|    Nov 16 Fri, 2018 12:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മദ്‌റസയില്‍ ദേശീയഗാനം അനുവദിച്ചില്ല; പ്രിന്‍സിപ്പലിനെതിരേ രാജ്യദ്രോഹക്കുറ്റം

Published : 18th August 2018 | Posted By: kasim kzm

ലഖ്‌നോ: സ്വാതന്ത്ര്യദിനത്തില്‍ മദ്‌റസയില്‍ ദേശീയഗാനം പാടുന്നതില്‍ നിന്നു വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മദ്‌റസയിലെ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബുധനാഴ്ച മഹാരാജ്ഗഞ്ച് പ്രദേശത്തെ കൊല്‍ഗു മേഖലയിലാണു സംഭവം. ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ശേഷം കുട്ടികള്‍ ദേശീയഗാനം ചൊല്ലാന്‍ നോക്കിയെങ്കിലും പ്രതികളിലൊരാള്‍ തടയുന്നതിന്റെ ദൃശ്യങ്ങളടക്കം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പോലിസ് കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാദ്‌ഗോ ഗ്രാമത്തില്‍ നിന്നുള്ള സുനൈദ് അന്‍സാരിയാണ് കേസിലെ പ്രധാന പ്രതി. മദ്‌റസ പ്രിന്‍സിപ്പലായ ഫസലുല്‍ റഹ്മാന്‍, അധ്യാപകനായ നിസാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
വിദ്യാര്‍ഥികള്‍ ദേശീയഗാനം ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ പ്രദേശവാസിയായ അന്‍സാരി ഇതു തടയുകയായിരുന്നു. എന്നാല്‍ സ്‌കൂള്‍ അധ്യാപകനായ ത്രിപാതി അന്‍സാരിയുമായി വാക്കേറ്റമുണ്ടായി. ദേശീയഗാനം മദ്‌റസയില്‍ പറ്റില്ലെന്നായിരുന്നു അന്‍സാരിയുടെ വാദം. എന്നാല്‍ മദ്‌റസ പ്രിന്‍സിപ്പലും അധ്യാപകനും നോക്കി നിന്നതല്ലാതെ പ്രശ്‌നത്തില്‍ ഇടപെട്ടില്ല. പോലിസിനെ വിളിക്കുമെന്ന് ത്രിപാതി പറഞ്ഞപ്പോള്‍ അന്‍സാരി സ്ഥലംവിട്ടു പോയിരുന്നു. തുടര്‍ന്ന് ദേശീയഗാനത്തോടെ തന്നെ മദ്‌റസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
യുപി മദ്‌റസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസ 2007ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. അതേസമയം മദ്‌റസയുടെ അംഗീകാരം റദ്ദാക്കണമെന്ന് ജില്ലാ ന്യൂനപക്ഷ ഓഫിസര്‍ പ്രഭാത് കുമാര്‍ ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയ അന്വേഷണ റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. മദ്‌റസ ബോര്‍ഡ് രജിസ്ട്രാര്‍ എസ് എന്‍ പാണ്ഡെയുടെ കത്തിനെ തുടര്‍ന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണ ഉത്തരവ് നല്‍കിയത്.
സ്വാതന്ത്ര്യദിനം മദ്‌റസകള്‍ വിപുലമായി ആഘോഷിക്കണമെന്ന് നേരത്തേ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss