|    Apr 27 Fri, 2018 12:51 am
FLASH NEWS
Home   >  Editpage  >  Editorial  >  

മദ്യനയത്തില്‍ ഹിതപരിശോധന

Published : 13th July 2016 | Posted By: SMR

യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തുടരാനല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് എന്ന് ഈയിടെ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ തുറന്നുപറയുകയുണ്ടായി. എക്‌സൈസ് മന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയടക്കം ഇടതുപക്ഷത്തിന്റെ മുഴുവന്‍ നേതാക്കളും പ്രസരിപ്പിക്കുന്ന സന്ദേശവും മറിച്ചൊന്നല്ല- മദ്യനയത്തില്‍ മാറ്റം വരും. പക്ഷേ, എങ്ങനെയായിരിക്കും ആ മാറ്റം എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ നിലപാട് മുമ്പോട്ടുവയ്ക്കപ്പെട്ടിട്ടില്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറയുമെങ്കിലും കൃത്യമായ ഉത്തരം ആരുടെ ഭാഗത്തുനിന്നുമില്ല. മദ്യവും ഭക്ഷണത്തിന്റെ ഭാഗമാണ് എന്നോ മറ്റോ പണ്ട് ഒരു പ്രസംഗത്തിനിടയില്‍ പറഞ്ഞുപോയതിന്റെ പേരില്‍ ഒരുപാട് പഴികേട്ട ഇ പി ജയരാജന്‍പോലും ഇക്കാര്യത്തില്‍ മനസ്സു തുറക്കുന്നില്ല എന്നതാണു സത്യം. എന്തുകൊണ്ട്?
മദ്യത്തിന്റെ കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊന്നും കൃത്യമായ നിലപാടെടുക്കാനാവാത്തതിനു പക്ഷേ, കൃത്യമായ കാരണമുണ്ട്. മദ്യപാനികളാണ് നമുക്കിടയില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നവര്‍. സര്‍ക്കാര്‍ നടന്നുപോവുന്നത് മദ്യവ്യവസായത്തില്‍നിന്നു ലഭിക്കുന്ന നികുതിപ്പണംകൊണ്ടാണ്. മന്ത്രിമാര്‍ ഊരുചുറ്റുന്നതും ഉദ്യോഗസ്ഥര്‍ ശമ്പളം വാങ്ങുന്നതുമെല്ലാം മദ്യപാനത്തിന്റെ വിഹിതം ഉപയോഗിച്ചാണ്. അതിനാല്‍ ബിവറേജസ് കോര്‍പറേഷനെ തൊട്ടൊരു കളിയില്ല. അതേസമയം, മദ്യപാനശീലമുണ്ടാക്കുന്ന മഹാവിപത്തുകളെ അവഗണിക്കാന്‍ സര്‍ക്കാരിനോ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കോ സാധിക്കുന്നുമില്ല. കേരളത്തിലെ നൂറുനൂറായിരം കുടുംബങ്ങളില്‍ മദ്യവിപത്ത് സൃഷ്ടിക്കുന്ന കണ്ണുനീരിന്റെ തോരാമഴയും നെടുവീര്‍പ്പുകളുടെ തീരാച്ചൂടും കണ്ടില്ലെന്നു നടിക്കാനും സര്‍ക്കാരിന് ആവുകയില്ല. അതുകൊണ്ടാണ് ബാറുകള്‍ അടച്ചുപൂട്ടിയ യുഡിഎഫ് സര്‍ക്കാരിന്റെ നയം അപ്പടി മാറ്റിയെഴുതാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവാത്തത്. യുഡിഎഫിന്റെ മദ്യനയം മാറ്റുമെന്ന് എല്‍ഡിഎഫ് പറയും. പക്ഷേ, ഏതു ദിശയിലേക്കായിരിക്കണം ആ മാറ്റത്തിന്റെ കാറ്റ് വീശേണ്ടത് എന്ന കാര്യത്തിലാണ് പ്രശ്‌നം മുഴുവനും കുടികൊള്ളുന്നത്. എങ്ങനെയായാലും അതു ഭരണത്തെയും മുന്നണിയുടെ രാഷ്ട്രീയഭാവിയെയും ബാധിക്കും.
ഈ സാഹചര്യത്തിലാണ് വി എം സുധീരന്‍ മുമ്പോട്ടുവച്ച മദ്യനയത്തെച്ചൊല്ലിയുള്ള ഹിതപരിശോധന എന്ന ആശയം പ്രസക്തമാവുന്നത്. നമ്മുടെ നാട്ടില്‍ നടക്കാറില്ലെങ്കിലും വികസിത ജനാധിപത്യ സമൂഹങ്ങളില്‍ ഹിതപരിശോധന ഏറെ സ്വീകാര്യമായ ഉപാധികളിലൊന്നാണ്. യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്ന കാര്യത്തില്‍ ഈയിടെ ബ്രിട്ടനില്‍ ഹിതപരിശോധന നടന്നു. ഒരു പ്രത്യേക രാജ്യത്തിന്റെ ഭാഗമായി നില്‍ക്കണോ എന്നുപോലും സ്‌കോട്ട്‌ലന്‍ഡും കാറ്റലൂണിയയും മറ്റും ഹിതപരിശോധന വഴിയാണു തീരുമാനിക്കുന്നത്. മദ്യനയം എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്തുകയും അതുവഴി രൂപപ്പെടുന്ന ജനവികാരത്തിനനുസരിച്ച് നയരൂപീകരണം നടത്തുകയും ചെയ്യുന്നതുകൊണ്ട് എന്താണു കുഴപ്പം? അവഗണിച്ചുതള്ളേണ്ട ആശയമല്ല അത് എന്നു തീര്‍ച്ച.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss