|    Mar 26 Sun, 2017 1:16 am
FLASH NEWS

മദ്യനിരോധനം ലംഘിക്കുന്ന ഗ്രാമങ്ങള്‍ക്ക് കൂട്ടപ്പിഴ ചുമത്തുന്നു; കൃത്യവിലോപം നടത്തിയ 10 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 7th August 2016 | Posted By: SMR

പട്‌ന: ബിഹാറില്‍ മദ്യനിരോധനം ലംഘിക്കുന്ന ഗ്രാമങ്ങള്‍ക്ക് കൂട്ടപ്പിഴ ചുമത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ചില ഗ്രാമങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ അയച്ചു.  ഇതിനു തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെങ്കില്‍ ഗ്രാമീണര്‍ ഒന്നടങ്കം പിഴയടക്കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മദ്യനിരോധന നിയമം കര്‍ക്കശമാക്കുന്ന ഭേദഗതി ബില്ല് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിഹാര്‍ നിയമസഭ പാസാക്കിയത്.
ശെയ്ഖ്പുര ജില്ലയിലെ ദാദിതോല ഗ്രാമത്തിലെ താമസക്കാര്‍ക്കാണ് ആദ്യം കാരണംകാണിക്കല്‍ നോട്ടീസ് ലഭിച്ചത്. ഈ ഗ്രാമത്തില്‍ നാടന്‍ ചാരായം സുലഭമായിരുന്നു. എക്‌സൈസ്-പോലിസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് റെയ്ഡ് നടത്തിയിട്ടും കള്ളവാറ്റ് തുടര്‍ന്നു. കഴിഞ്ഞ 10 ദിവസത്തിനകം മൂന്നു തവണ റെയ്ഡ് നടത്തി ചാരായം പിടിച്ചെടുത്തു. എന്നിട്ടും ഫലമൊന്നുമുണ്ടായില്ല. പട്ടികവര്‍ഗക്കാരായ പാവപ്പെട്ടവരാണ് ദാദിതോലയിലെ ഗ്രാമീണര്‍. മഹുവ എന്ന നാടന്‍ ചാരായം വില്‍പനയാണ് അവരുടെ ജീവനോപാധി.  റെയ്ഡ് നടത്തിയിട്ടും കള്ളവാറ്റ് തുടര്‍ന്നതിനാലാണ് തങ്ങള്‍ ഗ്രാമീണര്‍ക്ക് കൂട്ടപ്പിഴ ചുമത്താനുള്ള നിര്‍ദേശം ജില്ലാ മജിസ്‌ട്രേറ്റിനു മുന്നില്‍വച്ചതെന്ന് ശെയ്ഖ്പുര എക്‌സൈസ് സൂപ്രണ്ട് വികേഷ്‌കുമാര്‍ പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ പ്രകാരം ദാദിതോല ഗ്രാമത്തിലെ താമസക്കാര്‍ക്ക് നോട്ടിസ് അയച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് ദിനേശ്കുമാര്‍ അറിയിച്ചു. നിയമത്തിന് ഗ്രാമീണര്‍ വഴങ്ങിയില്ലെങ്കില്‍ പുതിയ നിയമമനുസരിച്ച് കൂട്ടപ്പിഴ ചുമത്തുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാഗല്‍പൂര്‍ ജില്ലയിലെ എക്‌സൈസ് വകുപ്പും അവിടത്തെ ജില്ലാ മജിസ്‌ട്രേറ്റിനു കൂട്ടപ്പിഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കരോരി ബസാര്‍, ദിവാന്‍പോഖര്‍ എന്നീ ഗ്രാമങ്ങള്‍ മദ്യനിരോധനം ലംഘിച്ചുവെന്നാണ് ആരോപണം. ഈ ഗ്രാമങ്ങളില്‍ ജില്ലാ എക്‌സൈസ് പോലിസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ കള്ളച്ചാരായം പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. കരോരി ബസാറിന് ഭാഗല്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ആദേശ് ഭിറ്റര്‍മാര്‍ കാരണംകാണിക്കല്‍ നോട്ടീസയച്ചു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദിവാന്‍പോഖര്‍ ഗ്രാമത്തിനും ഉടന്‍ നോട്ടീസയക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കര്‍ക്കശമായ പുതിയ മദ്യനിരോധന നിയമം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ട 10 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക