|    Feb 25 Sun, 2018 3:06 am

മദ്യ വില്‍പന കേന്ദ്രത്തിനെതിരേ പ്രതിഷേധം ശക്തം : സമരപ്രഖ്യാപനം ഇന്ന്

Published : 17th January 2017 | Posted By: fsq

 

ആലപ്പുഴ: തിരുമല ചുങ്കം പഗോഡ റിസോര്‍ട്ടിന്റെ കിഴക്കുഭാഗത്ത്  രഹസ്യമായി സര്‍ക്കാര്‍ മദ്യവില്‍പന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ആലപ്പുഴ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. ചുങ്കപ്പാലത്തിന് കിഴക്ക് സണ്‍ റൈസ് അവന്യു റസിന്റ്‌സ് ഗ്രൗണ്ടില്‍ വൈകീട്ട് 4.30ന് നടക്കുന്ന കണ്‍വന്‍ഷന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും. മത, സാമൂഹിക, രാഷട്രീയ രംഗത്തുള്ളവര്‍ പങ്കെടുക്കും. മദ്യവില്‍പന ശാലയുടെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത് ഇതിന്റെ പരിസരത്തും സമീപ പ്രദേശങ്ങളിലും ഉള്ളവരാണെന്ന പ്രചാരണം പ്രദേശത്ത് വ്യാപകമായിരിക്കുകയാണ്. ചുങ്കപ്പാലത്തിനു സമീപം അക്രമങ്ങളും ഗുണ്ടാവിളയാട്ടങ്ങളും നാല്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. വരും തലമുറയെ മദ്യമയക്കുമരുന്ന് മാഫിയയുടെ മുമ്പില്‍ അടിയറവ് വയ്ക്കാന്‍ അനുവദിക്കരുതെന്ന പ്രചാരണമാണ് നടക്കുന്നത്. ലഹരി മാഫിയ സംഘങ്ങളുടെ ആക്രമണത്തിനിരയായ വാര്‍ഡ് കൗണ്‍സിലര്‍ വെട്ടേറ്റ് സംഭവം പ്രദേശത്ത് നടന്നിരുന്നു. ചുങ്കത്ത് കള്ളുഷാപ്പില്‍ നടന്ന നാടിനെ നടുക്കിയ കൊലപാതകം ജനങ്ങള്‍ ഇന്നും ഭീതിയോടെയാണ് നോക്കിക്കാണുന്നത്. കൂലിത്തൊഴിലാളികളായ അനേകം സത്രീകളും രാത്രികാലങ്ങളിലും മറ്റും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. മദ്യ വില്‍പന വ്യാപകമാവുന്നതോടെ ഇതുവഴി സഞ്ചരിക്കുന്ന വിദ്യാര്‍ഥികളടക്കം ഭീതിയിലാവും. പൊതുവെ വിചനമായ പ്രദേശത്ത് ആക്രമണമുണ്ടായാല്‍ പോലും അധികമാരും അറിയുകയുമില്ല. മുസ്്‌ലിം, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലം, സര്‍ക്കാര്‍ ആശുപത്രി, ഫയര്‍ഫോഴ്‌സ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കു പോവുന്നത് ഇതുവഴിയാണ്. മദ്യവില്‍പന കേന്ദ്രം വന്നതോടെ റോഡില്‍ ഗതാഗത തടസ്സം പതിവായിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് വാഹനങ്ങളാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss