|    Apr 21 Sat, 2018 3:19 am
FLASH NEWS
Home   >  Kerala   >  

മദ്യവര്‍ജനത്തിനായി സഖാക്കള്‍ ഇനി പ്രാര്‍ഥനായജ്ഞവും നടത്തുമോ ?

Published : 6th April 2016 | Posted By: G.A.G

IMTHIHAN-SLUG-352x300ചീഞ്ഞു നാറുന്ന അഴിമതി കഥകള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭക്ക് കേരളത്തിലെ ജനങ്ങള്‍ പൂചെണ്ടു നല്‍കിയ നടപടിയാണ് സംസ്ഥാനത്തെ ഫൈവ്സ്റ്റാര്‍ ഒഴികെയുളള ബാറുകള്‍ അടച്ചു പൂട്ടിയ നടപടി. മകന്‍ മരിച്ചിട്ടായാലും വേണ്ടീല; മരുമോളുടെ കണ്ണീരു കാണുക എന്ന സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് കോണ്‍ഗ്രസിലും രാഷ്ട്രീയത്തില്‍ തന്നെയും വംശനാശം വന്നു കൊണ്ടിരിക്കുന്ന ആദര്‍ശ ജീവികളുടെ നേതാവായ സുധീരനെ അടക്കം കെട്ടാന്‍ വേണ്ടി മനമില്ലാമനസ്സോടെ ചെയ്തതാണെങ്കിലും ഗുണഫലം ലഭിച്ചത് കേരളത്തിലെ ലക്ഷകണക്കായ കുടുംബങ്ങള്‍ക്കും വീട്ടമ്മമാര്‍ക്കുമാണ്.

കൗമാരത്തിലേക്ക് കാലെടുത്തു വെക്കുന്ന തങ്ങളുടെ സന്തതികള്‍ മുതല്‍ കുടുംബത്തിന്റെ നട്ടെല്ലായ ഗൃഹനാഥന്‍മാര്‍ വരെ വിറക്കുന്ന കാലുകളുമായി ആടിയാടി കയറിവരുന്നതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നത് വീട്ടമ്മമാരായിരുന്നുവല്ലോ.
ബാറുകള്‍ അടച്ചു പൂട്ടിയതു കൊണ്ട് കേരളീയര്‍ പൂര്‍ണമായും മദ്യപാനത്തില്‍ നിന്നും മുക്തമായി എന്ന അവകാശവാദം യു.ഡി.എഫിനു പോലും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ  പുതിയൊരു പ്രഭാതത്തിന്റെ വെളളിവെളിച്ചം പല കുടുംബങ്ങളിലും കണ്ടു തുടങ്ങിയിട്ടുണ്ട് എന്നതു ഒരു യാഥാര്‍ത്ഥ്യമാണ്. ഒരു മാതിരി മാന്യതയും വകതിരിവുമുളളവരൊന്നും സുരപാനം നടത്താനായി ബീവറേജസ് കോര്‍പറേഷനു മുമ്പില്‍ ക്യൂ നില്‍ക്കാല്‍ തയ്യാറല്ല എന്നുളളതു കൊണ്ടു കൂടിയാണത്.

മലയാളി കുടുംബങ്ങളില്‍ പുലര്‍ന്ന ഈ പുതിയ അരുണോദയത്തിനു ഗ്രഹണം ബാധിക്കാന്‍ പോകുന്നുവോ? സമുന്നതരായ ചില ഇടതു മുന്നണി നേതാക്കളുടെ പ്രസ്താവനയാണ് ഇത്തരമൊരാശങ്കക്ക് അടിസ്ഥാനം. മദ്യ നിരോധനത്തെ എതിര്‍ത്തു കൊണ്ട് വന്ന സി.പി.എമ്മിന്റെ  പോളിറ്റ്ബ്യൂറോ അംഗം പിണറായിയുടെ പ്രസ്താവനയാണ് ഇതില്‍ പ്രധാനം.
മദ്യ നിരോധനം വ്യാജ മദ്യത്തിന്റെ വ്യാപനത്തിനിടയാക്കുമെന്നും അതിനാല്‍ മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നുമാണ് പിണറായി പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പ് പടി വാതിക്കല്‍ നില്‍ക്കുന്ന ഈ വേളയില്‍ പിണറായി മദ്യ വിരോധികളെ പിണക്കാന്‍ ധൈര്യപ്പെട്ടത് മദ്യപാനികളുടെ വോട്ട് ലക്ഷ്യമാക്കിയാണോ അതല്ല ഭീമമായ മുതല്‍ മുടക്കുളള തിരഞ്ഞെടുപ്പ് മാമാങ്കത്തിനു അബ്കാരികളുടെ പിന്തുണ ഉറപ്പാക്കാനാണോ എന്ന കാര്യം വ്യക്തമല്ല.
ഏതായാലും പിണറായിയെപ്പോലുളള ഒരു നേതാവ് ഒന്നും കാണാതെയങ്ങ് വെടിപോാട്ടിക്കില്ലെന്നുറപ്പ്. പക്ഷേ മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. മദ്യ നയത്തെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ ഇടതു മുന്നണി നേതാക്കള്‍ പറയും മദ്യ വര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന്.
ചോദിക്കട്ടെ, എന്താണ് നാളിതുവരെയായി മദ്യ വര്‍ജനത്തിനായി എന്താണ് മുന്നണിയും ഇടതു പാര്‍ട്ടികളും ചെയ്തിട്ടുളളത്. സംസ്ഥാന വ്യാപകമായി ഇടതു മുന്നണി മദ്യഷാപ്പുകള്‍ക്കു മുമ്പില്‍ ഉപവാസവും പ്രാര്‍ത്ഥനായജ്ഞവും പിക്കറ്റിംഗും സംഘടിപ്പിക്കുന്നു എന്ന ബോര്‍ഡ് വായിക്കാനുളള ഭാഗ്യം ഇതുവരെ  ആര്‍ക്കെങ്കിലും ഉണ്ടായതായി അറിവില്ല.
നിരവധി ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിച്ച പാര്‍ട്ടി ഇക്കാര്യത്തിനായി ജാഗ്രതാ സദസ്സോ മനുഷ്യ ചങ്ങലയോ മതിലോ കെട്ടിയിട്ടുമില്ല. അത്തരമൊന്നു സംഘടിപ്പിക്കുമ്പോള്‍ പോഷക-വര്‍ഗ -ബഹുജന സംഘടന ചങ്ങലയില്‍പ്പെട്ട ചെത്തു തൊഴിലാളി ഫെഡറേഷന്‍ ഭാരവാഹികളെ പരിപാടിയുടെ കണ്‍വീനര്‍മാരാക്കുന്നതിലുളള പ്രായോഗിക വൈരുദ്ധ്യം വൈരുദ്ധ്യത്മക ഭൗതിക വാദത്തിന്റെ വക്താക്കളെ വേട്ടയാടുമെന്നതു കൊണ്ടാണോ എന്നുമറിയില്ല.

മദ്യ നിരോധനത്തിന്റെ കാര്യം പറയുമ്പോഴേക്കും  ചെത്തു തൊഴിലാളികളുടെ തൊഴില്‍ പ്രശനം ഉന്നയിക്കുന്നതാണ് ഇടതു മുന്നണിയുടെ പാരമ്പര്യം. പക്ഷേ എന്തോ ഇത്തവണ അക്കാര്യം ഉന്നയിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ സ്വതന്ത്രന്‍മാരായി വരുന്ന പുത്തന്‍ പണക്കാരായ ചെത്ത് പിളളാര്‍ക്ക് ചെത്ത്കാരുടെ മണം പിടിക്കുന്നില്ലേ… ഏത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss