|    Jun 22 Fri, 2018 7:04 pm
FLASH NEWS

മദ്യശാല തുറന്നു; പനമരത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

Published : 14th July 2017 | Posted By: fsq

 

പനമരം: സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ പനമരം നീരട്ടാടി റോഡില്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ് തുറന്നു. ആത്മഹത്യാ ഭീഷണിയും പോലിസ് ലാത്തിചാര്‍ജും സൃഷ്ടിച്ച കലാപ സമാനമായ അന്തരീക്ഷത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് മദ്യശാല തുറന്നത്. പോലിസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്നു രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ പനമരത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തില്‍ പോലിസുകാര്‍ക്കും ലാത്തിചാര്‍ജില്‍ സമരക്കാര്‍ക്കും പരിക്കേറ്റു. മദ്യശാല തുറക്കുന്ന വിവരമറിഞ്ഞ പ്രദേശവാസി വൈശ്യമ്പത്ത് അസീസ് ആത്മഹത്യാ ഭീഷണി മുഴക്കി വീടിനു മുകളില്‍ കയറിയതോടെ പോലിസും ഫയര്‍ഫോഴ്‌സുമെത്തി. മദ്യശാല തുറക്കരുതെന്ന നിലപാടുള്ള 50ഓളം ആളുകളും വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. കല്‍പ്പറ്റ ഡിവൈഎസ്പി കെ മുഹമ്മദ് ഷാഫി, മീനങ്ങാടി സിഐ പളനി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ പോലിസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഇതിനിടെ, അസീസ് ദേഹത്ത് പെട്രോളൊഴിച്ചു. ഇതുകണ്ട് രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിനു മുകളിലേക്ക് പാഞ്ഞുകയറി ഇയാളെ പിടികൂടി. അത്യാഹിതം ഒഴിവാക്കാന്‍ താഴെ നിന്ന് ഫയര്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് അസീസിന്റെ ദേഹത്ത് വെള്ളം ചീറ്റിക്കുകയും ചെയ്തു. താഴെ റോഡിലായിരുന്നു സമരക്കാര്‍ കേന്ദ്രീകരിച്ചിരുന്നത്. അസീസിനെ കീഴടക്കിയതോടെ സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ് സംഘം വരുന്നതിനിടെയാണ് കല്ലേറുണ്ടായത്. കമ്പളക്കാട് എസ്‌ഐ സി എ മുഹമ്മദിനും എആര്‍ ക്യാംപിലെ സിപിഒ മുസ്തഫയ്ക്കും പരിക്കേറ്റു. ഇതേത്തുടര്‍ന്നാണ് പോലിസ് ലാത്തിവീശിയത്. സമരക്കാരോടൊപ്പമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്തിനും പോലിസ് മര്‍ദനമേറ്റു. സമരക്കാരെ ബലമായി മാറ്റിയതിനു ശേഷമാണ് പോലിസ് സംരക്ഷണത്തോടെ മദ്യശാല തുറന്നത്. ആദ്യ മൂന്നു മണിക്കൂറുകളില്‍ ഒരുലക്ഷം രൂപയുടെ കച്ചവടം നടന്നതായാണ് സൂചന.മദ്യശാല തുറക്കുമെന്നറിഞ്ഞ് ധാരാളം ആളുകള്‍ മദ്യം വാങ്ങാന്‍ ഇവിടെ എത്തിയിരുന്നു. ഇവര്‍ സമരക്കാരെ അധിക്ഷേപിച്ചു. ഇതിനിടെ, സ്ഥലത്ത് ആദിവാസി വീട്ടമ്മമാര്‍ മദ്യശാലക്കെതിരേ പ്രതിഷേധവുമായെത്തി. മദ്യശാല തുറന്നാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഇതുവഴി സ്‌കൂളില്‍ പോവാന്‍ കഴിയില്ലെന്നു പറഞ്ഞ ഇവര്‍ മക്കളെ സ്‌കൂളില്‍ അയക്കില്ലെന്നു പറഞ്ഞിട്ടും അധികൃതര്‍ മുഖവിലയ്‌ക്കെടുത്തില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss