|    Dec 14 Fri, 2018 11:46 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മതേതര രാഷ്ട്രീയം കളി ജയിച്ചുതുടങ്ങുന്നു

Published : 2nd June 2018 | Posted By: kasim kzm

ഈയിടെ നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി വിരല്‍ചൂണ്ടുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദിശാമാറ്റങ്ങളിലേക്കാണ്. രാജ്യമൊട്ടാകെ സ്വാധീനം നേടിക്കഴിഞ്ഞു എന്നു കരുതപ്പെടുന്ന ബിജെപി കനത്ത തിരിച്ചടി നേരിടുകയാണ്. സിറ്റിങ് സീറ്റുകളായ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണം ബിജെപിക്കു നഷ്ടപ്പെട്ടു. 11 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപി നേടിയത്. ബിജെപിയുടെ സഖ്യകക്ഷികള്‍ക്കും പരാജയത്തിന്റെ രുചി അറിയേണ്ടിവന്നു. കേരളത്തിലെ ചെങ്ങന്നൂരില്‍ വിജയപ്രതീക്ഷയുമായി കൊട്ടിഘോഷത്തോടെ തിരഞ്ഞെടുപ്പ് രംഗത്തെത്തിയ ബിജെപി മൂന്നാംസ്ഥാനത്തായെന്നു മാത്രമല്ല, വന്‍തോതില്‍ വോട്ട് കുറയുകയും ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് നരേന്ദ്രമോദിയുടെ പ്രതിച്ഛായയും കടുത്ത ഹിന്ദുത്വവാദവും മാത്രം കൊണ്ട് പിടിച്ചുനില്‍ക്കാന്‍ സംഘപരിവാര രാഷ്ട്രീയത്തിനു സാധിക്കുകയില്ലെന്നുതന്നെയാണ്. ജനങ്ങള്‍ മോദിയെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. പ്രചാരണഘോഷങ്ങളുടെ നീര്‍ക്കുമിള പൊട്ടിക്കഴിഞ്ഞു. പാണ്ടന്‍നായയുടെ പല്ലിന്റെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലെന്നതാണു സത്യം.
തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ഏറ്റവും വലിയ പാഠം രാജ്യത്തെ മതേതരശക്തികള്‍ ഒന്നിച്ചുനിന്നാല്‍ ഹിന്ദുത്വ വര്‍ഗീയതയെ തോല്‍പിക്കാന്‍ പ്രയാസമില്ലെന്നതാണ്. നേരത്തേ ഫൂല്‍പൂരിലും ഗോരഖ്പൂരിലും പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ് യുപിയിലെ കൈരാനയില്‍ പ്രതിപക്ഷം പയറ്റിയത്. ആ തന്ത്രം വിജയിച്ചു. ജനാധിപത്യ മതേതര കക്ഷികള്‍ക്ക് ഈ ഐക്യം നിലനിര്‍ത്താന്‍ സാധിച്ചാല്‍ 2019ല്‍ ഇന്ത്യയിലുടനീളം ഈ വിജയം ആവര്‍ത്തിക്കുക പ്രയാസകരമല്ല. എന്നാല്‍, പ്രതിപക്ഷ കക്ഷികള്‍ക്ക് അതു സാധിക്കുമോ എന്നാണു കണ്ടറിയേണ്ടത്. അന്ധമായ കോണ്‍ഗ്രസ് വിരോധം, അനാരോഗ്യകരമായ പ്രാദേശികവാദങ്ങള്‍, അധികാരത്തോടുള്ള ആര്‍ത്തിമൂലം എളുപ്പത്തില്‍ മറുകണ്ടം ചാടുന്ന ചെറുപാര്‍ട്ടികളുടെ പ്രവണത- ഇതെല്ലാം ഒഴിവാക്കിയാല്‍ മാത്രമേ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുകയുള്ളൂ.
ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് വിധിയും മതേതര രാഷ്ട്രീയം കളി ജയിച്ചുതുടങ്ങുന്നതിന്റെ സൂചനയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വോട്ട് വര്‍ധന ആശങ്കാജനകമായിരുന്നു. ഈ വര്‍ധന കോണ്‍ഗ്രസ്സിനെ ചില തിരിച്ചറിവുകളിലേക്കു നയിച്ചു. തങ്ങളുടെ വോട്ടുകളാണ് ബിജെപിയിലേക്കൊഴുകിയത് എന്നു കണ്ടെത്തി ഉപതിരഞ്ഞെടുപ്പില്‍ അവ തിരിച്ചുപിടിക്കാന്‍ വേണ്ടി ഹിന്ദു സംഘടനകള്‍ക്ക് അഭിമതനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണ് യുഡിഎഫ് ചെയ്തത്. അദ്ദേഹം ആര്‍എസ്എസ് അനുഭാവിയാണെന്ന പ്രചാരണമുണ്ടാവുകയും ചെയ്തു. പക്ഷേ, സമ്മതിദായകര്‍ ചെയ്തത് ബിജെപിയുടെ തുറന്ന ഹിന്ദുത്വത്തെയും കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വത്തെയും ഒരുമിച്ചു തോല്‍പിക്കുകയാണ്. പിണറായി മന്ത്രിസഭ ഭരിച്ചു കുളമാക്കിയ അവസ്ഥയിലും കേരളത്തില്‍ എല്‍ഡിഎഫ് ജയിച്ചത് മതേതരവാദികളുടെ ഈ സമീപനംകൊണ്ടു മാത്രമല്ലേ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss