|    Jan 21 Sat, 2017 4:20 pm
FLASH NEWS

മദ്യവേട്ടയ്ക്ക് ഉപകരണങ്ങളില്ലാതെ എക്‌സൈസ് ജീവനക്കാര്‍

Published : 21st August 2015 | Posted By: admin

തലശ്ശേരി: ഓണവിപണി ലക്ഷ്യമിട്ട് മദ്യക്കടത്തും വ്യാജമദ്യ നിര്‍മാണവും വ്യാപകമാവുമ്പോള്‍ സ്വയം പ്രതിരോധത്തിന് പോലും ഉപകരണങ്ങളില്ലാതെ എക്‌സൈസ് വിഭാഗം ബുദ്ധിമുട്ടുന്നു. സംസ്ഥാനത്ത് എക്‌സൈസ് ഉദ്യോഗസ്ഥരായി 5000 പേരാണ് നിലവില്‍ സേവനമനുഷ്ഠിക്കുന്നത്. എന്നാല്‍ എക്‌സൈസ് വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ തൊട്ട് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിസ്റ്റള്‍ നല്‍കിയിട്ടുണ്ടെങ്കിലും റെയ്ഡില്‍ പങ്കാളികളാവുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധത്തിന് ഒരു ലാത്തി പോലുമില്ല.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി എക്‌സൈസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ ലാത്തി സ്വന്തം പണം ചെലവാക്കി പോലിസ് കാ ന്റീനില്‍ നിന്നു വാങ്ങേണ്ട സ്ഥിതിയാണ്. പ്രതികൂല സാഹചര്യത്തിലും ഉത്തരവാദിത്വത്തോടെ ഡ്യൂട്ടി നിര്‍വഹിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപകരണങ്ങള്‍ പോലും നല്‍കാത്തതിന് അധികൃതര്‍ക്കും ഉത്തരമില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം നടത്തിയ വിവിധ വകുപ്പുതല അവലോകനത്തില്‍ എ ഗ്രേഡ് ലഭിച്ചത് എക്‌സൈസ് വിഭാഗത്തിനാണ്.
മാസങ്ങള്‍ക്കു മുമ്പ് വ്യാജ ചാരായ ലോബിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് മൂന്നു മാസത്തോളം സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദിവസം ശ്രീകണ്ഠപുരത്ത് ചാരായവേട്ടയ്ക്കു പോയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തെ തുടര്‍ന്ന് ബാറുകള്‍ക്ക് താഴ് വീഴുകയും ബിവറേജ് കോര്‍പറേഷന്റെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ പല സ്ഥലങ്ങളിലും അടക്കുകയും ചെയ്തതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.
കര്‍ണാടക, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നു കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെത്തിച്ച് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് കടത്തുകയാണ്. മലയോര മേഖലകളിലേക്ക് ഇത്തരത്തില്‍ മദ്യം എത്തിക്കുാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം വ്യാജവാറ്റ് കേന്ദ്രം വളരെ സജീവമാണ്. ഇത്തരം കേന്ദ്രങ്ങളില്‍ റെയ്ഡിന് പോവാന്‍ ചുമതലയുള്ള എക്‌സൈസ് സംഘത്തിന് കേവലം യൂനിഫോമിന്റെ ബലവും ആത്മവിശ്വാസവും മാത്രമാണ് കൈമുതല്‍. വ്യാജചാരായം വില്‍പ്പന നടത്താനായി ചാരായ ലോബി ക്രിമിനല്‍ സംഘങ്ങളെയാണ് ഉപയോഗിക്കുന്നത്. എന്തുംചെയ്യാന്‍ മടിക്കാത്ത മാനസികാവസ്ഥയുള്ള ക്രിമിനല്‍ സംഘങ്ങളെയാണ് കേവലം യൂനിഫോമിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തില്‍ മാത്രം എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിടേണ്ടി വരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക