മദ്യനയത്തിലെ തിരുത്ത്: മദ്യവിരുദ്ധ ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്
Published : 2nd October 2016 | Posted By: SMR
കൊച്ചി: സംസ്ഥാനത്തെ ഒരു മദ്യശാലയും ഇനി പൂട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ ഇന്ന് കളമശ്ശേരി പ്രീമിയര്‍ ജംങ്ഷനില്‍ 1001 പേരുടെ നില്പു സമരം. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയും കെസിബിസി മദ്യവിരുദ്ധ സമിതിയും സംയുക്തമായാണ് സമരം നടത്തുകയെന്ന് മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, ജനറല്‍ കണ്‍വീനര്‍മാരായ ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍ എന്നിവര്‍ അറിയിച്ചു.
നിലവിലെ മദ്യനയപ്രകാരം എല്ലാവര്‍ഷവും ഗാന്ധി ജയന്തി ദിനത്തില്‍ 10 ശതമാനം ബിവറേജസ് ഔട്ട്ലറ്റുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളും അടച്ചുപൂട്ടിയിരുന്നു. ഈ നയമാണ് ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുന്നത്. ഈ വര്‍ഷം മുതല്‍ അവ അടച്ചുപൂട്ടില്ലെന്നാണ് എക്സൈസ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. നിലപാട് സംസ്ഥാനത്ത് അനിയന്ത്രിതമായി മദ്യം ഒഴുക്കും. മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ഘട്ടം ഘട്ടമായി മദ്യലഭ്യത വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഈ നയം ജനദ്രോഹപരമാണ്.
സുപ്രിംകോടതി പോലും അംഗീകരിച്ച മദ്യനയമാണ് നിലവിലുള്ളത്. ഈ നയം അട്ടിമറിച്ച് കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കങ്ങള്‍ക്കെതിരേ കേരളത്തിലെ മദ്യവിരുദ്ധ കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതി ആരംഭിക്കുന്ന പ്രക്ഷോഭത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും അണിചേരും. ഇന്ന് വൈകുന്നേരം നാലു മുതല്‍ 5.30വരെ കളമശ്ശേരി പ്രീമിയര്‍ ജംങ്ഷനില്‍ നടത്തുന്ന 1001 പേരുടെ നില്പുസമരത്തില് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാര്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍, വൈസ് ചെയര്മാന് ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി, ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ബിഷപ് മാര്‍ തോമസ് ചക്യത്ത്, മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാര്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്, കളമശ്ശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ജെസ്സി പീറ്റര്‍, സമിതി ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, പ്രസാദ് കുരുവിള, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. ആന്റണി അറയ്ക്കല്‍, ടി എം വര്‍ഗീസ് പങ്കെടുക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.