|    Aug 23 Wed, 2017 12:08 am
FLASH NEWS

മദ്യവില്‍പനശാല തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഞാറക്കല്‍ പഞ്ചായത്ത്‌

Published : 5th June 2017 | Posted By: fsq

 

വൈപ്പിന്‍ : ഞാറക്കല്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ജനവാസ കേന്ദ്രത്തില്‍ മദ്യവില്പന ശാല വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമമാരംഭിച്ചു. സംസ്ഥാന പാതയില്‍ മദ്യവില്‍പനശാല നടത്തിയിരുന്ന കണ്‍സ്യൂമര്‍ ഫെഡ് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് എസ്പിക്ക് കത്ത് നല്‍കി. ശനിയാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മുഴുവന്‍ പഞ്ചായത്തംഗങ്ങളും എസ്പിയെ നേരില്‍ കണ്ട് ഈ പ്രദേശത്ത് മദ്യവില്‍പനശാല തുടങ്ങിയാലുണ്ടാകാവുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഡിവൈഎസ്പി സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.     ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് 16-ാം വാര്‍ഡിലെ പുതുവല്‍ റോഡില്‍ ടാലന്റ് സ്‌കൂളിന് വടക്കായി ഒരു വീട്ടില്‍ മദ്യം ഇറക്കിയത്. വിവരം അറിഞ്ഞെത്തിയ സ്ത്രീകളടക്കമുള്ള പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മദ്യം തിരികെ കൊണ്ടു പോവുകയായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് ഇടപെടലിനെ തുടര്‍ന്നാണ് രാത്രി തന്നെ മദ്യം തിരിച്ച് കൊണ്ടുപോയത്. പിറ്റേന്ന് പരിസരവാസികള്‍ കെട്ടിടയുടമയുമായി സംസാരിച്ചപ്പോള്‍ മദ്യവില്പനശാലക്ക് വീട് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചിരുന്നു. സാധാരണക്കാര്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് ഇവിടം. ഈ പ്രദേശത്തെ സ്ത്രീകളടക്കം ചെറിയ ജോലികള്‍ക്ക് നഗരത്തില്‍ പോയി ഏറെ വൈകി മടങ്ങുന്നവരാണ്. മദ്യവില്‍പന ശാല ഇവിടെ വന്നാല്‍ ഒട്ടേറെ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക