|    Aug 18 Fri, 2017 10:01 pm
FLASH NEWS

മദ്യപിച്ച് വാഹനമോടിച്ചു : പോലിസ് പിടിച്ച ബിജെപി പ്രവര്‍ത്തകനെ സിപിഎം നേതാവ് ജാമ്യത്തിലിറക്കി

Published : 9th August 2017 | Posted By: fsq

 

അമ്പലപ്പുഴ: മദ്യലഹരിയില്‍ ഇരുചക്രവാഹനമോടിച്ചതിന് പോലിസ് കസ്റ്റഡിയിലെടുത്ത ബിജെപി പ്രവര്‍ത്തകനെ സിപിഎം നേതാവ് ജാമ്യത്തിലിറക്കിയത് വിവാദമാവുന്നു. പുന്നപ്രയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അറവുകാടിന് സമീപം കോളനി റോഡില്‍ മദ്യലഹരിയില്‍ ലക്കുകെട്ട് ഇരുചക്രവാഹനമോടിക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകനെ മഫ്തിയിലെത്തിയ പോലിസുകാരന്‍ പിടിച്ചു നിര്‍ത്തി.  പ്രദേശത്തെ ഒരു വീട്ടില്‍ സമന്‍സു കൊടുക്കാന്‍ എത്തിയതായിരുന്നു പോലിസുകാരന്‍. ഇദ്ദേഹം വിവരമറിയിച്ചതനുസരിച്ച് പുന്നപ്ര പോലിസെത്തി ഇരുചക്രവാഹനമുള്‍പ്പെടെ ബിജെപി പ്രവര്‍ത്തകെനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ സംഭവമറിഞ്ഞ് കര്‍ഷകസംഘം നേതാവു കൂടിയായ സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ഇയാളെ സ്‌റ്റേഷനില്‍ നിന്ന് ജാമ്യത്തിലിറക്കുകയായിരുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച നേതാവിന്റെ നടപടിയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടായെങ്കിലും പാര്‍ട്ടി അച്ചടക്കം           പാലിച്ച് സംയമനം പാലിക്കുകയായിരുന്നു. അതേസമയം വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളോടനുബന്ധിച്ചു നടക്കുന്ന ബ്രാഞ്ച് യോഗങ്ങളില്‍ സിപിഎം വിഭാഗീയത പൂര്‍വാധികം ശക്തിയോടെ തലപൊക്കുമെന്നാണ് സൂചന. ശത്രു വിഭാഗത്തെ ഒതുക്കുന്നതിന് ഇരു വിഭാഗവും അണിയറ നീക്കം തുടങ്ങിയിട്ടുണ്ട്. പുന്നപ്രയിലേയും അമ്പലപ്പുഴയിലേയും ചില നേതാക്കളുടെ വഴിവിട്ട ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും മറ്റ് ഇടപാടുകളും ബ്രാഞ്ച് മുതല്‍ ഏരിയ സമ്മേളനങ്ങളില്‍ വരെ ചര്‍ച്ചയാകാനാണ് സാധ്യത. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ വെട്ടിനിരത്തലും ഇതോടൊപ്പം നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക