|    Dec 10 Mon, 2018 10:41 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം

Published : 2nd December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വോട്ടെടുപ്പ് കഴിഞ്ഞ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഫലം അട്ടിമറിക്കാന്‍ വ്യാപക ക്രമക്കേടുകള്‍ നടത്തിയതായി വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് ഛത്തീസ്ഗഡ് ഘടകത്തിന്റെ ചുമതലയുള്ള പി എല്‍ പുനിയ, അഭിഷേക് മനു സിങ്‌വി, മനീഷ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി.
മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രങ്ങള്‍ (ഇവിഎം) സ്‌ട്രോങ്‌റൂമില്‍ എത്തിക്കാന്‍ രണ്ടു ദിവസം വൈകി, ഇവിഎമ്മുമായി ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇലക്ടറല്‍ ഓഫിസര്‍മാര്‍ വിശ്രമിച്ചു, ഛത്തീസ്ഗഡില്‍ ഇവിഎം സൂക്ഷിച്ച കെട്ടിടത്തിനു സമീപത്ത് അജ്ഞാതരായ ആളുകളെ ദുരൂഹ സാഹചര്യത്തില്‍ കണ്ടു തുടങ്ങിയ കാര്യങ്ങളാണ് തെളിവു സഹിതം കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സ്‌ട്രോങ്‌റൂമിനു സമീപം അജ്ഞാതരായ ആളുകള്‍ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് എത്തിയത്.
ഭോപാലിലെ ഓള്‍ഡ് ജയില്‍ കാംപസിനുള്ളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്‌റൂമില്‍ വെള്ളിയാഴ്ച ഒന്നര മണിക്കൂര്‍ നേരം വൈദ്യുതിബന്ധം നിലച്ചിരുന്നു. ഇതിനു പിന്നില്‍ അട്ടിമറിശ്രമമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വൈദ്യുതി നിലച്ചതോടെ സിസിടിവി പ്രവര്‍ത്തനം നിലച്ചു. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് പരാതിപ്പെട്ടതോടെ സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ വൈദ്യുതി ബന്ധം തകരാറിലായിരുന്നതായും സിസിടിവി ഏതാനും സമയത്തേക്കു പ്രവര്‍ത്തനരഹിതമായതായും സ്ഥിരീകരിച്ചു. അതേസമയം, സ്‌ട്രോങ്‌റൂമിന്റെ കവാടം പൂട്ടി സ്ഥാപിച്ച സീലുകള്‍ പൊളിച്ചെന്ന ആരോപണം കലക്ടര്‍ നിഷേധിച്ചു.
പോളിങ് സമയം അവസാനിച്ച ഉടന്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ച് കവാടങ്ങള്‍ സീല്‍ ചെയ്യണമെന്നാണ് നിയമം. എന്നാല്‍, ഭോപാലിലെ സാഗറില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടന്ന് രണ്ടു ദിവസം കഴിഞ്ഞാണ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ്‌റൂമില്‍ എത്തിച്ചത്. പോളിങിനു ശേഷം വോട്ടിങ് യന്ത്രങ്ങള്‍ ബിജെപി എംഎല്‍എ ഭൂപേന്ദ്രസിങിന്റെ സ്റ്റാര്‍ ഹോട്ടലിലേക്കു കൊണ്ടുപോയി. നമ്പര്‍പ്ലേറ്റ് പോലുമില്ലാത്ത വാഹനത്തിലാണ് ഇവ കൊണ്ടുപോയത്. വോട്ടിങ് യന്ത്രങ്ങള്‍ സഹിതം ഹോട്ടലില്‍ ഇലക്ടറല്‍ ഓഫിസര്‍മാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഇലക്ടറല്‍ ഓഫിസറോട് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ വി എല്‍ കന്തറാവു പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭോപാലിലെ സ്‌ട്രോങ്‌റൂമിനു മുന്നില്‍ ഇന്നലെ ധര്‍ണ നടത്തി. അതേസമയം, ഏതെങ്കിലും യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ പകരം ഉപയോഗിക്കാന്‍ മുന്‍കരുതലായി സൂക്ഷിച്ചവയാണ് സ്‌ട്രോങ്‌റൂമില്‍ വൈകിയെത്തിച്ചതെന്നാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വിശദീകരണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss