|    Jan 24 Tue, 2017 12:23 am

മദ്യനയം: ടൂറിസം കേന്ദ്രങ്ങള്‍ക്കായി മാനദണ്ഡം നിശ്ചയിക്കണമെന്നു മന്ത്രി

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: മദ്യനയത്തില്‍ പുനരാലോചന വേണമെന്ന നിലപാട് ആവര്‍ത്തിച്ച് ടൂറിസം മന്ത്രി എ സി മൊയ്തീന്‍. ഇതിനായി മാനദണ്ഡം നിശ്ചയിക്കണം. എല്‍ഡിഎഫ് മദ്യനയം ചര്‍ച്ചചെയ്യുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെങ്കിലും മദ്യനയത്തിന്റെ കാര്യത്തില്‍ പുനരാലോചന വേണമെന്നു മന്ത്രി പറഞ്ഞു.
ടൂറിസംവകുപ്പ് നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുകൊണ്ട് മദ്യമൊഴുക്കണം എന്നു പറയുന്നില്ല. ലോകത്ത് ഒരിടത്തും ടൂറിസം കേന്ദ്രങ്ങളില്‍ മദ്യലഭ്യത ഇല്ലാത്ത അവസ്ഥയില്ല. കണ്‍വന്‍ഷന്‍ സെന്ററുകള്‍ക്കു നേരത്തെ മാസത്തില്‍ 20 ബുക്കിങ് വരെ ലഭിച്ചിരുന്നു. എന്നാല്‍ മദ്യനയം നടപ്പാക്കിയതിനു ശേഷം ബുക്കിങ് മാസത്തില്‍ രണ്ടുദിവസം മാത്രമായി. കോണ്‍ഫറന്‍സിനും മറ്റും എത്തുന്നവര്‍ ഒരുദിവസം ഉല്ലസിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അവര്‍ ഇപ്പോള്‍ കേരളത്തെ ഒഴിവാക്കുകയാണ്. ഈ പ്രശ്‌നങ്ങളൊന്നും കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയുടെ വളര്‍ച്ചാനിരക്ക് 2011ല്‍ 11 ശതമാനമുണ്ടായിരുന്നത് അഞ്ചര ശതമാനമായി ഇടിഞ്ഞു. വകുപ്പിനു പുതിയ ടൂറിസം ഉല്‍പന്നങ്ങള്‍ ആവിഷ്‌കരിക്കാനാവാത്തതും മാര്‍ക്കറ്റിങ് ഇടപെടല്‍ നടത്താനാവാത്തതും ഇതിനു പ്രധാന കാരണമാണ്. ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യപ്രശ്‌നമുണ്ട്. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു തദ്ദേശ വകുപ്പുമായി ചേര്‍ന്നു പദ്ധതികള്‍ ആവിഷ്‌കരിക്കും. മുസിരിസ് പൈതൃക പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയതില്‍ നിന്നും മുന്നോട്ടു പോയിട്ടില്ല. തലശ്ശേരിയിലും ആലപ്പുഴയിലും കൂടി പദ്ധതി നടപ്പാക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ടൂറിസത്തിനു മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 700 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
ടൂറിസം രംഗത്തു മല്‍സരം ശക്തമാണ്. മറ്റു സംസ്ഥാനങ്ങളും ശ്രീലങ്ക, മലേസ്യ തുടങ്ങിയ രാജ്യങ്ങളും മല്‍സരരംഗത്തുണ്ട്. പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ അഡ്വഞ്ചര്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കും. കേന്ദ്ര വനം നിയമത്തിന്റെ പേരില്‍ പശ്ചിമഘട്ടത്തില്‍ ടൂറിസം പദ്ധതികള്‍ വിലക്കുന്ന അവസ്ഥയുണ്ട്. ഇതില്‍ ഇളവു നേടുന്നതിനു ശ്രമിക്കും. മലബാര്‍മേഖലയില്‍ ഹൗസ് ബോട്ടുകളുടെ സൗകര്യം ഉപയോഗിക്കും. ബേക്കല്‍, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. സംസ്ഥാനത്തിന്റെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് റെയില്‍വേ സര്‍വീസുകള്‍ നടത്തുന്നതിന് റെയില്‍ മന്ത്രാലയത്തെ സമീപിക്കും. പ്രൊഫഷനലുകളെ ഡിടിപിസി സെക്രട്ടറിമാരായി കരാറടിസ്ഥാനത്തില്‍ നിയമിക്കുമെന്നും മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക