|    Feb 28 Tue, 2017 1:51 am
FLASH NEWS

മധുരം പകര്‍ന്ന് ഇന്ന് ദീപാവലി

Published : 29th October 2016 | Posted By: SMR

കോഴിക്കോട്: ദീപങ്ങളുടെ ഉല്‍സവമാണെങ്കിലും മലയാളിക്ക് ദീപാവലി മധുരവും വര്‍ണങ്ങളും നിറഞ്ഞ രുചിയുടെ ആഘോഷമാണ്. ഒരുകാലത്ത് നാട്ടിന്‍പുറങ്ങളിലെ കച്ചവടക്കാര്‍ കണക്കുതീര്‍ത്തിരുന്നത് ദീപാവലിക്കായിരുന്നു. കടം വീട്ടുന്നതിനു പകരമായി കടക്കാരന്‍ നല്‍കുന്ന ദീപാവലി മിഠായിയുടെ ചെറിയ പൊതി കാത്തിരുന്ന കാലം ഇന്ന് ഏറക്കുറേ ഓര്‍മയായി മാറി.
ദീപാവലിയും വാവുല്‍സവവും ഒരുമിച്ചുവരുമ്പോള്‍ നഗരവും നാട്ടിന്‍പുറവും വര്‍ണാലംകൃതമാവാറുണ്ടെങ്കിലും കോഴിക്കോട്ടെ ഗുജറാത്തി തെരുവുള്‍പ്പെടെ ഉത്തരേന്ത്യക്കാര്‍ തിങ്ങിത്താമസിക്കുന്ന അപൂര്‍വം ഇടങ്ങളിലെ ഇത്തവണ അത് ദൃശ്യമായുള്ളു. എന്നാലും, വിവിധതരത്തിലുള്ള മധുവൂറും മിഠായികള്‍ ഇത്തവണയും വിപണിയില്‍ സുലഭമാണ്. വിവിധ വര്‍ണങ്ങളിലും രുചികളിലുമുള്ള ഇവയ്ക്ക് അസംസ്‌കൃതവസ്തുക്കളുടെ വൈവിധ്യത്തിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. പേരിലും രുചിയിലും സ്വഭാവത്തിലുമെല്ലാം വൈവിധ്യങ്ങളുള്ള മിഠായികള്‍ വര്‍ണക്കടലാസ് കൊണ്ട് അലങ്കരിച്ച പെട്ടികളിലാണ് വില്‍ക്കുന്നത്.
മില്‍ക്ക് സ്വീറ്റ്‌സ്, കൊട്ട സ്വീറ്റ്‌സ്, റിച്ച് കാജു സ്വീറ്റ്‌സ്, ഓര്‍ഡിനറി, ബംഗാളി സ്വീറ്റ്‌സ്, കാജു സ്വീറ്റ്‌സ്, ഷുഗര്‍ലസ് സ്വീറ്റ്‌സ് എന്നീ പേരുകളിലാണ് മിഠായികളുടെ വില്‍പന. ഇതില്‍ ഏറ്റവും ഗുണമേന്മയുള്ള മുന്തിയതരം മിഠായിയാണ് റിച്ച് കാജു. കൊട്ട സ്വീറ്റ്‌സാണ് കൂട്ടത്തില്‍ പുരാതന വിഭവമായി അറിയപ്പെടുന്നത്. ഷുഗറുള്ളവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഷുഗര്‍ലസ് സ്വീറ്റ്‌സ്.
ബാദുഷ, ബദാം ബര്‍ഫി, പിസ്ത ബര്‍ഫി, ഫ്രൂട്ട് ബര്‍ഫി, ഗീപാക്ക്, മില്‍ക്ക് പാക്ക്, തരിപ്പാക്ക്, ആപ്പിള്‍ പേഡ, ബൂന്തി, ഹല്‍വ, ജാഗിരി, ലഡു, റവ ലഡു, മൈസൂര്‍ പാക്ക് തുടങ്ങി 17ഓളം ഇനങ്ങളാണ് മിഠായി പ്പെട്ടികളിലുള്ളത്. കിലോയ്ക്ക് 150 മുതല്‍ 1,000 രൂപ വരെയാണ് വില. പാലില്‍ നിര്‍മിക്കുന്ന ബംഗാളി സ്വീറ്റ്‌സിന് മധുരത്തിനൊപ്പം വിലയും കൂടും. 400 മുതല്‍ 500 രൂപ വരെയാണ് ഒരു കിലോയുടെ വില. കശുവണ്ടി ചേര്‍ന്ന കാജു സ്വീറ്റ്‌സിന് കിലോഗ്രാമിന് 1,000 രൂപ നല്‍കണം.
ബംഗാളി സ്വീറ്റ്‌സുകള്‍ക്കു തന്നെയാണ് നഗരങ്ങളില്‍ ഏറെ ആവശ്യക്കാരുള്ളത്. മിക്ക ബേക്കറികളിലും ഉത്തരേന്ത്യയില്‍നിന്നു പ്രത്യേക ജോലിക്കാരെ എത്തിച്ചാണ് മിഠായി തയ്യാറാക്കുന്നത്. മിഠായി നിര്‍മിക്കാനാവശ്യമായ നെയ്യ്, പഞ്ചസാര, വെണ്ണ എന്നിവയുടെ വിലവര്‍ധന തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അതിനാല്‍ മിഠായിക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയതോതില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day