|    Aug 19 Sat, 2017 11:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യശാലകള്‍ക്ക് അനുമതി : തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് അധികാരം നീക്കി

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: മദ്യശാലക ള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയുന്ന കേരള പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചു. തദ്ദേശമന്ത്രി കെ ടി ജലീലിന് വേണ്ടി മന്ത്രി എ കെ ബാലനാണ് രണ്ട് ബില്ലുകളും അവതരിപ്പിച്ചത്. മദ്യശാലകള്‍ സംബന്ധിച്ച തര്‍ക്കം കാരണം പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനം താറുമാറായ സാഹചര്യത്തിലാണ് ഇത്തരമൊരു ഭേദഗതി വരുത്തുന്നതെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. മദ്യശാലകളുടെ അധികാരം എക്സൈസ് വകുപ്പിനാവുന്നതോടെ പഞ്ചായത്തുകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തു കളയുന്നത് വിവേചനപരമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബില്ല് നിയമമാവുന്നതോടെ എക്സൈസ് വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റി സ്ഥാപിക്കാനും കഴിയും. പഞ്ചായത്തീരാജ്-നഗരപാലിക ആക്ടില്‍ ഭേദഗതി വരുത്തി ഇറക്കിയ ഓര്‍ഡിനന്‍സിന് പകരമായാണ് ഭേദഗതി ബില്ലുകള്‍ അവതരിപ്പിച്ചത്. ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. മദ്യലഭ്യത വര്‍ധിപ്പിക്കുന്ന പുതിയ മദ്യനയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മദ്യശാലകള്‍ക്ക് പഞ്ചായത്തുകളുടെ ലൈസന്‍സ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ പിന്‍വലിച്ചത്. പുതിയ ബാറുകള്‍ തുറക്കുന്നതിനും ദേശീയപാതയുടെ 500 മീറ്റര്‍ പരിധിയിലുള്ള ബാറുകളും ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്‍പനശാലകളും മാറ്റി സ്ഥാപിക്കാനും ഇനി എക്‌സൈസ് വകുപ്പിന്റെ അനുമതി മാത്രം മതിയാവും. അതിനാല്‍, മദ്യഷാപ്പുകള്‍ സ്ഥാപിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുന്നത് ഉചിതമാവില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ബില്ല് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക