|    May 23 Tue, 2017 8:20 pm
FLASH NEWS

മദ്യനിരോധനം: ടൂറിസം വരുമാനത്തില്‍ ഇടിവുണ്ടായെന്ന് മന്ത്രി

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: മദ്യനിരോധനത്തിനുശേഷം ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍. മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും നല്‍കിയ കത്തിലാണ് ടൂറിസം മേഖലയ്ക്കുണ്ടായ നഷ്ടം മന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബാര്‍ സൗകര്യമില്ലാത്തതിനാല്‍ അന്താരാഷ്ട്ര സെമിനാറുകള്‍, യോഗങ്ങള്‍ എന്നിവ കേരളത്തില്‍ നടത്തുന്നതില്‍നിന്ന് കമ്പനികള്‍ പിന്‍മാറിയിട്ടുണ്ട്. കേരളത്തിനു ലഭിക്കേണ്ട വിദേശനാണ്യത്തില്‍ കുറവുണ്ടാവുന്നതിന് ഇത് പ്രധാന കാരണമാണ്. മദ്യം വിളമ്പാതെ വന്നതോടെ കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ കാര്യമായ കുറവുണ്ടായി. ഇത് ടൂറിസം വഴിയുള്ള വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ഇനിയും ഇതേ നയം തുടര്‍ന്നാല്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം മദ്യവര്‍ജനമാണെന്നിരിക്കെ പുതിയ മദ്യനയം രൂപീകരിക്കുമ്പോള്‍ ഈ വസ്തുതകളെല്ലാം കണക്കിലെടുക്കണം.
മദ്യനയം പുനപ്പരിശോധിക്കുമ്പോള്‍ കുറഞ്ഞപക്ഷം ടൂറിസം മേഖലയെ എങ്കിലും നിരോധനത്തിനു കീഴില്‍നിന്ന് ഒഴിവാക്കുന്നത് ആലോചിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍, ബാറുകള്‍ പൂട്ടിയിട്ടും മദ്യ ഉപഭോഗം കൂടിയെന്ന നിലപാടിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന നിലപാടാണ് ആദ്യംമുതല്‍തന്നെ മന്ത്രി സ്വീകരിച്ചിരുന്നത്. കഴിഞ്ഞദിവസം ഒരു ദൃശ്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ടൂറിസം വരുമാനം നിലച്ചാല്‍ മറ്റു പല മേഖലകളെയും ഇതു ബാധിക്കുമെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരിന്റെ മദ്യനയത്തെ കുറിച്ച് സിപിഎം സംസ്ഥാന നേതൃത്വം ചര്‍ച്ച ആരംഭിച്ച സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി തന്നെ ബാറുകള്‍ തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day