായി പവലിയന്‍ നിര്‍മിക്കുകയും തറയില്‍ ടൈല്‍സ് പാകുകയും ചെയ്തിരുന്നു. കൂടാതെ ചുറ്റു മതില്‍ നിര്‍മാണവും നടത്തി. കനാലിന്റെ മധ്യ ഭാഗത്തായി കനാല്‍ സൗന്ദര്യം ആസ്വദിക്കാന്‍ പാകത്തില്‍ ഹോട്ടലും നിര്‍മിച്ചിരുന്നു.
പെഡല്‍ ബോട്ടുകള്‍ എത്തുന്നതോടെ ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കും എന്നായിരുന്നുപ്രതീക്ഷ. എന്നാല്‍ കനാലിന്റെ മധ്യഭാഗത്തെ പവലിയന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. നാള്‍ക്കുനാള്‍ പായല്‍ കയറുന്നതിന് ശാശ്വതമായ പരിഹാരങ്ങള്‍ ഒന്നും കണ്ടെത്താനോ ബന്ധപ്പെട്ടവര്‍ക്കായില്ല.
മാലിന്യങ്ങളും ഒഴുകിയെത്തുന്നതിന് പരിഹാരമുണ്ടാക്കാനും നടപടിയില്ല. ലക്ഷങ്ങ ള്‍ മുടക്കി പവലിയന്‍ നിര്‍മിച്ചുവെങ്കിലും പൊതുജനത്തെ ആകര്‍ഷിക്കന്‍ പാകത്തില്‍ കനാലില്‍ ഒന്നും സജ്ജീകരിക്കാത്തും പെഡല്‍ ബോട്ടുകള്‍ എത്തിക്കാത്തതും കാരണം സന്ദര്‍ശകരുമില്ല.
ഈ സാഹചര്യത്തില്‍ ബാക്കി ഭാഗങ്ങളുടെ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇതുവരെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചവ താറുമാറാകും.
അതിനാല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനുളള മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടൂറിസം പദ്ധതി പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss