|    Oct 20 Fri, 2017 2:41 pm
FLASH NEWS
Home   >  Kerala   >  

മദ്‌റസാ അധ്യാപകരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മഞ്ച് സമ്മേളനം

Published : 12th August 2017 | Posted By: shins

മംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്‌റസാധ്യാപകര്‍ക്കുള്ള ക്ഷേമനിധി വിതരണമെന്ന് തെറ്റിദ്ധരിപ്പിച്ച് ആര്‍എസ്എസ് പോഷക സംഘടന മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ സമ്മേളനം നടത്തി മുസ്‌ലിംകളെ സ്വാധീനിക്കാന്‍ ശ്രമം. മുസ്‌ലിം ധര്‍മ ഗുരുകുല സമാവേശ എന്ന പേരിലാണ് കഴിഞ്ഞദിവസം ദക്ഷിണ കാനറ ജില്ലയിലെ ബോളയാറില്‍ പരിപാടി സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ 280ഓളം മദ്‌റസാധ്യാപകര്‍ പങ്കെടുത്തു. വിവിധ മുസ്‌ലിം വിഭാഗങ്ങളെ പങ്കെടുപ്പിച്ചാണ് സമ്മേളനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ സംഘപരിവാര സംഘടനകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി പണ്ഡിതര്‍ അറിയുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ മദ്‌റസാ നവീകരണവുമായി ബന്ധപ്പെട്ട ക്ഷേമനിധി വിതരണമെന്ന പേരിലാണ് തങ്ങളെ സമ്മേളനത്തിലേക്ക് വിളിച്ചതെന്നും ഇത് രാഷ്ട്രീയ അജണ്ടയാണെന്ന് വ്യക്തമായതോടെ തങ്ങള്‍ പിന്തിരിയുകയായിരുന്നുവെന്നും എസ്‌വൈഎസ് നേതാവ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി തേജസിനോട് പറഞ്ഞു. പങ്കെടുത്തവരില്‍ ഭൂരിഭാഗവും  കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഇകെ, സമസ്ത, സലഫി വിഭാഗങ്ങളും സമ്മേളനത്തിനെത്തിയിരുന്നു.
തങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്ന് ഒരു പണ്ഡിതന്‍ ചടങ്ങില്‍ പ്രസംഗിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് അഡ്വ. അസ്ഗറലി, ഫസല്‍ അസൈഗോളി, ബിജെപി നേതാവ് സന്തോഷ്‌കുമാര്‍ റായ്, ഹനീഫ് നിസാമി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായതോടെ അധികാരം പിടിച്ചെടുക്കാനും ബിജെപിയിലേക്ക് ന്യൂനപക്ഷങ്ങളെ ആകര്‍ഷിപ്പിക്കുന്നതിനുമാണ് സമ്മേളനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ റമദാനില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ പേരില്‍ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് ശ്രമം നടന്നിരുന്നു. മഞ്ചേശ്വരത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ ബദല്‍ ഇഫ്താര്‍ നടത്തിയതോടെ ഇവരുടെ നീക്കം പൊളിഞ്ഞിരുന്നു. നിര്‍ധന ജനവിഭാഗങ്ങളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ബിജെപിയിലേക്ക് ആകര്‍ഷിക്കാനുള്ള ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ക്ഷേമനിധി വിതരണത്തിന്റെ പേരില്‍ സമ്മേളനം നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് എപി വിഭാഗം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക