|    Sep 23 Sat, 2017 2:13 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മദ്യനയം: യുഡിഎഫില്‍ തര്‍ക്കം

Published : 17th August 2016 | Posted By: SMR

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തെച്ചൊല്ലി മുന്നണിയില്‍  തര്‍ക്കം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരഞ്ഞെടുപ്പില്‍ പൂര്‍ണമായി ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, മദ്യനയം കൂട്ടായെടുത്ത തീരുമാനമാണെന്നും പുനരാലോചിക്കേണ്ട കാര്യമില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ചെന്നിത്തലയുടെ നിലപാട് തള്ളി മുസ്‌ലിംലീഗും രംഗത്തെത്തി.
ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചെന്നിത്തല മദ്യനയത്തിനെതിരേ രംഗത്തെത്തിയത്. മദ്യനയം ജനം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. കുറച്ചുപേരെ സ്വാധീനിച്ചിട്ടുണ്ടാവാമെങ്കിലും പൂര്‍ണരീതിയില്‍ ഗുണം ചെയ്തില്ല. ഇക്കാര്യത്തില്‍  പുനരാലോചന വേണമോയെന്ന കാര്യം പാര്‍ട്ടി ആലോചിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, മദ്യനയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാണെന്നും പുനരാലോചിക്കേണ്ട കാര്യമില്ലെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സമൂഹത്തില്‍ ഫലമുണ്ടാക്കി. കൂട്ടായെടുത്ത തീരുമാനമാണ് മദ്യനയത്തിലേത്. നിലപാടില്‍ മാറ്റമുണ്ടാവില്ല. അഭിമുഖത്തെക്കുറിച്ച് ചെന്നിത്തലയുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കാമെന്നും  സുധീരന്‍ വ്യക്തമാക്കി.
ജനമനസ്സ്  വായിച്ചുള്ള നയമാണ് യുഡിഎഫ് സര്‍ക്കാര്‍ എടുത്തതെന്ന് ടി എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു. അതിനൊപ്പമാണ് പ്രതിപക്ഷ നേതാവ് നില്‍ക്കേണ്ടത്. എല്‍ഡിഎഫിന്റെ നയമല്ല അദ്ദേഹം പറയേണ്ടതെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി.
മദ്യനയമാണ് യുഡിഎഫിന്റെ തോല്‍വിക്ക് ഇടയാക്കിയതെന്ന അഭിപ്രായം ലീഗിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുത്തല്‍ വേണമെന്നു കരുതുന്നില്ല. അന്നു സ്വീകരിച്ച നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണ്. ഇതിന്റെ പേരില്‍ മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. ചെന്നിത്തലയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ യുഡിഎഫാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക