|    Dec 10 Mon, 2018 12:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മധ്യപ്രദേശ് തിരഞ്ഞെടുപ്പ്ചിത്രത്തില്‍ നിന്നു പൂര്‍ണമായി പുറത്തായി മുസ്‌ലിംകള്‍

Published : 25th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ചിത്രത്തില്‍ നിന്നു പൂര്‍ണമായി പുറത്തായി മുസ്‌ലിംകള്‍. സംസ്ഥാനത്ത് 6.6 ശതമാനം മുസ്‌ലിംകളുണ്ടെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിലോ വാഗ്ദാനങ്ങളിലോ മുസ്‌ലിംകളില്ല.
38 ലക്ഷം മുസ്‌ലിം വോട്ടര്‍മാരുള്ള മധ്യപ്രദേശില്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും കൂടി നാല് മുസ്്‌ലിം സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ് മൂന്ന് മുസ്‌ലിം സ്ഥാനാര്‍ഥികളെ മാത്രമാണു മല്‍സരിപ്പിക്കുന്നത്. ഇതില്‍ രണ്ടുപേരും ഭോപാലിലെ മുസ്്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലാണ്. ഭോപാല്‍ നോര്‍ത്തില്‍ മല്‍സരിക്കുന്ന ഫാത്തിമ റസൂല്‍ സിദ്ദീഖിയാണ് ബിജെപിയുടെ ഏക മുസ്‌ലിം സ്ഥാനാര്‍ഥി. 230 അംഗ വിധാന്‍സഭയിലെ ഏക മുസ്്‌ലിം സിറ്റിങ് എംഎല്‍എയായ കോണ്‍ഗ്രസ്സിന്റെ ആരിഫ് അഖീലിനെതിരേയാണ് ഫാത്തിമ മല്‍സരിക്കുന്നത്. മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തുകൂടി ഫാത്തിമ നടത്തിയ റോഡ്‌ഷോയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനും പങ്കെടുത്തിരുന്നു.
30 മുതല്‍ 50 ശതമാനം വരെ മുസ്‌ലിം വോട്ടര്‍മാരുള്ള ഒരു ഡസനോളം മണ്ഡലങ്ങളുണ്ട് സംസ്ഥാനത്ത്. മുസ്‌ലിംകളുള്ള ബൂത്തുകളില്‍ 90 ശതമാനം മുസ്‌ലിംകളുടെയും വോട്ട് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രണ്ടുമാസം മുമ്പു പറഞ്ഞതിന്റെ ഓഡിയോ പുറത്തായതാണ് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മുസ്‌ലിംകളുമായി ബന്ധപ്പെട്ടു നടന്ന ഏക ചര്‍ച്ച. കോണ്‍ഗ്രസ് വര്‍ഗീയവിഭജനമുണ്ടാക്കുകയാണെന്നാരോപിച്ച് ബിജെപി ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു.
2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് അഞ്ചും ബിജെപിക്ക് ഒന്നും മുസ്‌ലിം സ്ഥാനാര്‍ഥികളായിരുന്നു ഉണ്ടായിരുന്നത്. അന്ന് ബിജെപിയുടെ ആരിഫ് ബേഗിനെ തോല്‍പിച്ചാണ് ആരിഫ് അഖീല്‍ വിധാന്‍സഭയിലെ ഏക മുസ്‌ലിം എംഎല്‍എ ആയത്. പാവപ്പെട്ടവര്‍ക്ക് ഒരുരൂപയ്ക്ക് അരിയെന്ന പദ്ധതി നടപ്പാക്കിയപ്പോള്‍ താന്‍ മുസ്‌ലിംകളോട് വിവേചനം കാട്ടിയില്ലെന്നും എല്ലാവര്‍ക്കും അതു ലഭ്യമാക്കിയെന്നും ഫാത്തിമയ്ക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെ ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു. അമ്പലങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയപ്പോള്‍ ഹജ്ജ്ഹൗസ് നിര്‍മിക്കാനും പണം നല്‍കിയെന്ന് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം സ്ഥാനാര്‍ഥിയായി ബിജെപി ഒരാളെ മാത്രം നിര്‍ത്തിയത് മാധ്യമങ്ങള്‍ ചോദ്യംചെയ്തപ്പോള്‍ മതം നോക്കിയല്ല, നന്നായി സേവനം ചെയ്യുന്നതു മാത്രം പരിഗണിച്ചാണ് സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കിയതെന്നായിരുന്നു ചൗഹാന്റെ പ്രതികരണം. ബിജെപിയുടെ തീവ്രഹിന്ദുത്വത്തിനും കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വത്തിനുമിടയിലാണെങ്കിലും മുസ്‌ലിംകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്സിനെയാണു പിന്തുണയ്ക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് താല്‍പര്യമില്ല. ബാബരി മസ്ജിദ് തകര്‍ക്കാന്‍ സഹായിച്ചതിന്റെ പേരില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച അര്‍ജുന്‍സിങായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവ്. സിങിന്റെ മുസ്‌ലിംകള്‍ക്ക് അനുകൂലമായ നിലപാട് ബിജെപി—ക്ക് ഗുണം ചെയ്തുവെന്നു കരുതുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലേറെയും.
2014ലെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച ആന്റണി കമ്മിറ്റിയും കോണ്‍ഗ്രസ് മുസ്‌ലിംകളുടെ പാര്‍ട്ടിയാണെന്ന് ബിജെപി പ്രചാരണം നടത്തിയത് തോല്‍വിക്കു കാരണമായതായി ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിം പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാറുള്ള ദിഗ്‌വിജയ് സിങും ഇത്തവണ നിശ്ശബ്ദനാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss