|    Oct 20 Fri, 2017 7:20 am

മധ്യവയസ്‌കന്റെ കാലുകള്‍ തല്ലിയൊടിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published : 14th July 2017 | Posted By: fsq

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത് മധ്യവയസ്‌കന്റെ ഇരുകാലുകളും തല്ലിയൊടിച്ച കേസില്‍ നാലു പേരെ ഗുരുവായൂര്‍ പോലിസ് അറസ്റ്റുചെയ്തു. ചാവക്കാട് തൊട്ടാപ്പ് പണിക്കവീട്ടില്‍ അജ്മല്‍ (23), ചാവക്കാട് തെക്കഞ്ചേരി കറുപ്പംവീട്ടില്‍ നെഹിയാന്‍ (32), ചാവക്കാട് തെക്കഞ്ചേരി പുഴങ്ങര ഇല്ലത്തുവീട്ടില്‍ അഫ്‌നസ് (24), ചാവക്കാട് അകലാട് ഒറ്റയിനി കരിയേടത്ത് വീട്ടില്‍ അഫ്‌സല്‍ എന്നിവരേയാണ് ഗുരുവായൂര്‍ എസ്‌ഐ കെ വി വനില്‍കുമാറും, സംഘവും ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് ഇന്നലെ രാവിലെ 11.30-ഓടെ അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 9-നാണ് ഇരിങ്ങപ്പുറം കാണംകോട്ട് വീട്ടില്‍ കുമാരന്റെ മകന്‍ മണികണ്ഠനെ (42) രണ്ടുബൈക്കുകളിലായി മദ്യപിച്ചെത്തിയ നാലംഗസംഘം അക്രമിച്ച് അവശനാക്കിയത്. അതീവ ഗുരുതരാവസ്ഥയിലായ മണികണ്ഠന്‍ ഇപ്പോള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ചെത്തിയ നാലംഗസംഘം ഇരിങ്ങപ്പുറം എകെജി നഗറിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ തൊട്ടടുത്ത അടഞ്ഞുകിടക്കുന്ന കടക്കുമുന്നില്‍ മൂത്രമൊഴിച്ചത് മണികണ്ഠന്‍ ചോദ്യംചെയ്തു. എന്നാല്‍ തങ്ങള്‍ തെക്കഞ്ചേരിക്കാരാണെന്നും, ഞങ്ങളോട് കളിക്കേണ്ടെന്നും പ്രതികള്‍ മണികണ്ഠനോട് പറഞ്ഞു. അതുവകവെക്കാതെ മണികണ്ഠന്‍ എതിര്‍ത്തതില്‍ ക്ഷുപിതനായ ഒന്നാംപ്രതി അജ്മല്‍, ബൈക്കില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പുവടിയെടുത്ത് മണികണ്ഠനെ അക്രമിക്കുകയായിരുന്നുവെന്നും, തുടര്‍ന്ന് ബാക്കി മൂവ്വരും ചേര്‍ന്നും മര്‍ദ്ദിച്ചവശനാക്കി സ്ഥലം വിടുകയും ചെയ്തു. പ്രതികളിലൊരാള്‍ “”നെഹിയാനെ, വിട്ടോടാ’’ എന്നുപറഞ്ഞതാണ് പ്രതികളെ പിടികൂടാന്‍ പോലിസിന് സഹായകമായത്.  കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇന്നലെ രാവിലെ പിടികൂടിയത്. രണ്ടാംപ്രതി നെഹിയാന് ചാവക്കാട് പോലിസ് സ്റ്റേഷനില്‍ സമാനമായ നാലുകേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതികളെ പിടികൂടിയ സംഘത്തില്‍ പ്രൊബേഷണല്‍ എസ്‌ഐ മഹേഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സുകുമാരന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സിബി, രതീഷ് എന്നിവരുമുണ്ടായിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ്‌ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക