|    Feb 27 Mon, 2017 2:48 pm
FLASH NEWS

മനം നൊന്തുപോകുന്ന ശുചീകരണം

Published : 8th January 2017 | Posted By: fsq

ഹകീം പി പി ഹംസക്കോയ, കല്ലായി
ഈയിടെ റോഡിലൂടെ നടന്നുപോവുമ്പോള്‍ കണ്ടത് വേദനാജനകമായ കാഴ്ചയാണ്. മുനിസിപ്പല്‍ ശുചീകരണ തൊഴിലാളികള്‍ റോഡരികിലെ ചെടികളെല്ലാം വെട്ടി നിരപ്പാക്കുന്നു. അവര്‍ അവരുടെ ജോലി തീര്‍ക്കുകയാണ്. ഇതേക്കുറിച്ച് അറിയുന്നവര്‍ക്കോ, ഹൃദയം പൊട്ടുന്ന അനുഭവവും. കാരണം, ഔഷധച്ചെടികള്‍ ധാരാളം റോഡരികുകളില്‍ വളരുന്നുണ്ട്. ഉദാഹരണമായി, മൂത്രാശയ രോഗങ്ങളെ ശമിപ്പിക്കുന്ന ചെറൂള, മൂത്രാശയത്തിലെ കല്ലുകളെ പൊടിച്ചുകളയുന്ന കല്ലുരുക്കി, ഹൃദ്രോഗങ്ങള്‍ അകറ്റുന്ന കുപ്പമേനി, കരള്‍ജന്യ രോഗങ്ങള്‍ പരിഹരിക്കുന്ന കീഴാര്‍നെല്ലി, വാതത്തിന് ആശ്വാസമേകുന്ന കുറുന്തോട്ടി തുടങ്ങിയ ഔഷധസസ്യങ്ങള്‍. കൂടാതെ മുള്ളന്‍ചീര, കോല്‍ത്തകര തുടങ്ങിയ ഭക്ഷ്യയോഗ്യമായ ചെടികളും റെയില്‍വേ ട്രാക്കിന്റെ ഓരങ്ങളില്‍ വളരുന്ന തഴുതാമ, ആവണക്ക്, കൊഴിഞ്ഞില്‍ എന്നിവയും തൊട്ടാവാടിയും. ഒട്ടേറെ ഔഷധമൂല്യമുള്ള ഇത്തരം സസ്യങ്ങളെയാണോ ‘കളകള്‍’ എന്നു പേരു വിളിച്ച് ദിനംപ്രതി നാം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്! അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അതു തടയാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗം ഇത്തരം വൃക്ഷലതാദികളാണ്. പ്രപഞ്ചത്തില്‍ ജീവന്റെ നിലനില്‍പിന് ആധാരമായ പ്രാണവായു അഥവാ ഓക്‌സിജന്‍ ലഭ്യമാവണമെങ്കില്‍ ഇവയൊക്കെ നിലനിന്നേതീരൂ. അലോപ്പതി ഔഷധങ്ങള്‍ പിറന്നതില്‍പ്പിന്നെ പുതുതലമുറയ്ക്ക് ഇത്തരം ഔഷധസസ്യങ്ങളെല്ലാം അന്യമാണ്. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന വന്‍ശക്തികളാണ് ഇന്ന് ഔഷധരംഗം നിയന്ത്രിക്കുന്നത്. ഒരു കാലഘട്ടത്തില്‍ പറമ്പില്‍ വളരുന്ന ഇത്തരം ഔഷധങ്ങളുടെ സേവ കൊണ്ട് മിക്കവാറും എല്ലാവിധ രോഗങ്ങളും ശമിച്ചിരുന്നു. ആ കാലത്ത് ഇന്നു കാണുന്ന ഹൈടെക് ആശുപത്രികളോ ഫൈവ്സ്റ്റാര്‍ ഭക്ഷണമോ ഉണ്ടായിരുന്നില്ല. എന്നിട്ടും പൂര്‍ണ ആരോഗ്യത്തോടെയും ദീര്‍ഘായുസ്സോടും കൂടി എത്രയോ ജീവന്‍ നിലനിന്നിരുന്നു. ഇന്നോ, ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും മാരക രോഗങ്ങളുടെ പിടിയില്‍ നിന്ന് ആളുകള്‍ രക്ഷപ്പെടുന്നില്ല. റെയില്‍വേ ട്രാക്കിനരികില്‍ വളരുന്ന ഔഷധസസ്യങ്ങളെ ഏതോ വിഷപ്പൊടി വിതറി ഉന്മൂലനം ചെയ്യാന്‍ റെയില്‍വേ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നു നിര്‍ദേശം ഉണ്ടായിരുന്നുവെന്നു കരുതണം. വരുംകാലങ്ങളില്‍ നമ്മള്‍ അനുഭവിക്കാന്‍ പോവുന്നത് ഇന്നുള്ളതിനേക്കാളും കൂടുതല്‍ വിഷമയമായ ജലവും ഭക്ഷണവുമായിരിക്കും. ആഗോളതലത്തില്‍ തന്നെ മലിനീകരണം ഒരു വലിയ പ്രതിസന്ധിയായി ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വായു-ജലമലിനീകരണം വമ്പിച്ച ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. അതിനെ നേരിടാന്‍ എന്താണ് വഴിയെന്ന് അറിയാതെ ലോകം പരിഭ്രമിക്കുകയാണ്. ഈ സാഹചര്യങ്ങളില്‍ പ്രകൃതിയുമായി ഇണങ്ങിയ ജീവിതരീതികളും ആരോഗ്യ സംരക്ഷണ സമ്പ്രദായങ്ങളും ശക്തിപ്പെടുത്താനും നിലനിര്‍ത്താനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത്. വഴിയോരത്തെ ഈ ചെടികള്‍ പോലും അതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. നമ്മുടെ സമൂഹം ഇക്കാര്യത്തില്‍ പൊതുവില്‍ അശ്രദ്ധയാണ് കാണിക്കുന്നത്. ചെടികളുടെയും മരങ്ങളുടെയും സംരക്ഷണ കാര്യത്തില്‍ പൊതുവില്‍ അലസതയാണ്. ഇത് നല്ല പ്രവണതയല്ല.അതിനാല്‍, അല്‍പമെങ്കിലും നമുക്കു പ്രാണവായു തരുന്ന ഔഷധസസ്യങ്ങളെ അവ ഉപയോഗിക്കുന്നവര്‍ക്കു വേണ്ടി നിലനിര്‍ത്താന്‍ വിനയത്തോടുകൂടി അപേക്ഷിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day