|    Jan 19 Thu, 2017 5:45 am
FLASH NEWS

മദറില്‍ വീണ്ടും നഴ്‌സുമാര്‍ സമരത്തിനൊരുങ്ങുന്നു

Published : 29th January 2016 | Posted By: swapna en

തൃശൂര്‍: പൊതുമാനദണ്ഡം നിഷേധിച്ച് തൊഴിലാളി വിരുദ്ധ നിലപാട് തുടരുന്ന തൃശൂരിലെ മദര്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെ വീണ്ടും നഴ്‌സുമാര്‍ സമരത്തിന് ഒരുങ്ങുന്നു. കോടതിയും തൊഴില്‍വകുപ്പ് അധികൃതരും നല്‍കിയ നിര്‍ദേശങ്ങളെ അവഗണിച്ചുള്ള മാനേജ്‌മെന്റ് നഴ്‌സുമാരുടെ ത്രീ ഷിഫ്റ്റ് സമ്പ്രദായം അട്ടിമറിച്ചതാണ് ഇതിന് കാരണം. ജില്ലയിലെ തന്നെ മറ്റുമാനേജ്‌മെന്റുകള്‍ ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയിട്ടും മദറില്‍ ഇപ്പോഴും ഏഴ്, മൂന്ന് എന്ന രീതിയില്‍ ടു ഷിഫ്റ്റാണ് തുടരുന്നത്. മറ്റിടങ്ങളിലേത് പോലെ ഇവിടെയും ആറ്-ആറ്-12 എന്ന രീതിയില്‍ ത്രീ ഷിഫ്റ്റ് നടപ്പാക്കണമെന്ന യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) യൂനിറ്റ് ഒരു വര്‍ഷമായി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അനുകൂല നടപടിയില്ല. മാസങ്ങളോളം ആശുപത്രി അധികൃതരും യുഎന്‍എ ഭാരവാഹികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനങ്ങള്‍ നടപ്പാകുന്നില്ല. രണ്ട് ഷിഫ്റ്റ് അനുസരിച്ച് ജോലിക്കെത്തണമെന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ വീടുള്ളവര്‍ക്ക് ഗതാഗത സംവിധാനം ഒരുക്കാമെന്നും അല്ലാത്തവര്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ആശുപത്രിയില്‍ തങ്ങണമെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്.അതേസമയം, 2012 മാര്‍ച്ച് 13ന് ഉണ്ടായ തീരുമാനപ്രകാരം മദറില്‍ ഒന്നാം ഷിഫ്റ്റ് രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 1.30 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് ഏഴ് വരെയും മൂന്നാം ഷിഫ്റ്റ് വൈകീട്ട് 6.30മുതല്‍ അടുത്ത ദിവസം രാവിലെ ഏഴ് വരെയുമായി നിശ്ചയിച്ചതാണ്. ഇതുസംബന്ധിച്ച ഒത്തുതീര്‍പ്പ് ധാരണയില്‍ യാതൊരു കാലാവധിയും പറഞ്ഞിരുന്നില്ല. അതുകൊണ്ട് ആറ് മാസത്തെ കാലാവധിയേയുള്ളൂവെന്നും അതിനാല്‍ തീരുമാനം റദ്ദാക്കുകയാണെന്നും പറഞ്ഞാണ് ത്രീ ഷിഫ്റ്റ് സമ്പ്രദായം മദറില്‍ അട്ടിമറിച്ചത്. ജില്ലാ ലേബര്‍ ഓഫിസിലേക്ക് തര്‍ക്കം വലിച്ചിഴക്കപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരും തൊഴില്‍ ചട്ടപ്രകാരം ത്രി ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മാനേജ്‌മെന്റ് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. മദര്‍ വിഷയത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്. അതിന് മുമ്പ് ആശുപത്രി അധികൃതരും അസോസിയേഷനും തമ്മില്‍ ധാരണയാകണമെന്നും നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍, ഇന്നലെ ചര്‍ച്ചക്കെത്തിയ യുഎന്‍എ ജില്ലാ പ്രസിഡന്റ് പി എഫ് ജിന്‍സിയെ മറ്റൊരു ആശുപത്രിയിലെ ജീവനക്കാരിയാണെന്ന് പറഞ്ഞ് മാനേജ്‌മെന്റ് പുറത്ത് നിര്‍ത്തി. ഇത് അംഗീകരിക്കാനാവില്ലെന്നും ജില്ലാ ലേബര്‍ ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് ഇരുവിഭാഗങ്ങളും ധാരണയിലെത്തുന്നതിനുള്ള ചര്‍ച്ചയില്‍ ജില്ലാ പ്രസിഡന്റ് എത്തിയതെന്നും യൂനിറ്റ് നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റിനെ പങ്കെടുപ്പിക്കാത്ത ചര്‍ച്ചയ്ക്ക് തങ്ങളും ഇല്ലെന്ന് പറഞ്ഞ് യൂനിറ്റ് ഭാരവാഹികളും പുറത്തിറങ്ങി. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് പങ്കെടുത്ത ഡോ. ഹക്കീമാണ് യുഎന്‍എ ജില്ലാ പ്രസിഡന്റിനെ പുറത്തുനിര്‍ത്തിയത്. ജില്ലാ സെക്രട്ടറി കൂടിയായ മദറിലെ രശ്മി പരമേശ്വരന്‍, മദര്‍ യൂനിറ്റ് പ്രസിഡന്റ് അരുണ്‍ വില്‍സണ്‍, വൈസ് പ്രസിഡന്റ് ജിബിന്‍ എന്നിവരാണ് ചര്‍ച്ചയ്ക്ക് എത്തിയത്. വിഷയം ഇന്ന് ജില്ലാ ലേബര്‍ ഓഫിസറെ നേരില്‍ ധരിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. എല്ലാവര്‍ക്കും ബാധകമായ ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ തൊഴില്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക