|    Jan 16 Mon, 2017 4:43 pm

മദീന, ഖത്വീഫ് സ്‌ഫോടനങ്ങള്‍: 19 പേര്‍ അറസ്റ്റില്‍

Published : 9th July 2016 | Posted By: SMR

ജിദ്ദ: കഴിഞ്ഞ തിങ്കളാഴ്ച മദീനയിലും ഖത്വീഫിലും സ്‌ഫോടനം നടത്തിയവരെ തിരിച്ചറിഞ്ഞു. മദീനയില്‍ മസ്ജിദുന്നബവിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങളും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. രണ്ടു സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 19 പേരെ പിടികൂടി. ഇവരില്‍ 12 പേര്‍ പാകിസ്താനികളും ഏഴു പേര്‍ സൗദികളുമാണ്.
നാഇര്‍ മുസല്ലം ഹമ്മാദ് അല്‍നുജയ്ദി അല്‍ബലവി എന്ന 26കാരനായ സ്വദേശി യുവാവാണ് മസ്ജിദുന്നബവിക്കു സമീപം സ്‌ഫോടനം നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. ഖത്വീഫിലെ ശിയാ പള്ളിയില്‍ അബ്ദുല്‍ റഹ്മാന്‍ സാലിഹ് മുഹമ്മദ് അല്‍ ഇമര്‍ (23), ഇബ്രാഹീം സാലിഹ് മുഹമ്മദ് അല്‍ ഇമര്‍ (20) എന്നീ സഹോദരന്മാരും അബ്ദുല്‍ കരീം ഇബ്രാഹീം മുഹമ്മദ് അല്‍ ഹസ്‌നി (20) എന്നയാളുമാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനങ്ങളുണ്ടായ സ്ഥലങ്ങളില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ നിന്ന് നിട്രോഗ്ലിസറിന്‍ എന്ന ഉഗ്ര സ്‌ഫോടകശേഷിയുള്ള വസ്തുവാണ് ഉപയോഗിച്ചതെന്നു കണ്ടെത്തി. ജിദ്ദയില്‍ സുലൈമാന്‍ ഫഖീഹ് ആശുപത്രിക്കു സമീപമുണ്ടായ ആക്രമണത്തിലും ഇതേ സ്‌ഫോടകവസ്തുവാണ് ഉപയോഗിച്ചിരുന്നത്.
മസ്ജിദുന്നബവിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ നജി സലീം അല്‍ജനാഹി, ഹാനി ബിന്‍ സലിം അല്‍സുബ്ഹി, മുഹമ്മദ് ബിന്‍ മുഅത്തദ് ഹിലാല്‍ അല്‍ മുവലാദ്, അബ്ദുല്‍ മജീദ് ബിന്‍ അബ്ദുല്ല അല്‍ഹര്‍ബി എന്നീ സൈനികരാണു കൊല്ലപ്പെട്ടത്. ജൂലൈ നാല് തിങ്കളാഴ്ച നോമ്പുതുറ സമയത്തായിരുന്നു മദീനയിലും ഖത്വീഫിലും സ്‌ഫോടനം. ജൂലൈ മൂന്നിന് ഞായറാഴ്ച രാത്രി ജിദ്ദയിലെ അമേരിക്ക കോണ്‍സുലേറ്റിനു സമീപമുള്ള സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ കാര്‍ പാര്‍ക്കിങ് ഭാഗത്തും സ്‌ഫോടനമുണ്ടായിരുന്നു. ജിദ്ദയില്‍ സ്‌ഫോടനം നടത്താനെത്തിയ ഒരാളും ഖത്വീഫില്‍ സ്‌ഫോടനം നടത്താനെത്തിയ മൂന്നുപേരുമാണു മരിച്ചത്. രണ്ടു സ്ഥലത്തും അക്രമികള്‍ക്കു മാത്രമാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍, മദീനയില്‍ നാല് സൈനികരുടെ ജീവന്‍ അപഹരിക്കാന്‍ അക്രമികള്‍ക്കു സാധിച്ചു. ജിദ്ദയില്‍ സ്‌ഫോടനം നടത്തിയത് സൗദിയില്‍ 12 വര്‍ഷമായി കഴിയുന്ന 30കാരനായ പാകിസ്താനി അബ്ദുല്ല ഗുല്‍സാര്‍ ഖാന്‍ ആണെന്ന് സുരക്ഷാ വിഭാഗം നേരത്തേ കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക