|    Oct 20 Sat, 2018 1:56 pm
FLASH NEWS

മധ്യവയസ്‌കന്റെ മരണം; യുവാവ് അറസ്റ്റില്‍

Published : 14th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: പെരുന്ന കക്കാട്ടുഗൗരിനിവാസില്‍ ചെല്ലപ്പന്റെ മകന്‍ പ്രേമന്‍ എന്നു വിളിക്കുന്ന പ്രദീപ്കുമാര്‍ (52) തിരുവോണദിവസം മരണപ്പെട്ട സംഭവത്തില്‍ പെരുന്ന സ്വദേശി യുവാവ് അറസ്റ്റില്‍. തിരുവല്ല കവിയൂര്‍ എന്‍എസ്എസ് സ്‌കൂള്‍ ജീവനക്കാരന്‍ പെരുന്ന പൂങ്കോയിക്കല്‍ ഗോപിനാഥപിള്ളയുടെ മകന്‍ ജയകുമാര്‍ (44) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ തിരുവോണ ദിവസം രാവിലെ ക്ഷേത്രത്തില്‍ പോയ സമീപവാസിയാണ് പെരുന്ന ക്ഷേത്രത്തിനു സമീപം അവശനായ നിലയില്‍ പ്രദീപ്കുമാറിനെ കാണപ്പെട്ടത്. ഉടന്‍തന്നെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 10ഓടെ മരണപ്പെടുകയായിരുന്നു. എന്നാല്‍, മരണത്തില്‍ അസ്വാഭാവികത കണ്ടതിനെത്തുടര്‍ന്നു പോലിസ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനയക്കുകയും തലയില്‍ ക്ഷേതമേറ്റാണ് മരണപ്പെട്ടതെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇയാള്‍ മരണപ്പെട്ട വിവരം പുറത്തുവന്നതു മുതല്‍ സ്ഥലത്തു നിന്ന് മാറിയവരെ കുറിച്ച് പോലിസ് അന്വേഷിക്കുകയും ജയന്‍ സംഭവ ദിവസം മുതല്‍ സ്ഥലത്തില്ലെന്നും മനസ്സിലായി. എന്നാല്‍, കുട്ടനാട് കാവാലത്തു തങ്ങിയ ജയന്‍ മൂന്നാം നാള്‍ തിരികെയെത്തുകയും പോലിസ് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മദ്യപിക്കുകയും ആരോടും കയര്‍ത്തു സംസാരിക്കുകയും ചെയ്തു വന്നിരുന്ന പ്രദീപ്കുമാറുമായി ഉത്രാട ദിവസം രാത്രി ഏഴിനു ശേഷം ജയന്‍ വാക്കേറ്റമുണ്ടായതായും പിടിച്ചുതള്ളലില്‍ നിലത്തുവീഴുകയായിരുന്നെന്നും ജയന്‍ പോലിസിനോടു പറഞ്ഞു. മരിക്കുമെന്ന ഉദ്ദേശത്തോടു കൂടിയല്ല അങ്ങനെ ചെയ്തതെന്നും ഭയപ്പെട്ട് ഭാര്യ വീട്ടില്‍ പോവുകയായിരുന്നെന്നും ഇയാള്‍ പോലിസിനെ അറിയിച്ചു. ഭാര്യയെ ഉപേക്ഷിച്ചു നടന്നിരുന്ന പ്രദീപ്കുമാര്‍ മദ്യപിച്ച ശേഷം സ്ഥിരമായി വഴക്കുണ്ടാക്കുന്ന ആളായിരുന്നെന്നും ജയന്റെ പേരില്‍ ഐപിസി 304 പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ടെന്നും സിഐ വിനോദ്കുമാര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss