|    Jul 20 Thu, 2017 6:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മദര്‍ തെരേസയുടെ വിശുദ്ധപദവി; പുണ്യ സ്മൃതിയില്‍ വരാപ്പുഴ അതിമെത്രാസന മന്ദിരം

Published : 4th September 2016 | Posted By: SMR

കൊച്ചി: വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കല്‍ക്കട്ടയിലെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ കേരളത്തിലെ ലത്തീന്‍ ഹയറാര്‍ക്കിയുടെ പ്രഥമ കേന്ദ്രമായ വരാപ്പുഴ അതിമെത്രാസന മന്ദിരവും സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലും ആ പുണ്യവതിയുടെ വിശുദ്ധ സാന്നിധ്യത്തിന്റെ ഓര്‍മ പുതുക്കി സ്‌തോത്രഗീതിയില്‍ പങ്കുചേരും.
കൊച്ചിയില്‍ മിഷനറീസ് ഓഫ് ചാരിറ്റി നിര്‍മല ശിശുഭവന്‍ ആരംഭിച്ചതിന് ശേഷം കേരളത്തിലെത്തുമ്പോള്‍ മിക്കപ്പോഴും മദര്‍ തെരേസ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കേളന്തറയുടെയും ആര്‍ച്ച് ബിഷപ് ഡോ. കൊര്‍ണേലിയസ് ഇലഞ്ഞിക്കലിന്റെയും കാലത്ത് പലവട്ടം മദര്‍ അതിമെത്രാസന മന്ദിരത്തില്‍ എത്തിയിട്ടുണ്ട്. 1989 ജനുവരി മൂന്നിന് ആര്‍ച്ച് ബിഷപ് ഡോ. കൊര്‍ണേലിയസ് ഇലഞ്ഞിക്കലിന്റെ സാന്നിധ്യത്തില്‍ മദര്‍ തെരേസ അതിരൂപതയിലെയും സമീപ പ്രദേശങ്ങളിലെയും വൈദികരുടെ യോഗത്തില്‍ സംസാരിച്ചു.
94 ജനുവരി 18ന് വീണ്ടും മദര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ എത്തിയിരുന്നതായി വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ അനുസ്മരിച്ചു. അതിമെത്രാസന മന്ദിരം സന്ദര്‍ശിച്ച വിശുദ്ധരില്‍ മൂന്നാമത്തെയാളാണ് മദര്‍ തെരേസ.
പോളണ്ടുകാരനായ ഫ്രാന്‍സിസ്‌കന്‍ സന്യാസി വിശുദ്ധ മാക്‌സിമിലിയന്‍ കോള്‍ബെ 1932 ജൂണ്‍ 26, 27 തിയ്യതികളില്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ആര്‍ച്ച് ബിഷപ് ഡോ. എയ്ഞ്ചല്‍ മേരിയുടെ കാലത്തായിരുന്നു ആ സന്ദര്‍ശനം.
മാക്‌സിമിലിയന്‍ കോള്‍ബെയെ വിശുദ്ധനായി പ്രഖ്യാപിച്ച പോളണ്ടുകാരനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ രണ്ടു ദിവസം താമസിക്കുകയുണ്ടായി. തന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് 1986 ഫെബ്രുവരി ഏഴു മുതല്‍ ഒമ്പതുവരെ ജോണ്‍ പോള്‍ പാപ്പ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ കേരളത്തിലെ ക്രൈസ്തവ മേലധ്യക്ഷന്മാരെയും അക്രൈസ്തവ മതനേതാക്കളെയും കാണുകയും പ്രാര്‍ഥനയില്‍ മുഴുകുകയും അന്തിയുറങ്ങുകയും പ്രാതല്‍ കഴിക്കുകയും മറ്റും ചെയ്തത്.
മദര്‍ തെരേസയുടെ നാമകരണ പ്രഖ്യാപനത്തിന്റെ വത്തിക്കാനില്‍ നിന്നുള്ള സംപ്രേഷണം തല്‍സമയം വല്ലാര്‍പാടം ബസിലിക്കയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക