|    Dec 18 Mon, 2017 2:14 pm
Home   >  Todays Paper  >  Page 5  >  

മദ്യലഭ്യത കുറഞ്ഞു; മയക്കുമരുന്ന് കേസുകളില്‍ 105 ശതമാനം വര്‍ധന

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: മദ്യലഭ്യത കുറഞ്ഞതിനുശേഷം സംസ്ഥാനത്ത് ലഹരിപദാര്‍ഥങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ 105 ശതമാനം വര്‍ധിച്ചതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അബ്കാരി കേസുകളുടെ എണ്ണത്തില്‍ 68 ശതമാനവും എന്‍ഡിപിഎസ് കേസുകളുടെ എണ്ണത്തില്‍ 105 ശതമാനവും കോട്പ കേസുകളുടെ എണ്ണത്തില്‍ 666 ശതമാനവും വര്‍ധനയുണ്ടായി. മദ്യനിയന്ത്രണത്തിനു മുമ്പ് 900 കേസുകളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ 2016 ആയപ്പോഴേക്കും ഇത് 2,500 ആയി. ഇതില്‍ നല്ലൊരു ശതമാനം ആളുകളും പിടിയിലായത് സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍നിന്നാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലഹരിപദാര്‍ഥങ്ങള്‍ പിടിച്ചെടുക്കുന്നതിനായി 64,000 റെയ്ഡുകളാണ് നടത്തിയത്. ഒരുലക്ഷം കിഗ്രാം പാന്‍മസാലകള്‍ പിടികൂടി. 54 ലക്ഷം രൂപ പിഴ ഈടാക്കി. പാന്‍മസാലകള്‍ വിറ്റുവന്നിരുന്ന 40,000ഓളം കടകള്‍ നീക്കം ചെയ്തു. 20,000 ലിറ്റര്‍ അനധികൃത ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 14,000 ലിറ്റര്‍ അരിഷ്ടവും പിടികൂടി. 7,000 ലിറ്റര്‍ കള്ളും 6,000 ലിറ്റര്‍ വ്യാജമദ്യവും 700 ലിറ്റര്‍ സ്പിരിറ്റും 70,000 ലിറ്റര്‍ വാഷും പിടികൂടി. ചെക് പോസ്റ്റുകളില്‍ നടത്തിയ പരിശോധനയില്‍ 612 വാഹനങ്ങള്‍ പിടിച്ചെടുത്തു. കേരളത്തില്‍ കഞ്ചാവ് ഉല്‍പാദനമില്ല. സംസ്ഥാന—ത്തെത്തുന്ന കഞ്ചാവ്, പാന്‍മസാലകളില്‍ 95 ശതമാനവും തമിഴ്‌നാട്ടില്‍നിന്നാണ്. ഇടുക്കിയില്‍ ഒന്നോ രണ്ടോ കേസുകള്‍ മാത്രമാണ് പിടികൂടിയത്. കഞ്ചാവ് പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍നിന്നാണ്. തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് കഞ്ചാവ് കൃഷി വ്യാപകമായി നടക്കുന്നത്. തമിഴ്‌നാട്ടിലെ തേനിയില്‍നിന്ന് രണ്ട്, അഞ്ച്, പത്ത് കിലോ പാക്കറ്റുകളായാണ് കേരളത്തിലെത്തുന്നത്. വോള്‍വോ ബസ്സുകളില്‍ സാധാരണ ലഗേജുകളിലായാണ് ഇത്തരം വസ്തുക്കള്‍ കടത്തുന്നത്. ഇത് തടയുന്നതിനായി പാലക്കാട്, മുത്തങ്ങ, ആര്യങ്കാവ്, അമരവിള, വാളയാര്‍ ചെക്‌പോസ്റ്റുകളില്‍ സ്‌കാനറുകള്‍ സ്ഥാപിക്കും. ഇതിന്റെ ട്രയല്‍ റണ്‍ ഉടന്‍ ആരംഭിക്കും. ട്രെയിനുകളിലൂടെയുള്ള ലഹരികടത്ത് തടയുന്നതിനായി തമിഴ്‌നാടുമായി സഹകരിച്ചുകൊണ്ടുള്ള പരിശോധനകള്‍ നടന്നുവരുകയാണ്. പ്രത്യേക സംഘം രൂപീകരിച്ച് ട്രെയിനുകളില്‍ പരിശോധന പുരോഗമിക്കുകയാണെന്നും ഋഷിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss