|    Apr 20 Fri, 2018 10:37 am
FLASH NEWS
Home   >  Editpage  >  Editorial  >  

മദ്യനയം: വീണ്ടും സര്‍ക്കാരിനു വിമര്‍ശനം

Published : 24th August 2015 | Posted By: admin

കേരള സര്‍ക്കാരിന്റെ മദ്യനയത്തെ വീണ്ടും സുപ്രിംകോടതി വിമര്‍ശിച്ചിരിക്കുന്നു. അര്‍ധമനസ്സോടെയാണോ കേരള സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയിടാന്‍ തീരുമാനിച്ചതെന്നാണ് ചോദ്യം. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുകയെന്ന നയത്തിന്റെ ഭാഗമായി കുറേ ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ച് വിപ്ലവം സൃഷ്ടിക്കുകയായിരുന്നു കേരള സര്‍ക്കാര്‍. എന്നാല്‍, ഇത് എവിടെയെങ്കിലും കൊണെ്ടത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതുമില്ല.

ഏറെ വിമര്‍ശനവിധേയമായെങ്കിലും ഒരു പരിധിവരെ മദ്യവ്യാപനത്തെ പ്രതിരോധിക്കാന്‍ കഴിയുന്നതായിരുന്നു കേരള സര്‍ക്കാരിന്റെ സമീപനം. മദ്യവിരോധികളായ കേരളീയ പൊതുസമൂഹത്തെ, വിശേഷിച്ച് സ്ത്രീവിഭാഗത്തെ ഏറെ സന്തോഷിപ്പിച്ചതായിരുന്നു ബാറുകള്‍ അടയ്ക്കാനുള്ള തീരുമാനം. ഗവണ്‍മെന്റിന്റെ പ്രതിച്ഛായ പെട്ടെന്നു വര്‍ധിക്കാനും സര്‍ക്കാരിനുള്ള ജനപിന്തുണയുടെ ഗ്രാഫ് പെട്ടെന്ന് ഉയരാനും പ്രസ്തുത സംഭവം ഇടയാക്കി.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ബാര്‍ ഉടമകളുടെ കടുത്ത സമ്മര്‍ദ്ദത്തിനു രായ്ക്കുരാമാനം സര്‍ക്കാര്‍ വഴങ്ങുന്നതായിരുന്നു അടുത്ത രംഗം. മദ്യനയത്തെ സ്വാഗതം ചെയ്തു സന്തോഷിച്ച സര്‍വരെയും അമ്പരപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഇതേ ബാറുകള്‍ക്ക് ബിയര്‍-വൈന്‍ ലൈസന്‍സുകള്‍ അനുവദിച്ചു. കൂട്ടത്തില്‍ നിലവില്‍ ബാര്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്കുകൂടി ബിയര്‍ പാര്‍ലര്‍ അനുമതി കാഴ്ചവച്ചു.

ചുരുക്കിപ്പറഞ്ഞാല്‍, ഏതു കൈ കൊണ്ട് നിഗ്രഹം നടത്തിയോ അതേ കൈ കൊണ്ട് രക്ഷാകവചവും ഏര്‍പ്പെടുത്തി. ബിയര്‍ പാര്‍ലറുകളില്‍ എന്തു വില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം.

എന്നാല്‍, സുപ്രിംകോടതി ഇന്നലെ നടത്തിയ ഒരു നിരീക്ഷണം പ്രത്യേകം പ്രസ്താവ്യമാണ്. ബിയര്‍, വൈന്‍ എന്നിവയും മദ്യത്തില്‍ പെട്ടതുതന്നെയാണ്. ഇവയ്ക്ക് അനുമതി നല്‍കുന്നതിലൂടെ മദ്യനയം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് കേരള സര്‍ക്കാരിന് അര്‍ധമനസ്സാണോ എന്നു സുപ്രിംകോടതി ചോദിച്ചത്.

ബാറുകള്‍ പൂട്ടാതിരിക്കാന്‍ കൈക്കൂലി വാങ്ങിയതായുള്ള ആരോപണമാണല്ലോ മന്ത്രി കെ എം മാണിയും യു.ഡി.എഫ്. മന്ത്രിസഭയും ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കൈക്കൂലിക്കേസ് തേച്ചുമായ്ച്ചുകളയാന്‍ കഴിഞ്ഞേക്കും.

പക്ഷേ, അതുണ്ടാക്കിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളും വിശ്വാസത്തകര്‍ച്ചയും മറികടക്കുകയെന്നത് ക്ഷിപ്രസാധ്യമാണെന്നു തോന്നുന്നില്ല.പക്ഷേ, ബിയറിന്റെ രൂപത്തിലായാലും വൈനിന്റെ മട്ടിലായാലും മദ്യം മദ്യം തന്നെയാണ്. അതു നാട്ടുകാരെക്കൊണ്ട് കുടിപ്പിച്ചേ അടങ്ങൂ എന്ന വാശി എന്തിന്? ഇപ്പോഴത്തെ സുപ്രിംകോടതി പ്രസ്താവനയുടെ ബലത്തിലെങ്കിലും ബിയര്‍-വൈന്‍ അനുമതികള്‍ കൂടി റദ്ദാക്കുകയാണ് വേണ്ടത്.

ഈ നയത്തെക്കുറിച്ച് ബാര്‍ ഉടമകള്‍ക്ക് പരാതി ഇല്ലാത്തതെന്തുകൊണ്ട് എന്നും സുപ്രിംകോടതി ചോദിക്കുകയുണ്ടായി. അതില്‍ത്തന്നെ കാര്യം വ്യക്തമാണ്. അതിനാല്‍, മദ്യനയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി എത്രയും വേഗം അവസാനിപ്പിക്കണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss