|    Dec 17 Mon, 2018 11:00 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മദ്‌റസ തുറന്നില്ല: ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ് വീണ്ടും കാറ്റില്‍പ്പറത്തി

Published : 8th December 2018 | Posted By: kasim kzm

പി വി മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട്: 2003ലെ സംഘര്‍ഷങ്ങള്‍ക്കു ശേഷം 15 വര്‍ഷം കഴിഞ്ഞിട്ടും അഞ്ഞൂറിലധികം കുട്ടികള്‍ മതപഠനം നടത്തുന്ന മാറാട് മദ്‌റസ തുറക്കാന്‍ ജില്ലാ ഭരണകൂടവും പോലിസും അനുമതി നല്‍കുന്നില്ല. 2016 ഡിസംബര്‍ ഒന്നിനും 2018 ആഗസ്ത് 10നും മദ്‌റസ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ജില്ലാ പോലിസ് മേധാവി നല്‍കിയ റിപോര്‍ട്ടിന്റെ പേരില്‍ ജില്ലാ കലക്ടര്‍ ഇതിനു തയ്യാറായില്ല.
ഹിദായത്തുല്‍ ഇഖ്‌വാന്‍ മദ്‌റസ തുറക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ച ചെയ്ത് മറ്റു മതസ്ഥരുടെ സമീപനം മനസ്സിലാക്കി മദ്‌റസ തുറക്കുന്ന കാര്യത്തില്‍ കലക്ടര്‍ക്ക് തീരുമാനമെടുക്കാമെന്നാണ് 2016 ഡിസംബര്‍ ഒന്നിന് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, കലക്ടര്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കലക്ടറെ എതിര്‍കക്ഷിയാക്കി മാറാട് നുസ്‌റത്തുല്‍ ഇഖ് വാന്‍ സെക്രട്ടറി സി അബ്ദുല്‍ കരീം കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
2003ലെ കലാപശേഷം ഇരു സമുദായങ്ങളും മാനസിക ഐക്യം ഉണ്ടായിട്ടില്ലെന്നും മദ്‌റസ തുറന്നാല്‍ അരയ സമാജക്കാരില്‍ അമര്‍ഷമുണ്ടാവുമെന്നും സമാധാനാന്തരീക്ഷത്തിന് ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവി കലക്ടര്‍ക്കു റിപോര്‍ട്ട് നല്‍കി. ഇതിനാല്‍, മദ്‌റസ തുറന്നില്ലെന്നായിരുന്നു 2018 ജൂണ്‍ 27ന് കലക്ടര്‍ കമ്മീഷന് മറുപടി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്ത് സി അബ്ദുല്‍ കരീം നല്‍കിയ പരാതി കമ്മീഷന്‍ വീണ്ടും പരിഗണിച്ചു. 1965ല്‍ സൊസൈറ്റി ആക്റ്റനുസരിച്ച് രജിസ്റ്റര്‍ ചെയ്ത നുസ്‌റത്തുല്‍ ഇഖ്‌വാന്‍ സംഘത്തില്‍ മാറാട് മഹല്ല് കമ്മിറ്റി, ജുമുഅത്ത് പള്ളി, മദ്‌റസ, അല്‍ഫാറൂഖ് മസ്ജിദ്, നുസ്‌റത്ത് ഇസ്‌ലാമിക് നഴ്‌സറി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. 15 വര്‍ഷമായി ഒരു സംഘര്‍ഷവുമില്ലാത്ത ഇവിടെ മദ്‌റസ തുറക്കാതിരിക്കാന്‍ കലക്ടറും ജില്ലാ പോലിസ് മേധാവിയും പറയുന്ന വാദങ്ങള്‍ ശരിയല്ലെന്നും ഒരു മാസത്തിനുള്ളില്‍ മദ്‌റസ തുറന്ന് രണ്ടു മാസത്തിനുള്ളില്‍ ഇതിനെ പറ്റിയുള്ള റിപോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കണമെന്നുമായിരുന്നു ആഗസ്ത് 10ലെ ഉത്തരവ്. മദ്‌റസയുടെ പ്രവര്‍ത്തനം പോലിസ് നിരീക്ഷണം നടത്താമെന്നും പറഞ്ഞിരുന്നു. മതപഠനം തടയുന്നത് മൗലിക സ്വാതന്ത്ര്യത്തിന് എതിരാണെന്നും ന്യൂനപക്ഷ കമ്മീഷന്‍ ആക്റ്റ് അനുസരിച്ചാണ് കമ്മീഷന്റെ ഇടപെടലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss