|    Oct 17 Wed, 2018 9:56 pm
FLASH NEWS

മദ്യശാലയ്‌ക്കെതിരായ അദിവാസി അമ്മമാരുടെ സമരം തുടരുന്നു ; ഇന്ന് 600ാം ദിവസം

Published : 13th September 2017 | Posted By: fsq

 

മാനന്തവാടി: 18 കോളനികള്‍ക്ക് നടുവിലായി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലറ്റിനെതിരേ ആദിവാസി വീട്ടമ്മമാര്‍ നടത്തിവരുന്ന സമരം ഇന്ന് 600 ദിവസം പൂര്‍ത്തിയാവും. ഇതോടനുബന്ധിച്ച് വൈകീട്ട് ഗാന്ധിപാര്‍ക്കില്‍, ആദിവാസി സത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിക്കുന്നതിനും ലഹരിവിരുദ്ധ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പൊതുയോഗം ചേരും. 2016 ജനുവരി 26നായിരുന്നു വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സമരം തുടങ്ങിയത്. പ്രദേശത്തെ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, വിവിധ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹായവും പിന്തുണയുമുണ്ടായിരുന്ന സമരത്തെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയായിരുന്നു ബിവറേജസ് ജീവനക്കാരും മദ്യശാലയെ അനുകൂലിക്കുന്നവരും എതിരേറ്റത്. നിരവധി വ്യാജ പരാതികള്‍ നല്‍കിയും വാസ്തവ വിരുദ്ധമായ വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചും സമരത്തെ ജനമധ്യത്തില്‍ അപഹസിച്ചു. സമരം മാസങ്ങള്‍ പിന്നിട്ടും പരിഹാരമാവാതെ നീണ്ടതോടെ നേരത്തെയുണ്ടായിരുന്ന പിന്തുണകള്‍ പലതും വാക്കുകളില്‍ മാത്രമായി. സംസ്ഥാനത്ത് ഭരണമാറ്റം നടക്കുകയും മദ്യഷാപ്പുകള്‍ക്ക് അനുകൂല സമീപനത്തോടെ ഇടതു സര്‍ക്കാര്‍ നീങ്ങുകയും ചെയ്തതോടെ കൂടുതല്‍ പേര്‍ സമരരംഗത്ത് നിന്നും പിന്മാറി. എന്നാല്‍, 2016 ആഗസ്ത് 11ന് ജില്ലാ കലക്ടര്‍ മദ്യഷാപ്പ് പൂട്ടാന്‍ ഉത്തരവിടുകയും ഇതു നടപ്പാക്കി മണിക്കൂറുകള്‍ക്കകം തന്നെ ബിവറേജസ് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിക്കുകയും ചെയ്തു. പിന്നീട് ഹൈക്കോടതിയില്‍ കേസുമായി മുന്നോട്ടുപോവുന്നതില്‍ സമരം ചെയ്യുന്ന അക്ഷരാഭ്യാസമില്ലാത്ത ആദിവാസി വീട്ടമ്മമാരെ സഹായിക്കുന്നവര്‍ക്ക് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ 2017 ഏപ്രില്‍ മൂന്നിന് സമരക്കാര്‍ നടത്തിയ ഉപരോധ സമരത്തിനെതിരേ പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. സമരത്തിന് നേതൃത്വം നല്‍കിയവരെയുള്‍പ്പെടെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ജാമ്യം നല്‍കിയപ്പോള്‍ ഔട്ട്‌ലെറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന നിബന്ധനയുള്ളതിനാല്‍ ഏപ്രില്‍ 17 മുതല്‍ സമരം സബ് കലക്ടര്‍ ഓഫിസിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ വിരലിലെണ്ണാവുന്ന അമ്മമാര്‍ മാത്രമാണ് രാവിലെ മുതല്‍ വൈകീട്ട് വരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നതെങ്കിലും ഇവരുടെ സമരവീര്യം ഇനിയും അവസാനിച്ചിട്ടില്ല. ഇന്നു വൈകീട്ട് നടക്കുന്ന ചടങ്ങില്‍ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഈയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, സംസ്ഥാന സര്‍വോദയ മണ്ഡലം വൈസ് പ്രസിഡന്റ് ടി പി ആര്‍ നാഥ്, പ്രശസ്ത ഗാന്ധിയന്‍ മാത്യു എം കണ്ടം, എം മണിയപ്പന്‍, ഫാ. മാത്യു കാട്ടറത്ത്, മാക്ക പയ്യംപള്ളി പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss