|    Jun 21 Thu, 2018 8:31 am
FLASH NEWS
Home   >  National   >  

മദ്യം നന്നാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രം

Published : 14th September 2016 | Posted By: Navas Ali kn

 

mug of beer

mug of beer

രാജ്യത്തു വില്‍പന നടത്തുന്ന മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ക്കു മദ്യ ഉല്‍പാദന കേന്ദ്രങ്ങള്‍ പരിശോധിക്കാനും റെയ്ഡ് ചെയ്യാനും അവകാശമുണ്ടാവും. മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും ഇതുവരെ ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരുന്നില്ല. കരട് വിജ്ഞാപനത്തിനു കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കുന്നതോടെ ഇത് 2006ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമാവും.
വിഞ്ജാപനം നിയമത്തിന്റെ ഭാഗമാവുന്നതോടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ആല്‍ക്കഹോളിക് ആന്റ് ബിവറേജസ് സ്റ്റാന്‍ഡേര്‍ഡ്‌സ്) റെഗുലേഷന്‍ എന്നാണറിയപ്പെടുക. വൈന്‍, കള്ള് മുതലായവയ്ക്കും വിജ്ഞാപനത്തില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആരോഗ്യത്തെ ബാധിക്കുന്ന ക്രത്രിമ നിറങ്ങള്‍ക്കു പുറമേ ഇപ്പോള്‍ ഉല്‍പാദനത്തില്‍ ഉപയോഗിച്ചു വരുന്ന ക്ലോറല്‍ ഹൈഡ്രേറ്റ്, അമോണിയം ക്‌ളോറൈഡ്, ഡയസോഫാം, കഫീന്‍ തുടങ്ങിയ മാരക വസ്തുക്കള്‍ ഇനിമേലില്‍ ഉപയോഗിക്കരുതെന്നും കരട് വിജ്ഞാപനത്തില്‍ നിര്‍ദേശിക്കുന്നു. സപ്തംബര്‍ അഞ്ചിനു പുറത്തിറക്കിയ കരടു വിജ്ഞാപനത്തില്‍ 30 ദിവസം വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി സിഇഒ പവന്‍ അഗര്‍വാള്‍ പറഞ്ഞു.
കള്ള് ഉള്‍പ്പെടെയുള്ള പ്രാദേശിക മദ്യങ്ങളില്‍ ഒരു തരത്തിലുള്ള രാസവസ്തുക്കളും ചേര്‍ക്കരുത്.
പുതുക്കിയ മാനദണ്ഡമനുസരിച്ചു ഓരോ മദ്യക്കുപ്പിയുടെയും ക്യാനുകളുടെയും പുറത്ത് ഉള്ളിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്കിന്റെ എണ്ണം രേഖപ്പെടുത്തിയിരിക്കണം. ഒരു സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് എന്നാല്‍ 10 ഗ്രാമോ 12.7 മില്ലി ഗ്രാമോ ഈതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമാണ്. ഇതനുസരിച്ച് 750 മില്ലി ബിയര്‍ വൈനില്‍ 12.5 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ഈ കുപ്പിയുടെ പുറത്ത് 7.4 സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് എന്നാണ് രേഖപ്പെടുത്തേണ്ടത്. 375 മില്ലി ബിയര്‍ കാനില്‍ 4.9 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ 1.4 സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് എന്നാണ് അടയാളപ്പെടുത്തേണ്ടത്. 750 മില്ലി വിസ്‌കി ബോട്ടിലിലും റമ്മിലും 36 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ കുപ്പികളില്‍ 22 സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്കുകള്‍ എന്നാണ് രേഖപ്പെടുത്തേണ്ടത്.
ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളില്‍ ബിയറും വൈനും പുറമേ കളളും ഉള്‍പ്പെടും. 30 മില്ലി വിദേശമദ്യം കഴിച്ചാല്‍ ശരീരത്തിലെത്തുന്നത് 10 ഗ്രാം ഈതൈല്‍ ആല്‍ക്കഹോളാണ്. 100,250 മില്ലിലിറ്റര്‍ വൈനിലും 250,300 മില്ലി ബിയറിലും ഇതേ അളവില്‍ തന്നെ ആല്‍ക്കഹോളുണ്ട്. അതായത് നാലു സ്‌മോള്‍ കഴിക്കുന്ന ആള്‍ അകത്താക്കുന്നതിനെക്കാള്‍ ആല്‍ക്കഹോളാണ് രണ്ടു കുപ്പി ബിയര്‍ കുടിക്കുന്നയാളുടെ ഉളളിലെത്തുന്നത്. 30 മില്ലിലിറ്റര്‍ വിദേശമദ്യം, 100 മില്ലിലിറ്റര്‍ വൈന്‍, 250 മില്ലി ബിയര്‍, 500 മില്ലി ലിറ്റര്‍ കള്ള് എന്നിവയില്‍ ആല്‍ക്കഹോളിന്റെ അംശം ഒരേ അളവിലാണ്.
എന്നാല്‍, മദ്യത്തിന്‍മേല്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ പുതിയ മാനദണ്ഡങ്ങളില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ലേബലില്‍ സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്കുകളുടെ എണ്ണം രേഖപ്പെടുത്തിയതു കൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും രാജ്യത്തെ ജനങ്ങളുടെ മദ്യപാനശീലത്തെ നിയന്ത്രിക്കുന്ന നടപടികളാണു വേണ്ടതെന്നുമാണ് ഇവര്‍ വിമര്‍ശിക്കുന്നത്.
വൈന്‍ ബോട്ടിലുകള്‍ക്കു പുറത്ത് മുന്തിരി ഏതു തരത്തിലുള്ളതാണെന്നും മറ്റു ചേരുവുകളുടെ പേരും രേഖപ്പെടുത്തണം. ഒരു വൈന്‍ ബോട്ടിലിന്റെ പുറത്ത് നിര്‍മാണം നടന്ന സ്ഥലത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വൈന്‍ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിച്ച മുന്തിരിയുടെ 75 ശതമാനവും ആ പ്രദേശത്തു നിന്നുള്ളതായിരിക്കണം തുടങ്ങിയ വിചിത്രമായ നിര്‍ദേശങ്ങളും ഭക്ഷ്യസുരക്ഷ അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss