|    Oct 18 Thu, 2018 10:16 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

മധുരമില്ലാത്ത ചായ, നെയ്യപ്പം, ഒരു തുണിസഞ്ചി

Published : 9th September 2017 | Posted By: fsq

മധുരമില്ലാത്ത ഒരു സ്‌ട്രോങ് ചായ,  രണ്ട് നെയ്യപ്പവും. പ്രമേഹമുണ്ടെന്നു തിരിച്ചറിഞ്ഞ്, പഞ്ചസാര ഉപേക്ഷിക്കണമെന്ന ഡോക്ടറുടെ ഉപദേശം ശിരസാവഹിച്ച് ചായക്കടയില്‍ കയറി ഇങ്ങനെ ഓര്‍ഡര്‍ ചെയ്ത വിദ്വാനെപ്പറ്റി എവിടെയോ വായിച്ചതോര്‍ക്കുന്നു. കേരളത്തിലെ പ്ലാസ്റ്റിക് നിരോധനത്തിന്റെ കാര്യമോര്‍ക്കുമ്പോള്‍ മനസ്സിലേക്കു വരുന്നത് ഈ നെയ്യപ്പത്തിന്റെ കഥയാണ്. കനംകുറഞ്ഞ കാരിബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കര്‍ശനമായിത്തന്നെ പലയിടത്തും നടപ്പാക്കിവരുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ റെയ്ഡും പിഴ ഈടാക്കലുമൊക്കെ ഊര്‍ജിതമാക്കിയതോടെ പല കടക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരോട് കാരിബാഗ് തരാനാവില്ലെന്നു പ്രഖ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. ഇതു സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും കടക്കാരും തമ്മില്‍ കശപിശയ്ക്ക് കാരണമാവുന്നതും കാണാം. കവര്‍ തരാനില്ലെങ്കില്‍ സാധനവും വേണ്ട എന്ന് ബഹളമുണ്ടാക്കാറുണ്ട് ചിലര്‍.വലിയ ഷോപ്പിങ് മാളുകളില്‍ ഈയിടെയായി ഒരു പുതിയ മുദ്രാവാക്യവും കണ്ടുതുടങ്ങി. ബ്രിങ് യുവര്‍ ഓണ്‍ ബാഗ്- നിങ്ങള്‍ക്കുള്ള ബാഗ് നിങ്ങള്‍ തന്നെ കൊണ്ടുവരുക. ‘ബ്യോബ്്’ എന്നാണു ചുരുക്കപ്പേര്. വിദേശങ്ങളില്‍ ഈ വാക്കിനു വേറെയാണ് അര്‍ഥം. ബ്രിങ് യുവര്‍ ഓണ്‍ ബോട്ടില്‍- കുപ്പി നിങ്ങള്‍ തന്നെ കൊണ്ടുവരണമെന്നര്‍ഥം. മദ്യവിതരണത്തിന് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളും ക്ലബ്ബുകളുമൊക്കെ ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ അല്‍പം മിനുങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുപ്പി- ദ്രാവകമടക്കം- കൊണ്ടുവരണമെന്നാണ് ഈ ചുരുക്കെഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്തായാലും  നമ്മുടെ നാട്ടില്‍ മാളുകളിലെ ബില്ലിങ് കൗണ്ടറിനു മുന്നില്‍ ആരും തുണിസഞ്ചിയുമായി ക്യൂ നില്‍ക്കുന്നതു കണ്ടിട്ടില്ല. കൗണ്ടറില്‍ കമ്പനി വക സഞ്ചി വാങ്ങാന്‍ കിട്ടും. അഞ്ചു മുതല്‍ 20 രൂപ വരെ ഇതിന് ഈടാക്കുന്നുമുണ്ട്. കേരളത്തില്‍ പ്ലാസ്റ്റിക് കവറുകള്‍ ഇത്രത്തോളം കച്ചവടത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിമാറിയിട്ട് ഒന്നോ രണ്ടോ ദശാബ്ദമേ ആവുന്നുള്ളൂ. തുണിസഞ്ചിയും കട്ടിയുള്ള പ്ലാസ്റ്റിക്‌നാരുകൊണ്ടുള്ള സഞ്ചിയുമൊക്കെ തൂക്കി കടയില്‍ പോയിരുന്ന കാലം പലര്‍ക്കും ഇന്നലെയെന്നപോലെ ഓര്‍മയിലുണ്ട്. അന്നു മിക്ക പലവ്യഞ്ജനക്കടയിലും സ്വന്തമായി കവര്‍ നിര്‍മാണമുണ്ടായിരുന്നു- ഇന്നു കാണാനില്ലാത്തൊരു കാഴ്ച. കടയില്‍ തിരക്കൊഴിഞ്ഞ നേരത്ത് കച്ചവടക്കാരന്‍ മൈദമാവ് കലക്കിയ പാത്രവും കൈയിലൊരു ബ്രഷുമായി പത്രക്കടലാസുകള്‍ കൊണ്ട്് കവറുകള്‍ ഉണ്ടാക്കും. ഒട്ടുമിക്ക സാധനങ്ങളും ഈ കവറില്‍ പൊതിഞ്ഞാണ് കൊടുക്കുക. അരി വാങ്ങാന്‍ നമ്മള്‍ സഞ്ചി കൊണ്ടുവരണം. വെളിച്ചെണ്ണ വാങ്ങാന്‍ ‘ബോട്ടില്‍’ കൊണ്ടുവരണം. ഏതായാലും ആ മധുരമനോജ്ഞകാലം കഴിഞ്ഞു. ഇന്നു സര്‍വത്ര കവര്‍ മയമാണ്. അരി ഒരു കവറില്‍ പൊതിഞ്ഞു വാങ്ങി മറ്റൊരു പ്ലാസ്റ്റിക് കവറില്‍ തൂക്കി വീട്ടില്‍ കൊണ്ടുപോവും. ഇതിന്റെ പ്രയോജനം അനുഭവിക്കുന്നത് കടക്കാര്‍ തന്നെ. ജോലി എളുപ്പം കഴിയും. എല്ലാം കവറിലാക്കി കൊടുത്താല്‍ ആളുകള്‍ കൂടുതല്‍ സാധനം വാങ്ങിക്കും എന്നാണ് കടക്കാരുടെ അനുഭവം. കവര്‍ നിരോധിക്കുന്നതോടെ കുറേ കച്ചവടം അങ്ങനെ നഷ്ടപ്പെടുമെന്നും അവര്‍ ഭയക്കുന്നു. ഈ പ്രശ്‌നം മറികടക്കാനാണ് പുതിയൊരു അവതാരം. തുണിയും കടലാസുമല്ലാത്ത വോവണ്‍ ഫാബ്രിക് എന്ന വസ്തുകൊണ്ടുള്ള കാരിബാഗാണ് സംഗതി. പല കടക്കാരും ഇപ്പോള്‍ ഇതാണു സാധനങ്ങള്‍ കൊണ്ടുപോവാന്‍ ഉപഭോക്താക്കള്‍ക്കു കൊടുക്കുന്നത്. കടക്കാരുടെ ഭാഷയില്‍ ഇതു തുണിസഞ്ചിയാണ്. പ്ലാസ്റ്റിക് അല്ലാത്തതുകൊണ്ട് നിരോധനത്തെ പേടിക്കേണ്ടെന്നാണു കടക്കാരുടെ നിലപാട്. പ്ലാസ്റ്റിക് കര്‍ശനമായി നിരോധിച്ചെന്ന് ബോര്‍ഡ് തൂക്കിയ ആശുപത്രികളില്‍പ്പോലും ഫാര്‍മസികളില്‍ വിതരണം ചെയ്യുന്നത് ഇതേ സാധനമാണ്. ഈ വസ്തു മണ്ണില്‍ അലിയുമെന്നും പൂര്‍ണമായും പരിസ്ഥിതിസൗഹാര്‍ദപരമാണെന്നുമുള്ള പ്രചാരണങ്ങളും സജീവമാണ്. എന്നാല്‍, ഈ സഞ്ചി ഒന്നു കത്തിച്ചുനോക്കുകയേ വേണ്ടു, തനിസ്വഭാവം വിഷപ്പുകയായി പുറത്തുവരുന്നതു കാണാം. ചന്ദ്രനിലേക്ക് വീണ്ടും പേടകം അയക്കാനൊരുങ്ങുകയാണത്രേ നമ്മുടെ ശാസ്ത്രജ്ഞര്‍. അതിനു മുമ്പെങ്കിലും പ്ലാസ്റ്റിക് കവറിന് നല്ലൊരു പ്രകൃതിസൗഹൃദ ബദല്‍ കണ്ടുപിടിച്ചിരുന്നെങ്കില്‍ എന്ന്് ആഗ്രഹിച്ചുപോവുകയാണ്.കടകളിലും ആഘോഷവേളകളിലും ചായകൊടുക്കാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ കപ്പുകളുടെ കാര്യവും ഏതാണ്ട് ഇതുപോലെത്തന്നെയാണ്. പേപ്പര്‍കപ്പ് എന്നാണു പേരെങ്കിലും പലതിലും നേര്‍ത്ത പ്ലാസ്റ്റിക് ആവരണം പൊളിച്ചെടുക്കാന്‍ തന്നെ സാധിക്കും. കണ്ണില്‍പൊടിയിടാന്‍ വേണ്ടി കടലാസ് കപ്പിന്റെ വേഷമണിഞ്ഞെത്തുന്ന ഈ പ്ലാസ്റ്റിക്, ചായയുടെ ചൂടില്‍ ഉരുകുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങളും മണ്ണിലലിയാതെ കിടന്ന് സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്‌നങ്ങളും അവഗണിക്കാവുന്നതല്ല.ഇതെല്ലാം കാണുമ്പോഴാണ്, മധുരമില്ലാത്ത ചായക്കൊപ്പം നെയ്യപ്പം കഴിക്കുന്ന പ്രമേഹരോഗിയെപ്പോലെയാണോ നമ്മുടെ പ്ലാസ്റ്റിക് നിരോധനവും എന്നു സംശയിക്കേണ്ടിവരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss