|    Apr 26 Thu, 2018 11:31 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

മദ്യവിരുദ്ധരുടെ മഹാനടനകാലം

Published : 10th April 2016 | Posted By: SMR

slug-indraprasthamവോട്ട് കിട്ടാനും വോട്ട് തട്ടാനും ഏറ്റവും നല്ല മാധ്യമം മദ്യമാണെന്ന് നാട്ടിലെ സകല ജനങ്ങള്‍ക്കും ബോധ്യമായിരിക്കുന്നു. ഇപ്പോള്‍ മദ്യമാണ് താരം. ജനങ്ങളെ മദ്യവിപത്തില്‍നിന്നു രക്ഷിച്ചേ അടങ്ങൂ എന്ന പിടിവാശിയിലാണ് നമ്മുടെ രാഷ്ട്രീയനേതാക്കള്‍.
മറ്റെല്ലാ രാഷ്ട്രീയപരീക്ഷണങ്ങളെയുംപോലെ മദ്യരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയും തെക്കുതെക്കുള്ള കേരള സംസ്ഥാനം തന്നെ. അമ്പത്തേഴില്‍ ലോകത്ത് ആദ്യമായി ഒരു മുഖ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകളെ ബാലറ്റിലൂടെ അധികാരത്തിലേറ്റി ചരിത്രം സൃഷ്ടിച്ച ജനതയാണ് മലയാളികളുടേത്. വിപ്ലവം തോക്കിന്‍കുഴലിലൂടെ എന്ന് പറഞ്ഞത് ചൈനക്കാരന്‍ മാവോയാണ്. മാവോയ്ക്കു പിന്നീട് മലനാട്ടിലും ധാരാളം അനുയായികളുണ്ടായി. അവര്‍ തിരുനെല്ലിക്കാട്ടിലും മറ്റും ഒളിച്ചുപാര്‍ക്കുന്ന കാലത്ത് ‘ചൈനീസ് ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍’ എന്ന് പാതയോരത്തൊക്കെ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.
ഭാഗ്യത്തിന് മാവോക്ക് കേരളം ഭരിക്കാന്‍ സമയം കിട്ടിയില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. കാരണം, മാവോയ്ക്കു തുല്യമായ ഇഎംഎസിനെ ഈ സംഭവങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ക്കു മുമ്പേ മലയാളികള്‍ അധികാരത്തില്‍ വാഴിച്ചുകഴിഞ്ഞിരുന്നു. നക്‌സലൈറ്റ് സഖാക്കളുടെ പോസ്റ്റര്‍ വിപ്ലവം നടക്കുന്ന കാലത്ത് സഖാവ് നമ്പൂതിരിപ്പാട് 1967ല്‍ വീണ്ടും മുഖ്യമന്ത്രിയായി നാടുവാഴുകയായിരുന്നു.
അക്കാലത്ത് കേരളത്തില്‍ മദ്യനിരോധനം പലേടത്തും നിലനിന്നിരുന്നു. എന്നുവച്ച് ജനം മദ്യത്തോട് സലാംചൊല്ലി മിണ്ടാതിരിക്കുകയായിരുന്നു എന്നൊന്നും കരുതരുത്. അവര്‍ നാടന്‍ വാങ്ങി നാടുനന്നാക്കുക എന്ന സ്വദേശി മുദ്രാവാക്യത്തെ പിന്‍പറ്റി തങ്ങളുടെ സ്വന്തം നിലയില്‍ നാടന്‍ വാറ്റി നാടുനന്നാക്കുന്ന കാലമായിരുന്നു അത്. നാട്ടിന്‍പുറത്തെ സകല വീടുകളിലും സംഗതി ഗംഭീരമായി നിര്‍മിക്കുന്ന കാലം. അടുക്കളപ്പെണ്ണുങ്ങള്‍ കാലത്തെഴുന്നേറ്റ് നെല്ലുകൊയ്യാന്‍ പോവുന്ന കാലം. കൂലിയായി കിട്ടുന്ന നെല്ല് വാറ്റി മൂല്യവര്‍ധിത ഉല്‍പന്നമായി സംഗതി മാറ്റുന്ന കാലം. ജനം പരമാനന്ദമായി പട്ടയടിച്ചു കിറുങ്ങുന്ന കാലം.
അങ്ങനെ മദ്യം ജനകീയോല്‍സവമായി നടക്കുന്ന കാലത്താണ് നമ്പൂതിരിപ്പാട് നിരോധനം വേണ്ടെന്നുവച്ചത്. പിന്നെ കള്ളുഷാപ്പുകളുടെയും ചാരായഷാപ്പുകളുടെയും സുവര്‍ണകാലമായിരുന്നു.
പിന്നീട് രണ്ടുപതിറ്റാണ്ടു കഴിഞ്ഞ് ആന്റണിയുടെ അവതാരകാലത്ത് ചാരായം നിരോധിച്ചതോടെ ജനം വീണ്ടും ജനകീയാസൂത്രണപദ്ധതി വഴി ഉല്‍പാദനരംഗത്തേക്കു തിരിഞ്ഞു. താത്തയുടെയും മണിച്ചന്റെയും ഒക്കെ സുവര്‍ണകാലം വരുന്നത് ഇതിനു ശേഷമാണ്. പഴയമാതിരി വാറ്റാന്‍ നെല്ലും ശര്‍ക്കരയും കശുമാമ്പഴവും ഒന്നും കിട്ടാനില്ലാതായി. നെല്‍കൃഷി കേരളത്തില്‍ കുറ്റിയറ്റുപോയിരുന്നു. കൊയ്യാന്‍ പോയി ജീവിതം മുന്നോട്ടുനീക്കിയ പെണ്ണുങ്ങള്‍ ഗള്‍ഫില്‍ വല്ലവന്റെയും ചട്ടിയും കലവും കഴുകുന്ന പണിയന്വേഷിച്ച് വിമാനം കയറാന്‍ തുടങ്ങിയിരുന്നു. ആണുങ്ങള്‍ ഗള്‍ഫിലും നാട്ടിലുമായി ജീവിതം തള്ളിനീക്കാന്‍ തുടങ്ങിയിരുന്നു. അതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നും ജനം കുടിക്കാന്‍ കള്ളുകിട്ടിയില്ലെങ്കില്‍ പെയിന്റുകാര്‍ ഉപയോഗിക്കുന്ന രാസവിഷം പോലും വലിച്ചുകുടിക്കുമെന്നും ബോധ്യമായതോടെയാണ് ആന്റണി മദ്യവില്‍പന സര്‍ക്കാര്‍വിലാസം ബിവറേജസ് കോര്‍പറേഷന് കുത്തകയായി നല്‍കിയത്.
ഈ ചരിത്രം ഇപ്പോള്‍ വീണ്ടും ഓര്‍ക്കുന്നത് നാട്ടില്‍ തിരഞ്ഞെടുപ്പുകാലത്ത് വീണ്ടും മദ്യം മുഖ്യതാരമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ്. തൃശൂരിലെ എലൈറ്റ് മുതലാളിയുടെ സ്വന്തം വല്‍സലകുമാരനായിരുന്ന സുധീരന്‍ അവര്‍കള്‍ കെപിസിസി അധ്യക്ഷനായതോടെയാണ് മദ്യത്തിന്റെ രാഷ്ട്രീയസാധ്യതകള്‍ വീണ്ടും തെളിഞ്ഞുവന്നത്. കോണ്‍ഗ്രസ്സില്‍ ഒന്നാമനും രണ്ടാമനും മൂന്നാമനും സുധീരന്‍ എന്ന നിലയിലെത്തി കാര്യങ്ങള്‍. ഉമ്മന്‍ചാണ്ടി ഡബിള്‍ സെഞ്ച്വറി അടിച്ച് സുധീരനെ മലര്‍ത്തിയടിക്കുകയും ചെയ്തു.
ഇപ്പോള്‍ ബാറാണ് വോട്ടുപിടിത്തത്തിന്റെ സാധ്യതകള്‍ തുറക്കുന്നത്. സ്ത്രീവോട്ടര്‍മാര്‍ ഹൃദയം തുറന്ന് വോട്ട് ചെയ്യും എന്നാണ് പ്രതീക്ഷ. ഭരണത്തിന്റെ മുഖ്യ നേട്ടമായി അതാണ് ഉയര്‍ത്തിക്കാട്ടുന്നത്. അതോടെ യെച്ചൂരി സഖാവും ബാറുകാര്യത്തില്‍ രംഗത്തുവന്നിരിക്കുന്നു. പൂട്ടിയ ബാറിന്റെ താഴുതുറക്കില്ല എന്ന് സഖാവ്.
അപ്പോള്‍ തിരഞ്ഞെടുപ്പില്‍ ജനം ആര്‍ക്കു വോട്ട് ചെയ്യും? ഇടതും വലതും മദ്യവിരുദ്ധര്‍. വിരുദ്ധന്‍മാരെ മുട്ടി നടക്കാന്‍ വയ്യാത്ത പരുവമായിട്ടുണ്ട് കേരളത്തില്‍. സകല രാഷ്ട്രീയക്കാരും മദ്യവിരുദ്ധര്‍. എന്നിട്ടും ഇക്കണ്ട മദ്യമൊക്കെ കേരളത്തില്‍ ആരാണ് കുടിച്ചു വറ്റിക്കുന്നത് എന്ന ചോദ്യം അപ്പോഴും ബാക്കിനില്‍ക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss