|    Mar 26 Sun, 2017 10:49 pm
FLASH NEWS

മദ്യപിച്ചെന്ന സര്‍ട്ടിഫിക്കറ്റിന് ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവം: പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യൂത്ത് കമ്മീഷന്‍ 

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: മദ്യപിക്കാത്ത ആളെ വേണ്ടത്ര പരിശോധന നടത്താതെ മദ്യപിച്ചെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ യുവ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്ത പോലിസ് ഉേദ്യാഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്റെ ശുപാര്‍ശ.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഏപ്രില്‍ 4ന് അര്‍ധരാത്രി മദ്യപിച്ചതായി ആരോപിച്ച് പോലിസ് മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കിയ മൂന്നു പേരില്‍ ഒരാള്‍ മദ്യപിച്ചിട്ടില്ലെന്ന് വനിതാ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന്, സ്ഥലം സബ് ഇന്‍സ്‌പെക്ടറും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും നേരിട്ടെത്തി മദ്യപിച്ചതായി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, രക്തപരിശോധന നടത്തി മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂ എന്ന നിലപാടില്‍ ഡോക്ടര്‍ ഉറച്ചുനിന്നതിനെ തുടര്‍ന്ന് പോലിസ് പാലോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറില്‍ നിന്നു രക്തപരിശോധന കൂടാതെ മദ്യപിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
ഡോക്ടറായ ഷീബാ ബീവി യുവജന കമ്മീഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ കുറ്റക്കാരിയല്ല എന്നുള്ള അന്വേഷണ റിപോര്‍ട്ട് കമ്മീഷന്‍ മുമ്പാകെ ഫയല്‍ ചെയ്തു.
തുടര്‍ന്ന് നടത്തിയ വിസ്താരത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായതായി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ വി രാജേഷ്, അംഗങ്ങളായ അഡ്വ. ആര്‍ ആര്‍ സഞ്ജയ് കുമാര്‍, അഡ്വ. സ്വപ്‌ന ജോര്‍ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക