|    Jan 23 Mon, 2017 6:22 pm
FLASH NEWS

മത്തിയുടെ ക്ഷാമം: 150 കോടിയുടെ സാമ്പത്തികനഷ്ടമെന്ന് പഠനം

Published : 8th July 2016 | Posted By: SMR

കൊച്ചി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മത്തിയുടെ ഗണ്യമായ കുറവുമൂലം 150 കോടി രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠന റിപോര്‍ട്ട്. മത്തിയുടെ ക്ഷാമം മൂലം മല്‍സ്യമേഖലയില്‍ 28.2 ശതമാനം തൊഴില്‍ കുറയുകയും മത്തിയുടെ വിലയില്‍ 60 ശതമാനം വര്‍ധന ഉണ്ടാവുകയും ചെയ്തതായി സിഎംഎഫ്ആര്‍ഐയിലെ ഫിഷറി എന്‍വയണ്‍മെന്റ് ആന്റ് മാനേജ്‌മെന്റ് ഡിവിഷന്‍ മേധാവി ഡോ. വി കൃപയുടെ നേതൃത്വത്തില്‍ നടന്ന പഠന റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതു മല്‍സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ മല്‍സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സിഎംഎഫ്ആര്‍ഐയില്‍ വിളിച്ചുചേര്‍ത്ത ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങളുടെ സംയുക്ത യോഗത്തിലാണ് മത്തിയുടെ കുറവുമായി ബന്ധപ്പെട്ട പഠന റിപോര്‍ട്ട് സിഎംഎഫ്ആര്‍ഐ മന്ത്രിക്ക് സമര്‍പ്പിച്ചത്. അതിരുകടന്നുള്ള മല്‍സ്യബന്ധനം, മത്തിയുടെ പ്രജനനസമയത്തിലെ മാറ്റം, എല്‍ നിനോ പ്രതിഭാസം, അമിതമായതോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് തുടങ്ങിയവയാണ് ജനകീയ മല്‍സ്യമായ മത്തി കുറയുന്നതിനുള്ള പ്രധാന കാരണങ്ങളായി റിപോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്. 2010-2012 കാലയളവില്‍ വന്‍തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മത്തി കുറയുന്നതിന് ഒരു പ്രധാന കാരണമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മത്തിയുടെ ലഭ്യതയില്‍ ഈ വര്‍ഷം വര്‍ധനയ്ക്ക് സാധ്യതയില്ലെന്നും പഠനത്തിലുണ്ട്.
കുഞ്ഞുമല്‍സ്യങ്ങളെ പിടിക്കുന്നതിലുള്ള നിരോധനം കൂടുതല്‍ ശക്തമാക്കണമെന്ന് സിഎംഎഫ്ആര്‍ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മല്‍സ്യബന്ധനവലയുടെ നീളം കുറയ്ക്കണമെന്നും മറ്റു കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും സംസ്ഥാനത്തെ ഫിഷറീസ് മേഖലയുടെ വികസനത്തിന് ഏതുതരത്തിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സിഎംഎഫ്ആര്‍ഐ ഒരുക്കമാണെന്നും ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഗവേഷണസ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രവിദ്യകള്‍ യഥാസമയം മല്‍സ്യത്തൊഴിലാളികളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം കൊണ്ടുവരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതിനായി എല്ലാ ഗവേഷണസ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുമെന്നും നിശ്ചിത സമയപരിധിയില്‍ സമിതി യോഗം ചേരുമെന്നും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക