|    Mar 21 Wed, 2018 5:08 am
FLASH NEWS
Home   >  Fortnightly   >  

മദ്ഹബുകള്‍

Published : 12th October 2015 | Posted By: G.A.G

മതപരിത്യാഗത്തിനു വധശിക്ഷയോ? -3
ത്വാഹാ ജാബിര്‍ അല്‍ അല്‍വാനി


നാലു പ്രധാന സുന്നി മദ്ഹബുകളില്‍പ്പെട്ട ഹനഫി മദ്ഹബ് മതപരിത്യാഗം ദൈവികശിക്ഷ നിര്‍ദേശിക്കപ്പെട്ട കുറ്റമായി കണക്കാക്കുന്നില്ല. സിയാര്‍ എന്ന തലക്കെട്ടില്‍ ജിഹാദുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍പ്പെടുത്തിയാണ് ഹനഫികള്‍ അതു വിശകലനം ചെയ്യുന്നത്. സ്ത്രീ മതപരിത്യാഗികള്‍ക്ക് വധശിക്ഷ നല്‍കരുതെന്നു ഹനഫി കര്‍മശാസ്ത്രം പറയുന്നു. പ്രായപൂര്‍ത്തിയെത്തിയ ഒരു ബാലന്‍ മതപരിത്യാഗം നടത്തിയാല്‍ അവനെ ജയിലിലടയ്ക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍, മുതിര്‍ന്നൊരു പുരുഷന്‍ ഇസ്‌ലാം ഉപേക്ഷിച്ചാല്‍ വധിച്ചേ പറ്റൂ. പക്ഷേ, അതിന് ഹനഫി പണ്ഡിതന്‍മാര്‍ ഖുര്‍ആനികമായ തെളിവുകളൊന്നും വയ്ക്കുന്നില്ല. പകരം നേരത്തേ പറഞ്ഞ നബിവചനം ഉദ്ധരിക്കുന്നു. അബൂബക്കര്‍ നടത്തിയ യുദ്ധമാണ് അവര്‍ ഉന്നയിക്കുന്ന മറ്റൊരു തെളിവ്. അതായത്, അവര്‍ക്ക് പരിത്യാഗം രാഷ്ട്രീയമായ പ്രവൃത്തിയായിരുന്നു.മാലിക്കികള്‍ പരിത്യാഗം വ്യഭിചാരത്തിനു തുല്യമാണെന്നു കരുതുമ്പോള്‍ തന്നെ അതിനു ദൈവികശിക്ഷ നിര്‍ദേശിക്കപ്പെട്ടിട്ടില്ലെന്നു കരുതുന്നു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ സ്വധര്‍മം ഉപേക്ഷിക്കുന്നവന്‍ പശ്ചാത്തപിക്കുന്നില്ലെങ്കില്‍ കൊല്ലണമെന്ന മാലിക്ക് നിലപാടിനും ആലംബം മുന്‍ചൊന്ന ഹദീസ് തന്നെ.ശാഫി ചിന്താ ശാഖ പറയുന്നത് മൂന്നു കാരണം കൊണ്ടു മാത്രമേ ഒരു വിശ്വാസിയുടെ ജീവനെടുക്കാവൂ എന്നാണ്. വ്യഭിചാരം, കൊലപാതകം, മതപരിത്യാഗം എന്നിവയാണവ. ഇമാം ശാഫി ഉദ്ധരിക്കുന്ന ഒരു പ്രധാന ഖുര്‍ആന്‍ വചനമിതാണ്: കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിനു വേണ്ടിയാവുകയും ചെയ്യുന്നതുവരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക (8:39).ഈ വചനം വിശ്വാസസ്വാതന്ത്ര്യത്തിനു വേണ്ടിയും ബലംപ്രയോഗിച്ചുള്ള മതംമാറ്റത്തിനെതിരായും സായുധസമരമാവാമെന്നു വ്യക്തമാക്കുന്നു. മതപരിത്യാഗം സത്യനിഷേധത്തെക്കാള്‍ ഹീനമാണെന്ന നിലപാടിലാണ് ഇമാം ശാഫി. കാരണം, ഇസ്‌ലാമുപേക്ഷിക്കുന്ന ഒരുവന് ഈ ഭൂമിയില്‍ എല്ലാം നഷ്ടപ്പെടുന്നു. അവന് ദൈവത്തിന്റെ പാപമോചനസാധ്യതയും നഷ്ടമാവുന്നു. അതിനാല്‍, വധശിക്ഷ നിര്‍ബന്ധമാണ്. എന്നാല്‍, ഇമാം ശാഫി ഉദ്ധരിച്ച ഖുര്‍ആന്‍ വചനം ഈ നിലപാടിനെ സാധൂകരിക്കുന്നതായി കാണുന്നില്ല. ഹമ്പലികള്‍ നാം വിശകലനം ചെയ്ത പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ മതമുപേക്ഷിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നു സിദ്ധാന്തിക്കുന്നു.ചില ക്രൈസ്തവ ചിന്തകരെപ്പോലെ ഈ പണ്ഡിതന്മാര്‍ രാജ്യദ്രോഹവും മതപരിത്യാഗവും ഒന്നാണെന്നാണ് കരുതുന്നത്. മാത്രമല്ല, ഇവര്‍ക്കിടയില്‍ കാണുന്ന വിശദാംശങ്ങള്‍ സംബന്ധിച്ചുള്ള ഭിന്നിപ്പുകള്‍ സത്യവിശ്വാസം ത്യജിക്കുന്നവനു വധശിക്ഷ നല്‍കണമെന്ന ദൈവികമായ കല്‍പ്പനയുണ്ടെന്നു സ്ഫുടമായി പറയുന്ന പാഠമില്ലെന്നു വ്യക്തമാക്കുന്നു. അവരൊക്കെ രാഷ്ട്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് മതപരിത്യാഗത്തെ കാണുന്നത്. അവര്‍ക്കത് രാഷ്ട്രത്തോടുള്ള യുദ്ധമാണ്3.ഇമാമി ശിയാ വീക്ഷണത്തില്‍ രണ്ടുതരം മതപരിത്യാഗമുണ്ട്. ജന്മനാ മുസ്‌ലിം സമൂഹത്തില്‍ ജനിക്കുന്ന അവിശ്വാസി, ഇസ്‌ലാം സ്വീകരിച്ച ശേഷം അതു ത്യജിക്കുന്നവന്‍. ആദ്യഗണത്തില്‍പ്പെട്ടവനെ വധിക്കണം. അവനു പശ്ചാത്തപിക്കാന്‍ പോലും അവസരമില്ല. രണ്ടാമത്തവന് പശ്ചാത്തപിച്ചു തിരിച്ചുവരാന്‍ അവസരം കൊടുക്കാം. സ്ത്രീയെ ഒരു കാരണവശാലും വധിക്കരുത്; അവളെ ജയിലിലടയ്ക്കണം. ഇമാമി ശിയാ പണ്ഡിതന്മാര്‍ ദൈവം ശിക്ഷ നിശ്ചയിച്ച ഒരു കുറ്റമായി മതപരിത്യാഗത്തെ കാണുന്നില്ല. ശിക്ഷ നല്‍കുന്നതില്‍ ഭരണാധികാരികള്‍ക്ക് വിവേചനാധികാരമുള്ള കുറ്റങ്ങളുടെ കൂട്ടത്തിലാണ് അവര്‍ അതുള്‍പ്പെടുത്തിയിട്ടുള്ളത്. ദാഹിരി ശാഖയാവട്ടെ ദീനില്‍ നിര്‍ബന്ധമില്ല എന്ന ഖുര്‍ആന്‍ സൂക്തം പിന്നീട് ദുര്‍ബലമാക്കപ്പെട്ടതാണെന്നും മതപരിത്യാഗത്തിനു ദൈവദത്തമായ ശിക്ഷയുണ്ടെന്നും വാദിക്കുന്നു. അറബ് ഗോത്രങ്ങളോട് ഒന്നുകില്‍ വിശ്വസിക്കുക അല്ലെങ്കില്‍ വാളിനിരയാവുക എന്നുപറയുന്ന കാര്യത്തില്‍ മരണം വരെ പ്രവാചകന്‍ ശഠിച്ചിരുന്നു എന്നാണവരുടെ വാദം. മതത്തില്‍ നിര്‍ബന്ധമില്ല എന്ന സൂക്തം യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമേ ബാധകമാവൂ എന്നവര്‍ കരുതുന്നു.മതപരിത്യാഗികള്‍ക്ക് പശ്ചാത്തപിച്ചു മടങ്ങാന്‍ അനുവാദം നല്‍കണമെന്നും അതിനു തയ്യാറാവാത്തവരെ മാത്രമേ വധിക്കാവൂ എന്നുമാണ് സയ്ദി ശിയാ പണ്ഡിതന്മാരുടെ അഭിപ്രായം. മതമുപേക്ഷിക്കുന്നത് ഭരണകൂടത്തിനെതിരായ യുദ്ധമാണെന്നവര്‍ കരുതുന്നു. ചെറിയ വ്യത്യാസങ്ങളോടെ ഇബാദികളും അതേ അഭിപ്രായക്കാരാണ്. പണ്ഡിതന്മാര്‍ക്കിടയിലെ ഇത്തരം അഭിപ്രായാന്തരങ്ങള്‍ ഉടലെടുക്കാനുള്ള കാരണങ്ങള്‍ ഇവയാണ്.1) മതമെന്നത് സര്‍വസ്പര്‍ശിയായ ഒരു നിയമവ്യവസ്ഥയാണെന്നും പൗരന്മാരുടെ വിശ്വാസപരമായ ഭിന്നതകള്‍ പരിഗണിക്കാതെ ഏവര്‍ക്കും അത് ബാധകമാണെന്നുമുള്ള ധാരണ.2) ഒരാളുടെ വിശ്വാസത്തില്‍ വരുന്ന മാറ്റം മതത്തിന്റെ തൂണുകള്‍ക്കു തന്നെ തകരാര്‍ വരുത്തുമെന്ന സങ്കല്‍പ്പം.3) വിശ്വാസപരിത്യാഗം മുസ്‌ലിം ഉമ്മയോടും രാഷ്ട്രത്തിനോടുമുള്ള ശത്രുതയും എതിര്‍പ്പുമാണെന്ന നിഗമനം.ഖുര്‍ആന്‍ വിശ്വാസത്തിന്റെ കാര്യത്തിലടക്കം മനുഷ്യര്‍ക്കിടയില്‍ അന്തരങ്ങളുണ്ടെന്ന കാര്യം അംഗീകരിക്കുന്നു. അതിനാല്‍, സത്യവിശ്വാസം കൈക്കൊള്ളുന്നവനത് ചെയ്യാം, അവിശ്വസിക്കുന്നവന് അങ്ങനെയുമാവാം. പ്രവാചകന്‍ ആരെയും നിര്‍ബന്ധിച്ച് ഇസ്‌ലാമിലേക്ക് കൊണ്ടുവന്നില്ല. ഖുര്‍ആന്‍ പഠിപ്പിക്കുന്നതിതാണ്:നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ! (10:99). ഖുര്‍ആന്റെ സമീപനമതാണെങ്കില്‍ സുന്ന:യുടെ നിലപാടും അതാണ്. മതപരിത്യാഗിക്ക് പരലോകത്താണ് ശിക്ഷയെന്നു ഖുര്‍ആന്‍ പറയുന്നു. മുസ്‌ലിം സമൂഹത്തിനെതിരേ അക്രമം ചെയ്യുന്നില്ലെങ്കില്‍ ഈ ലോകത്ത് മതം ത്യജിക്കുന്നവന് ശിക്ഷയില്ലെന്നു സുന്ന:യും വ്യക്തമാക്കുന്നു. ദൈവത്തിന്റെ വിശേഷാധികാരത്തില്‍പ്പെട്ടതാണ് മതമുപേക്ഷിക്കുന്നവന് നല്‍കുന്ന പരലോകശിക്ഷ.വിവിധ ചരിത്രഘട്ടങ്ങളില്‍ ഭരണാധികാരികള്‍ വിമതരെ കൈകാര്യം ചെയ്യാന്‍ മതപരിത്യാഗം എന്ന ആയുധമുപയോഗിച്ചിട്ടുണ്ട്. ദുര്‍ഭരണാധികാരികളെ ഉപദേശിക്കുകയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത പല പണ്ഡിതന്മാരെയും അവര്‍ മര്‍ദ്ദിച്ചു. കൂടിയാലോചനയ്ക്ക് ഇസ്‌ലാം നല്‍കുന്ന പരമമായ പ്രാധാന്യം പരിഗണിച്ച് അത് പ്രായോഗികമാക്കാനുള്ള സംവിധാനങ്ങള്‍ മുസ്‌ലിം ലോകം ആവിഷ്‌കരിച്ചില്ല. അതിനാല്‍, മനസ്സാക്ഷിയും ദൈവഭയവുമുള്ള ചില പണ്ഡിതന്മാര്‍ ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ട് ശൂറ പ്രായോഗികമാക്കാന്‍ ശ്രമിച്ചിരുന്നു. മിക്ക രാജാക്കന്മാരും അത്തരം വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. ഏകാധിപത്യത്തിന്റെ ഗര്‍ത്തത്തില്‍ മുസ്‌ലിം സമൂഹം വീണുപോവുന്നത് തടയാനാണ് യഥാര്‍ഥത്തില്‍ പണ്ഡിതന്മാര്‍ ശ്രമിച്ചത്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് ബദലായി നില്‍ക്കുന്ന ഒരു ശക്തിയായിട്ടാണ് ഇസ്‌ലാമിക ചരിത്രത്തില്‍ അവര്‍ പ്രവര്‍ത്തിച്ചത്. ഖുര്‍ആനിലെ ഉലുല്‍അംറ് (അധികാരം ലഭിച്ചവര്‍) എന്നാല്‍ ഭരണാധികാരികള്‍ മാത്രമല്ല പണ്ഡിതന്മാരും ചിന്തകന്മാരുമൊക്കെയാണ്. മാര്‍ഗദര്‍ശികളായ നാലു ഖലീഫമാര്‍ രാഷ്ട്രീയ ദര്‍ശനവും അധികാരവും സംയോജിപ്പിച്ചു. ഖുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നും യുക്തിസഹമായ നിഗമനങ്ങളിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. കൂടിയാലോചനകളിലൂടെയും മറ്റു സംവാദങ്ങളിലൂടെയും പൊതു നന്മയെന്തെന്നു തിരിച്ചറിയാനുള്ള സന്നദ്ധത അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, അവര്‍ക്കു ശേഷം ഭരണാധികാരികളുടെ കാഴ്ചപ്പാട് മാറി. അവര്‍ ഏകാധിപതികളായിരുന്നു. അവരെ സ്വതന്ത്രരായി വിടുന്നതിനു പ്രതിബന്ധമായിനിന്നത് പണ്ഡിതന്മാരാണ്. ക്രമേണ ആത്മീയ ചൈതന്യമുള്ള പണ്ഡിതന്മാര്‍ പൊതുകാര്യങ്ങളില്‍ ഇടപെടുന്നത് ചുരുങ്ങിവന്നു. ഭരണം വ്യക്തികേന്ദ്രീകൃതമായി മാറി. സമാന്തരമായി ഖുര്‍ആനെ പ്രവാചകചര്യയില്‍ നിന്നു വേര്‍തിരിക്കുന്ന പ്രവണതയും ശക്തമായി. അനൈക്യവും ഭിന്നതകളുമായിരുന്നു അതിനു വഴിവച്ചത്. നിയമനിര്‍മാണത്തില്‍ ഖുര്‍ആനും പ്രവാചകചര്യക്കുമുള്ള പങ്ക് കുറഞ്ഞുവന്നു. ഇസ്‌ലാമിക തത്ത്വങ്ങള്‍ നിയമസംഹിതയില്‍ നിന്നുമകന്നു. ആദ്യകാല പണ്ഡിതന്മാരുടെ നിയമവിശകലനങ്ങളുടെ തുടര്‍ച്ചയില്ലാതായി. മദ്ഹബുകളുടെ ഉപജ്ഞാതാക്കളായ അബൂഹനീഫ, അഹ്മദ് ബിന്‍ ഹംബല്‍, മുഹമ്മദ് ശാഫി, മാലിക് ബിന്‍ അനസ് എന്നിവരുടെ രചനകള്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ തുടങ്ങി. അവരുടെ വാദങ്ങള്‍ മാനവരാശിക്ക് നിയമം നല്‍കിയ പ്രവാചകന്റെ വചനങ്ങള്‍ക്ക് തുല്യമായി.മൂന്നാം ഖലീഫയായ ഉസ്മാന്റെ ഭരണകാലത്തുണ്ടായ സംഘര്‍ഷവും അദ്ദേഹത്തിന്റെ വധവും തുടര്‍ന്നുണ്ടായ അഭിപ്രായഭിന്നതകളും കലാപങ്ങളും ജമല്‍ യുദ്ധവും സിഫീനിലെ സംഭവങ്ങളും മുസ്‌ലിം സമൂഹത്തിന്റെ ഐക്യം തകര്‍ത്തു. തുടര്‍ന്ന്, വിവിധ വിഭാഗങ്ങളും നിയമവ്യാഖ്യാനങ്ങളും മദ്ഹബുകളും ഉടലെടുത്തു. അധികാരത്തിനായി വിവിധ വംശങ്ങള്‍ മല്‍സരിച്ചു. സുന്നി-ശിയാ, സൂഫി-സലഫി, പാരമ്പര്യവാദികള്‍-ആധുനികര്‍ എന്നിങ്ങനെ ആധുനിക കാലത്ത് കാണുന്ന പല വിഭാഗീയതകളും അവയുടെ തുടര്‍ച്ചയായി വരുന്നതാണ്. സലഫികള്‍ മറ്റു മുസ്‌ലിംകളുമായി നടത്തുന്ന തര്‍ക്കങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളും ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടങ്ങളും അനാശാസ്യമായ അത്തരം പ്രവണതകളില്‍പ്പെടും. എളുപ്പം പ്രതിയോഗികളെ മതപരിത്യാഗികളാക്കുന്ന സ്വഭാവം എല്ലാ സംഘര്‍ഷത്തിലും കണ്ടിരുന്നു. ചരിത്രത്തില്‍ മതപരിത്യാഗികളായി മുദ്രകുത്തപ്പെട്ട് അനേകശതം പണ്ഡിതന്മാരും സൂഫികളും നിയമജ്ഞരും പീഡിക്കപ്പെടുകയോ ബഹിഷ്‌കൃതരാവുകയോ ചെയ്തു. ചിലപ്പോഴവര്‍ നാസ്തികരായി ചിത്രീകരിക്കപ്പെട്ടു. രാജാക്കന്മാരെ ചോദ്യം ചെയ്തതോ വരേണ്യ വീക്ഷണങ്ങളെയും ദുര്‍വൃത്തരായ പണ്ഡിതന്മാരെയും എതിര്‍ത്തതോ മൂലമാണ് അവര്‍ പീഡിപ്പിക്കപ്പെട്ടത്. ജനങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കാന്‍ തയ്യാറായാല്‍ ഈ ദുഷ്പ്രവണതകള്‍ക്കന്ത്യമാവും.ചില ഖുര്‍ആനിക സൂക്തങ്ങള്‍ നമുക്ക് വീണ്ടും പരിശോധിക്കാം.”എന്തായാലും നമ്മുടെ സന്ദേശമെത്തിക്കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. കണക്കു നോക്കുന്ന പണി നമ്മുടേതാണ് (13:40).പറയുക, ഇത് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് വിശ്വസിക്കാം, ഇഷ്ടമുള്ളവര്‍ക്ക് അവിശ്വസിക്കാം……. (18:29). 200ലധികം വചനങ്ങളിലൂടെ ഖുര്‍ആന്‍ മനുഷ്യസ്വാതന്ത്ര്യം എടുത്തോതുന്നുണ്ട്. അതിനാല്‍ തന്നെ വ്യക്തിതലത്തില്‍ ഒരാള്‍ തന്റെ വിശ്വാസമുപേക്ഷിക്കുന്നതിന് വധമാണ് ശിക്ഷ എന്നു കരുതുന്നത് അസംബന്ധമാണ്. പ്രാക്തനപണ്ഡിതന്മാര്‍ പരിത്യാഗത്തിനു വധശിക്ഷ നിര്‍ദേശിച്ചത് മറ്റു കാരണങ്ങള്‍ കൊണ്ടാണ്. മുസ്‌ലിം രാഷ്ട്രത്തിന്റെ പൊതുവായ നിയമവ്യവസ്ഥയും സംവിധാനങ്ങളും സംസ്‌കാരവും ഉപേക്ഷിച്ച രാജ്യദ്രോഹിയാവുന്നതാണ് അവരുടെ കണ്ണില്‍ വിശ്വാസവ്യതിചലനം. പക്ഷേ, ഖുര്‍ആനും പ്രവാചകചര്യയും പഠിപ്പിക്കുന്നത് അതല്ല.വിവ: കലീം (തുടരും)കുറിപ്പുകള്‍1) ഉസ്താദ് മുഹമ്മദ് ത്വാഹ എന്നറിയപ്പെട്ടിരുന്ന മഹ്മൂദ് മുഹമ്മദ് ത്വാഹ (1909-1985) സുഡാനിലെ അറിയപ്പെടുന്ന ഇസ്‌ലാമിക ചിന്തകനായിരുന്നു. മക്കയിലവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കാണ് സാര്‍വലൗകികതയുള്ളതെന്നും മദീനയില്‍ വെളിപ്പെട്ട വചനങ്ങള്‍ കാലികമാണെന്നുമുള്ള വിപ്ലവകരമായ ചിന്തകള്‍ മുമ്പോട്ടുവച്ചതിനാല്‍ ത്വാഹ വലിയ വിവാദ പുരുഷനായിരുന്നു. ശരീഅ: നിയമങ്ങള്‍ കാലത്തിനനുസരിച്ച ഭേദഗതി വരുത്തണമെന്നും ത്വാഹ വാദിച്ചു. സുഡാനില്‍ ഹുദൂദ് നിയമങ്ങള്‍ നടപ്പാക്കിക്കൊണ്ട് ജനപിന്തുണ നേടാന്‍ ശ്രമിച്ച സുഡാന്‍ സൈനിക ഭരണാധികാരി നുമൈരി ത്വാഹയെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു. മതപരിത്യാഗം എന്ന കുറ്റമാണ് ത്വാഹയുടെയും മറ്റു നാലുപേരുടെയും മേല്‍ ചുമത്തിയത്. വിചാരണ ത്വാഹ ബഹിഷ്‌കരിക്കുകയായിരുന്നു. രണ്ടുമണിക്കൂറിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി ത്വാഹയ്ക്കും സംഘത്തിനും വധശിക്ഷ നല്‍കി. മറ്റു നാലുപേര്‍ പശ്ചാത്തപിച്ചു മടങ്ങി. 1985 ജനുവരി 18ന് വന്‍ ജനകീയ പ്രക്ഷോഭത്തിനിടയില്‍ ത്വാഹയെ ഭരണകൂടം വധിച്ചു. മൃതദേഹം രഹസ്യമായി മറവു ചെയ്തു.2) ഇസ്‌ലാമിലൊഴികെ പൗരസ്ത്യരും പാശ്ചാത്യരുമായ രാജാക്കന്മാര്‍ തങ്ങള്‍ ദൈവപുത്രന്മാരോ ദൈവത്തില്‍ നിന്നു വരം ലഭിച്ചവരോ ആണെന്നവകാശപ്പെട്ടിരുന്നു. ഇന്ത്യയിലെ പല രാജാക്കന്മാരും അവതാരപുരുഷന്മാരായിട്ടാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. ജപ്പാനിലെ ചക്രവര്‍ത്തി ദൈവത്തിന്റെ മകന്‍ തന്നെയായിരുന്നു. യൂറോപ്യന്‍ രാജാക്കന്മാര്‍ ബൈബിള്‍ ഗോത്രങ്ങളിലേക്കാണ് തങ്ങളുടെ വംശാവലി ഘടിപ്പിച്ചത്. പലരും 13ാമത്തെ ഇസ്രായേലി ഗോത്രത്തില്‍പ്പെട്ടവരാണ് തങ്ങളെന്നവകാശപ്പെട്ടു.3) മതപരിത്യാഗത്തിനു ശിക്ഷ നല്‍കുന്നതില്‍ ക്രൈസ്തവ സഭയാണ് ഏറ്റവും നിഷ്ഠുരമായ മാതൃക കാണിച്ചത്. ബൈബിളില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ക്കുന്നതുപോലും ശിക്ഷാര്‍ഹമായിരുന്നു. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നു പറഞ്ഞവരൊക്കെ പീഡിപ്പിക്കപ്പെട്ടു. ജിയാനാദോ ബ്രൂണോയെ (1548-1600) തീയിലിട്ടു കൊല്ലുകയായിരുന്നു. ഗലീലിയോ വീട്ടുതടങ്കലിലായിരുന്നു.12ാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭ ആരംഭിച്ച ഇന്‍ക്വിസിഷന്‍ എന്ന കുറ്റവിചാരണയനുസരിച്ച് അനേകായിരമാളുകള്‍ മതപരിത്യാഗത്തിനും വിശ്വാസഭ്രംശത്തിനും വധിക്കപ്പെട്ടു. സ്‌പെയിനിലും ഫ്രാന്‍സിലും ലാറ്റിനമേരിക്കയിലും ഇന്‍ക്വിസിഷന്‍ നടന്നിരുന്നു. പോര്‍ച്ചുഗീസ് ഭരണകാലത്ത് ഗോവയില്‍ വരെ ഇന്‍ക്വിസിഷന്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. 16ാം നൂറ്റാണ്ടിലാണ് ഇന്‍ക്വിസിഷന്‍ അവസാനിക്കുന്നത്.
………..

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss