|    Mar 17 Sat, 2018 10:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്‌റസാധ്യാപക ക്ഷേമനിധിക്ക് ഗവേണിങ് ബോഡി രൂപീകരിക്കും: കെ ടി ജലീല്‍

Published : 10th October 2016 | Posted By: SMR

കോഴിക്കോട്: മദ്‌റസാധ്യാപക ക്ഷേമനിധിക്ക് ഗവേണിങ് ബോഡി ഉണ്ടാക്കുമെന്ന് തദ്ദേശ സ്വയംഭരണ- ന്യൂനപക്ഷകാര്യ മന്ത്രി കെ ടി ജലീല്‍. കൂടുതല്‍ പേര്‍ അംഗങ്ങളായി ചേര്‍ന്നാല്‍ മാത്രമേ മദ്‌റസാധ്യാപക ക്ഷേമനിധി നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാവൂ. അതിനാല്‍ മദ്‌റസാ മാനേജ്‌മെന്റുകളുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ത്ത് അധ്യാപകരെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മദ്‌റസാധ്യാപക ഭവനവായ്പാ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പള്ളികളിലെ ഇമാമുമാര്‍, മുഅദ്ദീന്‍, ദര്‍സ്- മദ്‌റസാ അധ്യാപകര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇതില്‍ അംഗത്വമെടുക്കാവുന്നതാണ്. പെന്‍ഷന്‍, ചികില്‍സ-പഠന സഹായങ്ങള്‍ തുടങ്ങി ക്ഷേമനിധി വഴി വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ അംഗങ്ങള്‍ക്കേ ലഭിക്കൂ. മെറിറ്റ് വഴി എംബിബിഎസ് പ്രവേശനം ലഭിക്കുന്ന അംഗങ്ങളുടെ മക്കള്‍ക്കു വര്‍ഷത്തില്‍ 25,000 രൂപ വച്ച് വിദ്യാഭ്യാസ സഹായം നല്‍കാനുള്ള പദ്ധതി ഉടന്‍ നടപ്പാക്കും. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും സമാനമായ സഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്.
ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനു പ്രേത്യക കേന്ദ്രങ്ങളുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ദുഷ്പ്രചാരണങ്ങളെ ചെറുക്കേണ്ടതുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ഉയര്‍ന്നുനില്‍ക്കാന്‍ കാരണം മദ്‌റസകളാണ്. മദ്‌റസകള്‍ ഉള്ളതുകൊണ്ടാണ് ഇവിടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ കിട്ടാതെപോയത്. ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കുന്നതിനെതിരേയും മതാന്ധരുടെ കൈയില്‍ നിന്നു മതസ്ഥാപനങ്ങളെ രക്ഷിക്കാനും ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ പി അബ്ദുല്‍ വഹാബ് അധ്യക്ഷതവഹിച്ചു. മദ്‌റസാധ്യാപകരുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായ വിതരണം എം കെ മുനീര്‍ എംഎല്‍എ നിര്‍വഹിച്ചു. സ്‌കോളര്‍ഷിപ്പ്, ഉപഹാരവിതരണവും ചടങ്ങില്‍ നടന്നു. കോര്‍പറേഷന്റെ വായ്പകള്‍ ഏറ്റവും കൃത്യമായി തിരിച്ചടച്ചവര്‍ക്ക് ഗ്രീന്‍ കാര്‍ഡും വിതരണം ചെയ്തു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, ടി പി അബ്ദുല്ലക്കോയ മദനി, ഡോ. ഹുസയ്ന്‍ മടവൂര്‍, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss