മുസ്തഫ കൊണ്ടോട്ടി
വെറുതെയാണോ പുന്നശ്ശേരി നമ്പി വള്ളത്തോളിനോട് പാട്ടെഴുതിയും പ്രസംഗിച്ചും നടന്നാല്‍ പോരാ, വായിച്ചും പഠിച്ചും വ്യുല്പത്തിയുണ്ടാക്കണം എന്നു കയര്‍ത്തു പറഞ്ഞത്. അവസരം വരുമ്പോള്‍ ഉപയോഗിക്കാനാണ് വ്യുല്പത്തി. പിന്നീട് മൂന്നുകൊല്ലം വള്ളത്തോള്‍ വായിച്ചുപഠിക്കുകയായിരുന്നു. അതിന്റെ ഗുണവും കേരളത്തിനു കിട്ടി. പുന്നശ്ശേരി നമ്പി വള്ളത്തോളിനോട് പറഞ്ഞപോലെ ആരെങ്കിലും മുഖ്യമന്ത്രി പിണറായിയോട് പറയേണ്ടതായിരുന്നു. മുഖ്യമന്ത്രിയായിരിക്കണമെങ്കില് ഹിന്ദി പഠിച്ചിരിക്കണമെന്ന് ആരും പറഞ്ഞില്ല. പറഞ്ഞുകൊടുക്കേണ്ടിയിരുന്ന അച്ചുവേട്ടനാവട്ടെ, മിണ്ടിയതുമില്ല. പോളിറ്റ് ബ്യൂറോയും പറഞ്ഞുകൊടുത്തില്ല. അതിന്റെ ഫലവും കണ്ടു. ഹിന്ദി അറിയാത്ത മുഖ്യമന്ത്രിയെന്ന പേരും കിട്ടി.
എത്ര സൗഹാര്‍ദത്തോടെയാണ് മധ്യപ്രദേശ് പോലിസ് പിണറായിയോട് പ്രസംഗിക്കാന്‍ പറഞ്ഞത്. പ്രസംഗസ്ഥലത്തേക്കുള്ള വരവ് ഒരല്പം വൈകിക്കണമെന്നേ പറഞ്ഞുള്ളൂ. ഹിന്ദിയില്‍ പറഞ്ഞ ആ ഒരല്പമെന്നത് പിണറായിക്ക് മനസ്സിലാക്കാന്‍ പറ്റാത്തതിന് മധ്യപ്രദേശ് പോലിസ് എന്തു പിഴച്ചു. ഉചിതമായ ഒരു വാക്കിനുവേണ്ടി ഫ്രഞ്ച് നോവലിസ്റ്റ് ഫഌബേര് മാസങ്ങളോളം കാത്തിരുന്നുവെന്ന് പറഞ്ഞപോലെ എത്രയോ മണിക്കൂര്‍ ആലോചിച്ചിട്ടാവണം മുഖ്യമന്ത്രിയുടെ പദവിക്കൊത്ത ഒരു കനമുള്ള വാക്ക് കണ്ടെത്തി അത് പിണറായിയോട് മധ്യപ്രദേശ് പോലിസ് പറഞ്ഞിട്ടുണ്ടാവുക. ഭാഷ ഹിന്ദിയല്ലേ, പല തട്ടിലുള്ള വാക്കുകള്‍ കാണും. ബഹുമാനവും, ‘ജി’യും ‘യേ’യും ചേര്‍ത്തും ചേര്‍ക്കാതെയുമുള്ള പദപ്രയോഗങ്ങള്‍.
എന്നാല്‍, ഹിന്ദി അറിയാത്തതുകൊണ്ട് എല്ലാം പിഴച്ചു. ഹിന്ദി അറിഞ്ഞിരുന്നെങ്കില്‍ മധ്യപ്രദേശിന്റെ മണ്ണില്‍ നിന്നു തന്നെ പിണറായിക്ക് മലയാളത്തില്‍ മോദിയോട് ചറപറാ ചോദ്യങ്ങള്‍ ചോദിക്കാമായിരുന്നു. മോദിയുടെ ചോദ്യങ്ങള്‍ക്ക് മണിമണിയായി മറുപടിയും കൊടുക്കാമായിരുന്നു. ഇന്ത്യയുടെ ഒത്തനടുവില്നിന്നുള്ള പ്രസംഗം ഇന്ത്യ മുഴുവന്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. എന്തു ചെയ്യാം, എല്ലാ അവസരവും പാഴായി. സീതിഹാജി പണ്ട് നായനാരുടെ ഇംഗ്ലീഷിനെ കളിയാക്കി തമാശയായി ഇങ്ങനെ പറയാറുണ്ടായിരുന്നു: ഞാനും നായനാരും ഇംഗ്ലീഷ് പറയുന്നതു കേട്ടാണ് ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടതെന്ന്. ഇതുപോലെ മധ്യപ്രദേശ് പോലിസിന്റെ ഹിന്ദി കേട്ടപ്പോള്‍ സംസ്ഥാനം വിടുന്നതാവും നല്ലതെന്ന് പിണറായി കരുതിക്കാണണം.
ഭാഷ അറിയാഞ്ഞാല്‍ അങ്ങനെയാണ്. അരുതാത്തതൊക്കെ വരും. ഓട്ടവ ഓച്ചിറയാവും; മാന്തുക മാഡ്രിഡാണെന്നു തോന്നും; മാര്‍ജരി സെക്സിനെ പുത്തന്‍ ലൈംഗികതയുടെ വക്താവാക്കും; സ്ലീപ്പറുകളെന്നത് വണ്ടിയില്‍ ഉറങ്ങിക്കിടക്കുന്നവരാണെന്ന് എഴുതിപ്പിടിപ്പിക്കും; പട്ടി എന്നു വിളിച്ചാല്‍ പോലും താന്‍ പട്ടിയല്ല, പാട്ടീലാണെന്ന് പലവട്ടം പറയും. അങ്ങനെയും നടന്നിട്ടുണ്ട് കേരളത്തില്‍. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. അന്നത്തെ മുഖ്യമന്ത്രി ആര് ശങ്കറിന്റെയും മന്ത്രി ചാക്കോയുടെയും സ്ഥാനാര്‍ഥി എം സി ചാക്കോയും സംഘടനാ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി കെ പി മാധവന് നായരുമായിരുന്നു. ഉത്തരേന്ത്യക്കാരനായ ഹരിഹര കംബോല്ജയായിരുന്നു റിട്ടേണിങ് ഓഫിസര്‍. ബഹളം കാരണം തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നു. ബഹളത്തിനിടയ്ക്ക് കംബോല്ജയെ ആരോ പട്ടി എന്നു വിളിച്ചു. തന്റെ പേര് തെറ്റായി ഉച്ചരിച്ചയാളോട് കംബോല്‍ജ ഇങ്ങനെ പറഞ്ഞു: ഞാന്‍ പാട്ടീല്‍ അല്ല, ഹരിഹര കംബോല്‍ജയാണ്. അങ്ങനെ പട്ടി പാട്ടീല്‍ ആയി. അതാണു ഭാഷ.
കോമഡി സൃഷ്ടിക്കാന്‍ ഒരു പൂന്തോട്ടവും ഒരു പോലിസുകാരനും ഒരു സുന്ദരിയും മതിയെന്ന് ചാര്‍ലി ചാപ്ലിന് എഴുതിയിട്ടുണ്ട്. ഇന്ത്യയിലാണെങ്കില്‍ കോമഡി സൃഷ്ടിക്കാന്‍ പോലിസുകാര്‍ മാത്രം മതി. എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. ലോക്കപ്പിലുള്ള തടവുപുള്ളികളും പോലിസുകാരും മല്‍സരിച്ച് ചീട്ടുകളിച്ചുവത്രേ. തടവുപുള്ളികള്‍ കള്ളക്കളി കളിച്ചപ്പോള്‍ പോലിസുകാര്‍ തടവുപുള്ളികളെ മുഴുവന്‍ സ്റ്റേഷനില്‍ നിന്ന് ഓടിച്ചുവിട്ടു. പിന്നീടാണ് പോലിസുകാര്‍ക്ക് അമളി മനസ്സിലായത്. അപ്പോഴേക്കും തടവുപുള്ളികള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഈയിടെയായി പോലിസുകാര്‍ സൃഷ്ടിക്കുന്നയത്ര തമാശകള്‍ രാഷ്ട്രീയക്കാര്‍ പോലും സൃഷ്ടിക്കുന്നില്ല. അത്തരമൊരു തമാശയാണ് മധ്യപ്രദേശ് പോലിസും കേരള മുഖ്യമന്ത്രിക്ക് ഹിന്ദി അറിയില്ലെന്നു പറഞ്ഞ് സൃഷ്ടിച്ചത്.
മധ്യപ്രദേശ് പോലിസിന്റെ ഹിന്ദി മുഖ്യമന്ത്രി പിണറായിക്ക് മനസ്സിലാവാതെപോയതില് അദ്ഭുതത്തിന് അവകാശമില്ല. കാരണം, കേരള പോലിസിന്റെ മലയാളം തന്നെ മലയാളികള്‍ക്ക് മനസ്സിലാവുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ കാണാതായവരെപ്പറ്റി കേരള പോലിസ് പറഞ്ഞത് വല്ലവര്‍ക്കും ഇന്നേവരെ മനസ്സിലായിട്ടുണ്ടോ? അടിയന്തരാവസ്ഥയ്ക്കുശേഷം ജയറാം പടിക്കലിന്റെ പടം വരച്ചുകൊണ്ട് എനിക്ക് തട്ടിക്കളിക്കാന്‍ ഒരു കോളജ് വിദ്യാര്‍ഥിയുടെ ശരീരം പോലും ഈ കപടലോകം തരുന്നില്ലമ്മേ എന്ന ഒ വി വിജയന്റെ ഒരു കാര്‍ട്ടൂണ്‍ മാത്രം കേരളീയന്റെ ചിരിക്കും ചിന്തയ്ക്കും കാരണമായി എന്ന കാര്യം വേറെ. നിലമ്പൂരിലെ കരുളായി വനത്തിലെ വെടിവയ്പിനെക്കുറിച്ച് കേരള പോലിസ് പറയുന്ന കാര്യങ്ങള്‍ കേരളീയര്‍ക്കു മാത്രമല്ല, മന്ത്രിസഭയിലെ പലര്‍ക്കും തന്നെ മനസ്സിലായിട്ടില്ല. പിന്നെ മധ്യപ്രദേശ് പോലിസിന്റെ ഹിന്ദി പിണറായിക്ക് മനസ്സിലാവാതെ പോയതില്‍ അദ്ഭുതപ്പെടാനുണ്ടോ?
സി കേശവന്റെ കോഴഞ്ചേരി പ്രസംഗവും ഇഎംഎസിന്റെ ഓങ്ങല്ലൂര്‍ പ്രസംഗവും ചരിത്രത്തില്‍ ഇടംപിടിച്ചവയാണ്. ഭാഷ അറിയാത്തതുകൊണ്ട് നടക്കാതെപോയ പിണറായിയുടെ ഭോപാല്‍ പ്രസംഗവും ചരിത്രത്തില്‍ ഇടംപിടിച്ചേക്കും.