|    Dec 19 Tue, 2017 2:05 am
FLASH NEWS

മദ്യ-മയക്കുമരുന്നു മാഫിയയുടെ പിടിയില്‍ മാടന്‍വിള കടവുപാലം

Published : 28th July 2016 | Posted By: SMR

കഴക്കൂട്ടം: അഴൂര്‍ മാടന്‍വിള കടവുപാലം മദ്യ-മയക്കുമരുന്നു മാഫിയയുടെയും സാമൂഹികവിരുദ്ധരുടെയും താവളമാവുന്നു. അഴൂര്‍ കഠിനംകുളം പോലിസ് സ്‌റ്റേഷനുകളുടെ പരിധിയിലുള്ള ഈ പ്രദേശത്തു പോലിസിന്റെ ഇടപെടല്‍ തീരെ ഇല്ലാത്തതാണ് സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടാന്‍ കാരണം. ചിറയിന്‍കീഴ് അഴൂര്‍ ഭാഗത്തുള്ള ചിറയിന്‍കീഴ് നിവാസികളും പെരുമാതുറ നിവാസികളും കടത്തുവള്ളം മാര്‍ഗമാണ് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുകരകളിലേക്കും എത്തിക്കൊണ്ടിരുന്നത്.
എന്നാല്‍, കോടികള്‍ ചെലവിട്ടു കഠിനംകുളം കായലിനു കുറുകെ പാലം നിര്‍മിച്ചു സഞ്ചാരയോഗ്യമാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് ആശ്വാസമായത്. പാലം നിര്‍മാണം തുടങ്ങിയ നാള്‍ മുതല്‍ രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ഇതുവഴിയുള്ള സഞ്ചാരം തന്നെ അപകടകരമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. പ്രദേശത്തെ വ്യാജമദ്യ കച്ചവടക്കാരും കഞ്ചാവ് വില്‍പന നടത്തുന്നവരും ഈ പാലം ചുറ്റിപ്പറ്റിയാണ് ഇടപാടുകള്‍ നടത്തുന്നത്. പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവിടെ മദ്യപിക്കാനും കഞ്ചാവ് ഉപയോഗിക്കാനും വാങ്ങാനും നിരവധി ചെറുപ്പക്കാരാണ് ദിവസവും വരുന്നത്.
സന്ധ്യ കഴിഞ്ഞാല്‍ വഴിയാത്രക്കാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും നേരെ സാമൂഹികവിരുദ്ധരുടെ പിടിച്ചുപറിയും പതിവാണ്. നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയതോടെയാണ് പാലത്തിനു മുകളില്‍ ലക്ഷങ്ങള്‍ മുടക്കി സ്ട്രീറ്റ്‌ലൈറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ ലൈറ്റുകള്‍ പ്രകാശിച്ചുതുടങ്ങി ആഴ്ചകള്‍ക്കകം ഇവയെല്ലാം കേടാക്കുകയും പിന്നീട് ഇളക്കിക്കൊണ്ടുപോകുകയും ചെയ്തു. സ്ട്രീറ്റ്‌ലൈറ്റിന്റെ വയറിങുകള്‍ പൊളിച്ചുമാറ്റി. സ്ട്രീറ്റ് ലൈറ്റും സോളാര്‍ ലൈറ്റുകളും അടിച്ചുതകര്‍ക്കലും പതിവാണ്. നിരവധി തവണ സോളാര്‍ ലൈറ്റുകള്‍ അധികൃതര്‍ പുനസ്ഥാപിച്ചെങ്കിലും വീണ്ടും ഇവര്‍ നശിപ്പിക്കുകയാണ്. ഇതോടെ ബന്ധപ്പെട്ടവര്‍ റിപ്പയറിങ് നിര്‍ത്തിവച്ചു. നിലവില്‍ ഒന്നോ രണ്ടോ സ്ട്രീറ്റ് ലൈറ്റുകള്‍ മാത്രമാണ് പ്രകാശിക്കുന്നത്. കഠിനംകുളം പോലിസ് സ്റ്റേഷന്റെയും അഴൂര്‍ പോലിസ് സ്റ്റേഷന്റെയും അതിരുകളായതിനാല്‍ ഇരുസ്റ്റേഷനുകളുടെയും ശ്രദ്ധ കുറവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss