|    Oct 24 Tue, 2017 5:01 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മദ്യനയം വിനോദസഞ്ചാര മേഖലയെ തകര്‍ത്തെന്ന് പഠനറിപോര്‍ട്ട്

Published : 19th August 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറച്ചെന്നും ഹോട്ടല്‍-വിനോദവ്യവസായത്തെ തകര്‍ത്തെന്നും വിനോദസഞ്ചാരവകുപ്പിന്റെ പഠനറിപോര്‍ട്ട്.
മദ്യനയത്തിലെ മാറ്റം വിനോദസഞ്ചാരവ്യവസായത്തെ സാരമായി ബാധിച്ചതായി സര്‍വേയില്‍ പങ്കെടുത്ത 32 ശതമാനം ഹോട്ടലുകളും 61 ശതമാനം ടൂര്‍ ഓപറേറ്റര്‍മാരും അഭിപ്രായപ്പെട്ടു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യനയം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും 2012 മുതല്‍ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായി. 2014-15 വര്‍ഷത്തില്‍ വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞു. ഹോട്ടല്‍-റിസോര്‍ട്ട് മാനേജര്‍മാരും ഉടമസ്ഥരും ടൂര്‍ ഓപറേറ്റര്‍മാരും ടൂറിസം വകുപ്പ് നടത്തിയ പഠനത്തില്‍ പങ്കെടുത്തു. ടൂറിസം വകുപ്പിന്റെ ചോദ്യവും അതിന് ഹോട്ടല്‍, റസ്‌റ്റോറന്റ്, ടൂര്‍ ഓപറേറ്റര്‍മാര്‍ നല്‍കിയ മറുപടിയും ക്രോഡീകരിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകത്തിന് 60 ശതമാനം ഹോട്ടല്‍-റിസോര്‍ട്ട് പ്രതിനിധികളും സ്ഥലമാണെന്നാണു മറുപടി നല്‍കിയത്. 35 ശതമാനം ടൂര്‍ ഓപറേറ്റര്‍മാരും ഇതേ മറുപടി നല്‍കി. അതേസമയം, 27 ശതമാനം പേര്‍ വിപണി നിലനിര്‍ത്താനുള്ള പരിശ്രമങ്ങളാണെന്ന് വിശദീകരിച്ചു.
വിനോദസഞ്ചാരമേഖലയിലുണ്ടായ മല്‍സരം വര്‍ധിച്ചത് കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിനെ സാരമായി ബാധിച്ചെന്ന് 13 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ മൈസ് മീറ്റിങ്‌സ്, ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സിങ്, എക്‌സിബിഷന്‍സ് എന്നിവയെ പുതിയ മദ്യനയം പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് 55 ശതമാനം ഹോട്ടല്‍-റിസോര്‍ട്ട് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
കണക്ടിവിറ്റി പ്രശ്‌നമാണ് ഇത്തരം മീറ്റിങുകള്‍ നടത്താന്‍ കഴിയാത്തതെന്നാണ് 11 ശതമാനം ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നത്. അതേസമയം, പുതിയ മദ്യനയമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് 61 ശതമാനം ടൂര്‍ ഓപറേറ്റര്‍മാരുടെ പക്ഷം. കേരളത്തിലെ ടൂറിസം രംഗം മാറണമെങ്കില്‍ മദ്യനയത്തില്‍ മാറ്റംവരുത്തണമെന്ന് പഠനത്തില്‍ പങ്കാളികളായ 103 പ്രതിനിധികളില്‍ 68 പേരും ആവശ്യമുന്നയിച്ചു. 26 ടൂര്‍ ഓപറേറ്റര്‍മാരില്‍ 20 പേരും ഇതേ നിലപാടാണ് സ്വീകരിച്ചത്. മൈസ് മീറ്റിങ്‌സ്, ഇന്‍സെന്റീവ്‌സ്, കോണ്‍ഫറന്‍സിങ്, എക്‌സിബിഷന്‍സ് എന്നിവയുടെ വളര്‍ച്ചാനിരക്കിലും കാര്യമായ ഇടിവുണ്ടായി. 2013ല്‍ 9.1 ശതമാനമായിരുന്ന വളര്‍ച്ചാനിരക്ക് 2015 ആയപ്പോഴേക്കും 0.6 ആയി കുറഞ്ഞതായാണു കണക്ക്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക